തിരുസന്നിധിയില്‍ ഒന്നായി പുതുജീവിതത്തിലേക്ക്, ഭക്തിസാന്ദ്രം ക്രിസ്തീയ വിവാഹങ്ങള്‍

തിരുസന്നിധിയില്‍ ഒന്നായി പുതുജീവിതത്തിലേക്ക്, ഭക്തിസാന്ദ്രം ക്രിസ്തീയ വിവാഹങ്ങള്‍

ആഘോഷം എന്നതിനേക്കാള്‍ വിവാഹത്തെ ഭക്തിസാന്ദ്രമാക്കുന്നതാണ് ക്രിസ്തീയ വിവാഹചടങ്ങുകള്‍.


“ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. വിവാഹത്തില്‍ ഇരുമനസ്സുകള്‍ ഒരു ശരീരമാകുന്നു. പിന്നീടവര്‍ രണ്ടല്ല, ഒന്നാണ്. ദൈവമായിട്ട് ഒന്നിച്ചവരെ മറ്റാരും പിരിച്ചുകൂടാ.”

വിവാഹത്തെ ദൈവികമായാണ് ക്രിസ്ത്യാനികള്‍ കാണുന്നത്. യേശുക്രിസ്തുവിന്റെ അനുഗ്രഹത്താല്‍ മാത്രം പ്രാപ്തമാകുന്ന പരിശുദ്ധബന്ധമാണ് വിവാഹമെന്നാണ് ഇവരുടെ വിശ്വാസം. ആജീവനാന്ത വിവാഹബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിശുദ്ധിയെ കുറിച്ചും ക്രിസ്തു തന്റെ ഉദ്‌ബോധനങ്ങളില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ ആഘോഷം എന്നതിനേക്കാള്‍ വിവാഹത്തെ ഭക്തിസാന്ദ്രമാക്കുന്നതാണ് ക്രിസ്തീയ വിവാഹചടങ്ങുകള്‍.

എഡി 52ലാണ് യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമാശ്ലീഹ കേരളത്തിലെത്തുന്നത്. കേരളത്തിലെ ക്രൈസ്തവരുടെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്. ഇന്ന് കേരളത്തിന്റെ ജനസംഖ്യയുടെ 18%വും ക്രൈസ്തവരാണ്. മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി പള്ളിയില്‍ വച്ച് മാത്രമാണ് ക്രിസ്തീയ വിവാഹങ്ങള്‍ നടക്കുക. നിരവധി മേഖലകളിലെ തുടക്കക്കാരെന്ന പോലെ പാശ്ചാത്യ ശൈലികളും പൂര്‍വ്വ ഏഷ്യന്‍ ശൈലികളും സമന്വയിപ്പിച്ചാണ് ക്രിസ്ത്യാനികളുടെ വിവാഹം. ആഘോഷത്തേക്കാളേറെ പ്രാര്‍ത്ഥനയാണ് ക്രിസ്ത്യന്‍
വിവാഹങ്ങളില്‍ പ്രധാനം.

ആചാരക്കല്ല്യാണം

തലമുറകളായി തുടര്‍ന്ന് വരുന്ന പരമ്പരാഗതാചാരമാണ് ആചാരക്കല്ല്യാണം. ആചാരക്കല്യാണത്തോടെയാണ് വിവാഹചടങ്ങള്‍ തുടങ്ങുക. വിവാഹത്തീയതി നിശ്ചയിക്കുന്നതിനായി വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലെത്തുന്ന ചടങ്ങാണിത്.

