അച്ഛനമ്മമാരുടെ 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചില്ലെങ്കില്‍ പിന്നെന്ത് ആഘോഷം. ജീവിതം ത്യജിച്ച് വളര്‍ത്തിയതിന് നല്‍കാവുന്ന യഥാര്‍ത്ഥ പാരിതോഷികം

അച്ഛനമ്മമാരുടെ 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചില്ലെങ്കില്‍ പിന്നെന്ത് ആഘോഷം. ജീവിതം ത്യജിച്ച് വളര്‍ത്തിയതിന് നല്‍കാവുന്ന യഥാര്‍ത്ഥ പാരിതോഷികം

ജീവിതത്തില്‍ എന്നും താങ്ങും തണലായ അച്ഛനമ്മമാരുടെ25-ാം വിവാഹ വാര്‍ഷികം എങ്ങനെ അടിച്ചുപോളിക്കാം എന്നതില്‍ മാത്രമേ എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകൂ. ആ ദിനത്തിലെ ആഘോഷം തീര്‍ത്തും സര്‍പ്രൈസ് ആക്കാനായിരിക്കും ഭൂരിഭാഗം മക്കളുടേയും ശ്രമം.


പ്രണയവും പരസ്പര വിശ്വാസവും ഇഴചേര്‍ന്നുള്ള അച്ഛനമ്മമാരുടെ ദാമ്പത്യത്തിന്റെ കാല്‍നൂറ്റാണ്ട് തികയുന്ന ദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കാത്ത മക്കളുണ്ടാകില്ല. ജീവിതത്തില്‍ എന്നും താങ്ങും തണലായ അവരുടെ 25-ാം വിവാഹ വാര്‍ഷികം എങ്ങനെ അടിച്ചുപൊളിക്കാം എന്നതില്‍ മാത്രമേ എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകൂ. ആ ദിനത്തിലെ ആഘോഷം തീര്‍ത്തും സര്‍പ്രൈസ് ആക്കാനായിരിക്കും ഭൂരിഭാഗം മക്കളുടേയും ശ്രമം. അതിന് മുന്‍കൂട്ടിയുള്ള ആസൂത്രണം അനിവാര്യം. വിവാഹ ജീവിതത്തിലെ കാല്‍സെഞ്ച്വറി കൊണ്ടാടുന്നതിനൊപ്പം മാതാപിതാക്കളോടുള്ള സ്നേഹം ഉള്ളുതുറന്ന് കാണിക്കാന്‍ മക്കള്‍ക്ക് ലഭിക്കുന്ന അസുലഭ അവസരം കൂടിയാണത്. ഇത്രയും കാലം തങ്ങളുടെ ജീവിതസുഖങ്ങളെല്ലാം തൃജിച്ച് ഒരു കുറവും അറിയിക്കാതെ പൊന്നുപോലെ നോക്കിയതിന് തിരിച്ചു നല്‍കാന്‍ കഴിയുന്ന ഒരു സ്നേഹോപഹാരം കൂടിയാണ് അതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അച്ഛനമ്മമാര്‍ക്ക് വേണ്ടി ഒരു ആഘോഷ പരിപാടി ഒരുക്കുക വളരെ സിംപിളാണ്. പക്ഷെ തീര്‍ത്തും രഹസ്യ സ്വഭാവം നിലനിര്‍ത്തി സര്‍പ്രൈസായി അതൊരുക്കുക വലിയ വെല്ലുവിളിയും. ആ വെല്ലുവിളി മറികടന്ന് മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം എന്നെന്നും ഓര്‍മ്മയില്‍ തങ്ങുന്ന ഒന്നാക്കി മാറ്റാനുള്ള വഴികളിതാ..

സ്റ്റെപ്പ് 1

ആഘോഷ ചടങ്ങിനുള്ള ബജറ്റ് നിശ്ചയിക്കുക. ക്ഷണക്കത്ത്, വേദി, അലങ്കാരങ്ങള്‍, സദ്യ, അച്ഛനമ്മമാര്‍ക്ക് നല്‍കേണ്ട സമ്മാനം തുടങ്ങി ചടങ്ങിന് വേണ്ട കാര്യങ്ങളെ കുറിച്ച് ലിസ്റ്റ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം ഓരോ കാര്യത്തിനും ശരാശരി എത്ര പണം വീതം നീക്കിവെക്കണമെന്ന് തീരുമാനിക്കണം. അതുവഴി പരിപാടിയ്ക്ക് എത്രപണം ചെലവാകുമെന്ന് മുന്‍കൂട്ടി തിട്ടപ്പെടുത്താം. ആവശ്യമില്ലാതെയുള്ള പണത്തിന്റെ ദുര്‍വ്യയത്തിനും തടയിടാം.

സ്റ്റെപ് 2

ഏതുതരത്തിലുള്ള ആഘോഷം വേണമെന്നതാണ് അടുത്തതായി തീരുമാനിക്കേണ്ടത്. വീട്ടില്‍ വേണോ? അതോ വലിയ ഹോളില്‍ വേണോ? അതിഥികള്‍ക്ക് നല്‍കുന്ന വിരുന്നിനെക്കുറിച്ചും ആലോചിക്കണം.

സ്റ്റെപ്പ് 3

എത്രപേരെ ക്ഷണിക്കണം? ബജറ്റ് മനസ്സില്‍ വെച്ച് വേണം അതിഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ആളുകളുടെ എണ്ണം കൂടുംതോറും ബജറ്റും ഉയരും. അതിഥികളുടെ എണ്ണം സംബന്ധിച്ച് തീരുമാനമായാല്‍ അവരുടെ പട്ടിക പ്രിന്റ്ഔട്ട് എടുത്തു വെക്കുക.

