കല്യാണമേളം ഒരാഴ്ച്ച; പാരമ്പര്യത്തനിമ ചോരാതെ, ആചാരങ്ങളിലൂന്നി ആന്ധ്രാ റെഡ്ഡി വിവാഹങ്ങള്‍

കല്യാണമേളം ഒരാഴ്ച്ച; പാരമ്പര്യത്തനിമ ചോരാതെ, ആചാരങ്ങളിലൂന്നി ആന്ധ്രാ റെഡ്ഡി വിവാഹങ്ങള്‍

എല്ലാ ചടങ്ങുകള്‍ക്കും എന്തെങ്കിലും അര്‍ത്ഥവും പ്രാധാന്യവും ഉണ്ടെന്നുള്ളത് ആന്ധ്രാവിവാഹങ്ങളെ മഹത്തരമാക്കുന്നു.


വിവാഹമെന്നാല്‍ കേവലം വ്യക്തിബന്ധം മാത്രമല്ല, ഒരു കുടുംബസംഗമമാണത്. ഗൃഹസ്ഥാശ്രമത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന രണ്ടുമനസ്സുകളുടെ ആധ്യാത്മികതലത്തിലുള്ള ഒന്നുചേരല്‍.

ആന്ധ്രാപ്രദേശില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സമുദായമാണ് റെഡ്ഡി. പണ്ടുകാലങ്ങളില്‍ ഇവര്‍ യോദ്ധാക്കളായിരുന്നുവെന്നാണ് ചരിത്രം. പിന്നീടവര്‍ പ്രഭുക്കന്മാന്മാരായും ജന്മിമാരായും പരിണമിച്ചു. നൂറിലേറെ വര്‍ഷങ്ങള്‍ മധ്യതീരദേശ ആന്ധ്രാപ്രദേശ് ഭരിച്ചിരുന്നവരാണ് റെഡ്ഡി വംശം. അതിനാല്‍ തന്നെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമാണ് ഇവര്‍ക്കുള്ളതെന്ന് എടുത്തുപറയേണ്ടതില്ല. ഈ സമ്പന്നത സ്ഫുരിച്ചുനില്‍ക്കുന്നതാണ് ഇവരുടെ വിവാഹങ്ങള്‍.

‘തെലുഗിന്ദി പെല്ലി’യെന്നാണ് റെഡ്ഡി വിവാഹങ്ങള്‍ അറിയപ്പെടുന്നത്. വിവാഹത്തിനും മുമ്പും ശേഷവുമായി നിരവധി മതപരമായ ആചാരങ്ങളാണ് ആന്ധ്രാവിവാഹങ്ങളില്‍ പിന്തുടര്‍ന്ന് പോരുന്നത്. ആധ്യാത്മികവും അതേസമയം പ്രതീകാത്മകവുമായ ചടങ്ങുകളാണിവ. പണ്ടുകാലങ്ങളില്‍ 15 ദിവസങ്ങള്‍ കൊണ്ടായിരുന്നു റെഡ്ഡി സമുദായത്തിന്റെ വിവാഹം പൂര്‍ത്തിയായിരുന്നത്. എന്നാലിന്ന് ഇത് ഒരാഴ്ചയായി ചുരുങ്ങി.

നിശ്ചിതാര്‍ദ്ധം അഥവാ മുഹൂർത്തം

വിവാഹാലോചന വന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് ഔപചാരിക വിവാഹ നിശ്ചയമാണ്. പൂജാരിയെ വിളിപ്പിച്ച് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ വിവാഹത്തീയ്യതി ഉറപ്പിക്കുന്നു. നിശ്ചയത്തിന് ശേഷം ഭാവി അമ്മായിയമ്മ മരുമകള്‍ക്ക് സ്വര്‍ണ്ണവെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി നല്‍കുന്നു.

പെണ്‍ഡിലികൂത്തുരു

വിവാഹത്തിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന ചടങ്ങാണിത്. നലുഗയെന്ന് അറിയപ്പെടുന്ന ലേപനം ഈ ദിവസം വധുവിന്റെയും വരന്റെയും ദേഹത്ത് അണിയിക്കുന്നു. സുഗന്ധ എണ്ണകളില്‍ തയ്യാറാക്കുന്ന മഞ്ഞളിന്റെയും ധാന്യപ്പൊടികളുടെയും കൂട്ടാണ് നലുഗ. നലുഗ പുരട്ടിക്കഴിഞ്ഞ ശേഷം വധൂവരന്മാര്‍ കുളിച്ച് പുതുവസ്ത്രം അണിയുന്നു. കുളി കഴിഞ്ഞാല്‍ വധു പൂ ചൂടും. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ വിവാഹിതരായ സ്ത്രീകൾക്കും മധുരം, പൂക്കള്‍,വെറ്റില,വളകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കും. വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനാണിത്.


സ്‌നാതകം

വെള്ളിയിലുള്ള ഒരു ചരട് വരന്റെ ശരീരത്തില്‍ കെട്ടുന്ന ചടങ്ങ്. റെഡ്ഡി വിവാഹങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്ന്.

കാശിയാത്ര

വളരെ രസകരവും ചിരി പടര്‍ത്തുന്നതുമായ ചടങ്ങാണിത്. വരന്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുക. സ്‌നാതകത്തിന് വെള്ളിച്ചരട് കെട്ടിക്കഴിഞ്ഞാല്‍ എല്ലാ ലോകസുഖങ്ങളും ബാധ്യതകളും കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങളും ത്യജിച്ച് താന്‍ തീര്‍ത്ഥയാത്ര പോകുകയാണെന്ന് വരന്‍ പ്രഖ്യാപിക്കും. അവശ്യ സാധനങ്ങള്‍ മാത്രം കയ്യിലെടുത്ത് വരന്‍ വാതിലിനടുത്തേക്ക് നടന്നു നീങ്ങും. അപ്പോള്‍ വധുവിന്റെ സഹോദരന്‍ ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഓര്‍മ്മിപ്പിച്ച് വരനെ വാതില്‍ക്കല്‍ തടയും. തന്റെ സഹോദരിയെ വിവാഹം ചെയ്ത് നല്‍കാമെന്നും വധുവിന്റെ സഹോദരന്‍ വരനെ അറിയിക്കും. ഇത് വരനെ തൃപ്തിപ്പെടുത്തുകയും വിവാഹത്തിന് വരന്‍ സമ്മതിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഈ കാശിയാത്ര പ്രതീകാത്മകം മാത്രമാണ്.

മംഗളസ്‌നാനം

വിവാഹദിനം രാവിലെ വധുവും വരനും നടത്തുന്ന പ്രത്യേകമായ കുളിയാണിത്. ഇതിനായി ശുഭസമയം തെരഞ്ഞെടുക്കുന്നു.

ആരതി

കുളി കഴിഞ്ഞാല്‍ വധൂവരന്മാരുടെ ദേഹത്ത് സുഗന്ധതൈലങ്ങള്‍ പൂശുന്നു. ഇതിന് ശേഷം ആരതിയാണ്. ഒരു താലത്തില്‍ മറ്റ് വസ്തുക്കളോടൊപ്പം ഒരു ചെറിയ വിളക്ക് കത്തിച്ച് വെച്ച് മുന്നിലായി നിന്ന് വരനെയും വധുവിനെയും ഉഴിയുന്നു. അവരവരുടെ വീടുകളില്‍ അമ്മയോ അടുത്ത ബന്ധുക്കളോ ആയിരിക്കും ഈ ചടങ്ങ് നടത്തുക. വധൂവരന്മാരുടെ ഐശ്വര്യത്തിനും നന്മയ്ക്കും ജ്ഞാനത്തിനും വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയാണിത്.

ഗൗരിപൂജ

ആരതിക്ക് ശേഷം വധു ഗൗരി ദേവിയെ (പാര്‍വ്വതി) പ്രാര്‍ത്ഥിക്കുന്നു. മാതൃത്വത്തിന്റെയും സന്താനപ്രാപ്തിയുടെയും ദുഷ്ടശക്തികള്‍ക്ക് മേലുള്ള വിജയത്തിന്റെയും പ്രതീകമാണ് പാര്‍വ്വതീദേവി. ദാമ്പത്യജീവിതം മംഗളമായി ഭവിക്കാന്‍ വധു ദേവിയുടെ അനുഗ്രഹം തേടുന്നു.