സ്റ്റെപ്പ് 4

അതിഥികളുടെ എണ്ണം നോക്കി വേണം ആഘോഷത്തിനുള്ള വേദിയുടെ തെരഞ്ഞെടുപ്പ്. വളരെ കുറച്ചുപേരെ മാത്രമേ ക്ഷണിക്കുനിനുള്ളുവെങ്കില്‍ സ്വവസതി ആയിരിക്കും അഭികാമ്യം. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ വീടിന് സമീപത്തുള്ള ഏതെങ്കിലും ഹാളോ റസ്റ്റോറന്റോ തെരഞ്ഞെടുക്കാം. അവര്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കാന്‍ കഴിയുമോ എന്ന് ആരായണം. കഴിയില്ലെന്നാണ് ഉത്തരമെങ്കില്‍ പുറത്തു നിന്നും ഭക്ഷണം ഏര്‍പ്പാടാക്കുന്നതില്‍ തടസ്സമുണ്ടോ എന്നും ചോദിച്ചറിയണം.


സ്റ്റെപ് 5

സദ്യവട്ടങ്ങളാണ് അടുത്തതായി തീരുമാനിക്കേണ്ടത്. ഇതിനായി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നിര്‍ദേശം പരിഗണിക്കാം. അച്ഛനമ്മമാരുടെ ഇഷ്ട വിഭവങ്ങള്‍ക്കും സദ്യവട്ടത്തില്‍ മുന്‍ഗണന നല്‍കണം. വിവാഹ വാര്‍ഷിക കേക്ക് മുറിക്കാന്‍ പ്ലാനുണ്ടെങ്കില്‍ അതേകുറിച്ചും മുന്‍കൂട്ടി ചിന്തിക്കണം. ഏത് കേക്ക് വേണം, നിറം, ഡിസൈന്‍ എന്നിവയൊക്കെ ആഘോഷത്തിലെ താരങ്ങളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞുവേണം കേക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സ്റ്റെപ്പ് 6

ക്ഷണക്കത്ത് അച്ചടിക്കലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആഘോഷ ചടങ്ങ് നടക്കുന്ന തീയതി, വേദി, അവിടേക്ക് എത്താനുള്ള വഴി വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ഷണക്കത്ത്. രണ്ടാഴ്ച്ച മുമ്പെങ്കിലും അതിഥികളെ ക്ഷണിക്കണം.

സ്റ്റെപ്പ് 7

ആഘോഷത്തില്‍ അല്‍പ്പം വിനോദപരിപാടികള്‍ ആയാലോ? ചെറിയ പാട്ട് പരിപാടിയോ ഡാന്‍സോ അങ്ങനെ എന്തെങ്കിലും. കുടുംബത്തിലെ കുട്ടികളുടെ കലാപ്രകടനങ്ങളും വിവാഹ വാര്‍ഷിക ദിനത്തെ സമ്പന്നമാക്കും. എന്തെങ്കിലും ഗെയിമുകളും സംഘടിപ്പിക്കാം. ഡിന്നറിന് ശേഷം ഫ്രെയിമിലാക്കിയ അച്ഛനമ്മമാരുടെ കഴിഞ്ഞ കാലജീവിതത്തിന്റെ ഒരു സ്ലൈഡ്ഷോയും ഒരുക്കാം.

എന്നെന്നും ഓര്‍ക്കാന്‍ ഒരുഗ്രന്‍ സമ്മാനം കൊടുക്കേണ്ടെ?

ആഗ്രഹമുണ്ടായിട്ടും അച്ഛനമമ്മാര്‍ക്ക് ഇതുവരെ കാണാന്‍ കഴിയാത്ത ഇടത്തേക്ക് ഒരു സ്പെഷ്യല്‍ ട്രിപ്പിനുള്ള ടിക്കറ്റുകള്‍ സമ്മാനിക്കാം. അതുമല്ലെങ്കില്‍ വിവാഹദിനത്തെ അനുസ്മരിക്കും വിധം ഇരുവര്‍ക്കും പരസ്പരം കൈമാറാന്‍ മോതിരങ്ങള്‍ വാങ്ങിനല്‍കാം. അച്ഛനമ്മമാര്‍ അറിയാതെ നിങ്ങള്‍ ക്യാമറക്കണ്ണില്‍ ഒപ്പിയെടുത്ത അവരുടെ സ്നേഹ നിമിഷങ്ങള്‍ ഉണ്ടോ? ഒരുഗ്രന്‍ ഫോട്ടോ ഫ്രെയിമിലാക്കി സര്‍പ്രൈസ് ഗിഫ്റ്റ് ആയി നല്‍കൂ, അവര്‍ സന്തോഷവാരാകും എന്നത് തീര്‍ച്ച. പ്രിയപ്പെട്ടവരുടെ വീഡിയോ മെസേജ് ആണ് മറ്റൊരു വ്യത്യസ്ത ആശയം. അച്ഛനമ്മമാരുടെ ദാമ്പത്യം അടുത്തുനിന്ന് കണ്ടവരെ അതിനായി സമീപിക്കാം. മാതാപിതാക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വാക്കുകളായിരിക്കണം വീഡിയോ സന്ദേശത്തില്‍ ഉണ്ടായിരിക്കേണ്ടത്. വീഡിയോ സന്ദേശം ചിത്രീകരിക്കുന്നതിനായി അച്ഛനമ്മമാരുടെ പൂര്‍വ്വകാല ജീവിതത്തിലെ നിറമുള്ള ഏടുകള്‍ അറിയേണ്ടതുണ്ട്.