ഗണേശ പൂജ

ആരതിക്ക് ശേഷം വരന്‍ വിവാഹവേദിയിലേക്ക് പോകും. വിവാഹമണ്ഡപത്തില്‍ ആദ്യം നടക്കുന്ന ഗണേശ പൂജയില്‍ വരന്‍ പങ്കെടുക്കുന്നു. വിഘ്‌നങ്ങള്‍ ഒന്നും സംഭവിക്കാതെ വിവാഹം മംഗളമായി ഭവിക്കാനും സന്തോഷവും ഐശ്വര്യപൂര്‍ണവുമായ ദാമ്പത്യം വധൂവരന്മാര്‍ക്ക് ലഭിക്കുന്നതിനുമാണ് ഗണേശ പൂജ നടത്തുന്നത്.

കന്യാദാനം

കന്യാദാനത്തോടെ പ്രധാന വിവാഹചടങ്ങുകള്‍ തുടങ്ങുകയായി. മുള കൊണ്ട് തയ്യാറാക്കിയ ഒരു താലം കയ്യിലേന്തി വധു മണ്ഡപത്തിലേക്ക് എത്തുന്നു.അമ്മാവനാണ് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. ആചാരപ്രകാരം വരനും വധുവിനും പരസ്പരം കാണാന്‍ കഴിയാത്ത തരത്തില്‍ മണ്ഡപം തിരശ്ശീല കൊണ്ട് വേര്‍തിരിച്ചിട്ടുണ്ടാകും. ഇരുകുടുംബങ്ങളിലെയും അവസാന ഏഴ് തലമുറകളിലെ പിതൃക്കളുടെ അനുഗ്രഹം തേടിക്കൊണ്ടുള്ള മന്ത്രം പൂജാരി ഉരുവിടും. ഇതിനുശേഷം വധുവിന്റെ മാതാപിതാക്കള്‍ ബഹുമാനസൂചകമായി വരന്റെ കാല്‍ കഴുകുന്നു.

ജീരകല്ലബെല്ലമു

പൂജാരി വിവാഹമന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങുന്നു. ജീരകവും ശര്‍ക്കരയും ചേര്‍ത്തരച്ച കൂട്ട് വധുവും വരനും അന്യോന്യം കൈകളില്‍ പൂശുന്നു. ഒരിക്കലും പിരിക്കാന്‍ കഴിയാത്ത കൂട്ടായാണ് ജീരകവും ശര്‍ക്കരയും വിശേഷിപ്പിക്കപ്പെടുന്നത്. ജീരകത്തിന് സ്വല്‍പം കയ്പ്പുണ്ടെങ്കിലും അതിന് മറയ്ക്കുന്ന രീതിയില്‍ അതിമധുരമാണ് ശര്‍ക്കരയ്ക്ക്. ദമ്പതിമാര്‍ തമ്മിലുള്ള ബന്ധവും ഇതുപോലെ ആയിരിക്കണമെന്നാണ് ഈ ചടങ്ങ് സൂചിപ്പിക്കുന്നത്. ജീവിതത്തിലെ നല്ല സമയങ്ങളിലും ചീത്ത സമയങ്ങളിലും പരസ്പരം താങ്ങും തണലുമായി ഇണയുടെ ന്യൂനതകള്‍ തന്റെ കഴിവുകള്‍ കൊണ്ട് മറച്ച് എന്നും ഒന്നിച്ച് ജീവിക്കണമെന്ന് ഈ ചടങ്ങ് ഓര്‍മ്മിപ്പിക്കുന്നു. ഈ വേളയിലും പരസ്പരം കാണാന്‍ സാധിക്കാതെ തുണികൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുകയായിരിക്കും ഇരുവരും.

മധുപാര്‍ക്കം

ഈ ചടങ്ങിന് മുമ്പായി വധൂവരന്മാര്‍ വസ്ത്രങ്ങള്‍ മാറണം. ചുവന്ന കരയുള്ള വെള്ളസാരി വധുവും ചുവന്ന കരയുള്ള വെള്ളമുണ്ട് വരനും ധരിക്കണം. വെള്ളയും ചുവപ്പും തമ്മിലുള്ള ചേര്‍ച്ച ശക്തിയെയും വിശുദ്ധിയെയും സൂചിപ്പിക്കുന്നു.

സുമംഗലി

വസ്ത്രം മാറിയ ശേഷം പത്ത് സുമംഗലിമാരെയും കൊണ്ട് (ഭര്‍തൃമതികള്‍) വധു മണ്ഡപത്തില്‍ തിരിച്ചെത്തുന്നു. ഇവരില്‍ ആറുപേരുടെ കയ്യില്‍ അരിയും മഞ്ഞളും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ച താലങ്ങള്‍ ഉണ്ടാകും. മറ്റ് നാലുപേരുടെ കയ്യില്‍ ദീപവും അരിപ്പൊടിയും പാലും അടങ്ങിയ താലമായിരിക്കും. കത്തിച്ച ദീപങ്ങള്‍ വെളിച്ചത്തിന്റെയും മാധുര്യത്തിന്റെയും പ്രതീകങ്ങളാണ്. സമൃദ്ധിയുടെ പ്രതീകമാണ് അരി.

മംഗളസൂത്രം

വധൂവരന്മാര്‍ പരസ്പരം കാണുന്നത്  ഈ ചടങ്ങോടെയാണ്. ചടങ്ങുകളിലുടനീളം മന്ത്രോച്ചാരണം ഉണ്ടായിരിക്കും. ശുഭമുഹൂര്‍ത്തില്‍ വരന്‍ വധുവിന്റെ കഴുത്തില്‍ രണ്ടു ചരടുകളിലായുള്ള മാംഗല്യസൂത്രം ചാര്‍ത്തും. മൂന്ന് കെട്ടുകളായാണ് താലി ചാര്‍ത്തേണ്ടത്. ഭൗതികമായും,ആധ്യാത്മികമായും, മാനസികമായുമുള്ള ഒന്നുചേരലാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. അടുത്തതായി ധ്രുവ നക്ഷത്രത്തിനും വസിഷ്ഠ അരുന്ധതിക്കും പ്രണാമം അര്‍പ്പിക്കലാണ്.

കന്യാദാന അക്ഷത

മംഗളസൂത്രം അണിഞ്ഞതിനു ശേഷം വധൂവരന്മാര്‍ തമ്മില്‍ പുഷ്പഹാരം അണിയിക്കും. ശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ മഞ്ഞളും അരിയും ചേര്‍ത്ത മിശ്രിതവും(അക്ഷത) പൂക്കളും ചാര്‍ത്തി ദമ്പതിമാരെ അനുഗ്രഹിക്കുകയും ആശംസകള്‍ നേരുകയും ചെയ്യും.

സപ്തപടി

ഹൈന്ദവാചാര പ്രകാരം വളരെ പ്രധാനപ്പെട്ട ചടങ്ങാണിത്. വധുവിന്റെ സാരിത്തലപ്പ് വരന്റെ മുണ്ടിന്റെ അറ്റത്ത് കെട്ടിച്ചേര്‍ക്കുന്നു. ഈ അവസ്ഥയില്‍ ഏഴുതവണ ദമ്പതിമാര്‍ അഗ്‌നിയെ വലംവെക്കണം. സന്തോഷ ദാമ്പത്യത്തിനായുള്ള ഏഴ് പ്രതിജ്ഞകളും ഈ ചടങ്ങിലെടുക്കുന്നു, സാത് ഫേര എന്നാണ് ഇത് അറിയപ്പെടുന്നത്. ആരോഗ്യം, പോഷണം, ഐശ്വര്യം, ശക്തി, സുരക്ഷ, ആധ്യാത്മിക ഉന്നതി, ശ്രേഷ്ഠത എന്നിവയ്ക്കായി ദമ്പതിമാര്‍ പ്രാര്‍ത്ഥിക്കുന്നു. ഇതിനു ശേഷം വസ്ത്രമായും സ്വര്‍ണമായും മറ്റ് ആഭരണങ്ങളായും കുടുംബങ്ങള്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറും.

സ്ഥാലിപാകം

വിവാഹചടങ്ങുകളില്‍ അവസാനത്തേതാണിത്. വരന്‍ വധുവിന്റെ കാല്‍നഖങ്ങളില്‍ വെള്ളിയുടെ മോതിരങ്ങള്‍ അണിയിക്കുന്നു. മിഞ്ചിയെന്നും ഇവ അറിയപ്പെടാറുണ്ട്. ഭാര്യയെ സ്വന്തമാക്കുന്നതിനായി വരന്‍ അവളുടെ കാല്‍പ്പാദത്തോളം കുമ്പിടുന്നുവെന്നാണ് ഈ ചടങ്ങ് സൂചിപ്പിക്കുന്നത്. ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തുന്നതിനായി കറുത്ത മുത്തുകള്‍ കോര്‍ത്ത ചരടും വധുവിന് നൽകുന്നു. കറുത്ത മുത്തുകള്‍ കോര്‍ത്ത ചരട്, മംഗളസൂത്രം, മിഞ്ചി എന്നിവ ആന്ധ്രാ റെഡ്ഡി സമുദായത്തിലെ സുമംഗലികളായ സ്ത്രീകളുടെ ലക്ഷണങ്ങളാണ്.

വിവാഹശേഷ ചടങ്ങുകള്‍

ഗൃഹപ്രവേശം

വരന്റെ ഗൃഹത്തില്‍ അമ്മയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് വധുവിനെ സ്വീകരിക്കുന്നു. വധു പ്രവേശിക്കുന്ന വാതില്‍പ്പടിയില്‍ അരി നിറച്ച ചെറിയ കലശം വച്ചിട്ടുണ്ടാകും. കയറി വരുമ്പോള്‍ വലതുകാല്‍പ്പാദം കൊണ്ട് ഈ കലശം വധു പതുക്കെ തട്ടി കലശത്തിലെ അരി നിലത്തേക്ക് തൂവണം. പുതിയ പെണ്ണ് കയറി വരുന്നതോടെ കുടുംബത്തില്‍ ഐശ്വര്യം നിറയുമെന്നാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മംഗളസൂത്രം അഴിക്കല്‍

ആന്ധ്രാ റെഡ്ഡി വിവാഹത്തിലെ അവസാന ചടങ്ങാണിത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ട് പതിനാറാം ദിനം രണ്ട് മംഗളസൂത്രങ്ങള്‍ അഴിച്ച് ഒന്നാക്കും. രണ്ടുപേരുടെയും, രണ്ട് കുടുംബങ്ങളുടെയും ഒന്നുചേരലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ദിനത്തില്‍ വധു പുതിയ സാരിയും ആഭരണങ്ങളും അണിയണമെന്നത് നിര്‍ബന്ധമാണ്.

എല്ലാ ചടങ്ങുകള്‍ക്കും എന്തെങ്കിലും അര്‍ത്ഥവും പ്രാധാന്യവും ഉണ്ടെന്നുള്ളത് ആന്ധ്രാവിവാഹങ്ങളെ മഹത്തരമാക്കുന്നു.

വിവാഹാഭരണങ്ങള്‍

ആഭരണങ്ങള്‍ ഇല്ലാതെ ആന്ധ്രാവിവാഹങ്ങള്‍ ഇല്ല. തങ്കത്തില്‍ പൊതിഞ്ഞ വധു എന്നെല്ലാം ആന്ധ്രാ റെഡ്ഡി വധുവിനെ വിശേഷിപ്പിക്കാം. പരമ്പരാഗത ആന്ധ്രാ റെഡ്ഡി ആഭരണങ്ങള്‍ വളരെ പ്രശസ്തമാണ്. ഇന്ദ്രനീലം, മാണിക്യം, മരതകം എന്നിങ്ങനെ വിലയേറിയ കല്ലുകള്‍ പതിച്ച് അലങ്കരിച്ച കനമേറിയ ആഭരണങ്ങളാണ് റെഡ്ഡി വധുക്കള്‍ ധരിക്കാറ്. രത്‌നാഭരണങ്ങളും വിവാഹാഭരണങ്ങളില്‍ പതിവാണ്. പല തട്ടുകളില്‍ കനമുള്ള നീളത്തിലുള്ള പതകല ഹാരം, മൂക്ക് പോടക(മൂക്കുത്തി), കഴുത്തില്‍ ഒട്ടിനില്‍ക്കുന്ന കണ്ഡ ഭൂഷണം, നിറയെ കല്ലുകള്‍ പതിപ്പിച്ച് അലങ്കരിച്ച വളകള്‍, അരയിലണിയുന്ന വഡ്ഡാനം, പാപിഡി ബില്ല അഥവാ നെറ്റിയിലിടുന്ന ചുട്ടി, കൈയുടെ മുകള്‍ഭാഗത്ത് അണിയുന്ന ആം ബാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പരമ്പരാഗത ആഭരണങ്ങള്‍ക്കാണ് ആന്ധ്രാ റെഡ്ഡി സമൂഹം പ്രാധാന്യം നല്‍കുന്നത്.

വിവാഹത്തിന് ആധുനികശൈലി സ്വീകരിക്കാറുണ്ടെങ്കിലും ആഭരണങ്ങളില്‍ പാരമ്പര്യവും പഴമയും കൈവിടുന്ന പതിവ് റെഡ്ഡി സമുദായത്തിന് ഇല്ല.