മനസ്സമ്മതം

വധുവിന്റെ പള്ളിയില്‍ (വധുവും വീട്ടുകാരും പോകുന്ന പള്ളി) വച്ചാണ് മനസ്സമ്മതം നടക്കുക. വരന്റെയും വധുവിന്റെയും ബന്ധുക്കളും അടുപ്പമുള്ളവരുമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹത്തിന് സമ്മതം അറിയിക്കല്‍ ചടങ്ങാണിത്. വിവാഹത്തിന് സമ്മതമാണോ എന്ന് ഔപചാരികമായി വരനോടും വരന്റെ വീട്ടുകാരോടും വധുവിനോടും വധുവിന്റെ വീട്ടുകാരോടും
ക്ഷണിക്കപ്പെട്ടവരെ സാക്ഷി നിര്‍ത്തി പുരോഹിതന്‍ ചോദിക്കും. ഇരുകൂട്ടരും സമ്മതം മൂളുന്നതോടെ വിവാഹം ഉറപ്പിക്കപ്പെടുന്നു. പണ്ടുകാലത്ത് മനസ്സമ്മത ചടങ്ങിന് മോതിരംമാറല്‍ പതിവില്ലെങ്കിലും ഇന്ന് മിക്ക കുടുംബങ്ങളും മോതിരം മാറലും മനസ്സമ്മതത്തോടൊപ്പം നടത്താറുണ്ട്. മനസ്സമ്മതത്തിന് ശേഷം പരമ്പരാഗത വിഭവങ്ങള്‍ വിളമ്പിയുള്ള ഗംഭീര വിരുന്നും ഉണ്ടാകും.


വിവാഹം

വിവാഹദിനം പള്ളിയിലേക്ക് ഇറങ്ങുന്നതിനു മുമ്പായി സ്തുതിചൊല്ലല്‍, ഗുരുദക്ഷിണ എന്നീ ചടങ്ങുകളുണ്ട്. എല്ലാം മംഗളമായി ഭവിക്കാന്‍ വീട്ടുകാര്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതാണ് സ്തുതിചൊല്ലല്‍. മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് ഗുരുദക്ഷിണ. ഈ രണ്ട് ചടങ്ങുകളും വരന്റെയും വധുവിന്റെയും വീടുകളില്‍ നടത്തിവരുന്നു.

കൈകളില്‍ പൂക്കളേന്തിയ ബാലികമാരാണ് ആദ്യം പള്ളിയിലേക്ക് പ്രവേശിക്കുക. ഇവര്‍ക്ക് പിന്നാലെ വധൂവരന്മാരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പള്ളിയിലേക്ക് പ്രവേശിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായി കുടുംബാംഗങ്ങള്‍ പൂക്കളും പഴങ്ങളും നിറച്ച പെട്ടികളും പള്ളിയിലേക്ക് കൊണ്ടുവരാറുണ്ട്.

വിവാഹചടങ്ങുകള്‍ക്ക് മുന്നോടിയായി വരനും വധുവും അള്‍ത്താരയ്ക്ക് മുമ്പില്‍ നില്‍ക്കും. വീട്ടുകാര്‍ അവര്‍ക്ക് പിന്നിലായും. ചടങ്ങുകള്‍ക്ക് തുടക്കമെന്നോണം അള്‍ത്താരയ്ക്ക് മുമ്പില്‍ വച്ചിരിക്കുന്ന ദീപം വരനും വധുവും ഒന്നിച്ച് കത്തിക്കും. ശേഷമുള്ള ചടങ്ങുകള്‍ പുരോഹിതന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും നടക്കുക. ബൈബിള്‍ വചനങ്ങള്‍ ഉറക്കെ ചൊല്ലുകയും വിവാഹത്തിന്റെ മഹത്വത്തെയും പരിശുദ്ധിയെ കുറിച്ചുമെല്ലാം പുരോഹിതന്‍ ഈ വേളയില്‍ ദമ്പതിമാരെ ഉദ്‌ബോധിപ്പിക്കും. പരസ്പരം ഭാര്യയും ഭര്‍ത്താവുമായി എക്കാലവും നിലകൊള്ളാമെന്ന് ദമ്പതിമാര്‍ സമ്മതിക്കുന്നതോടെ ചടങ്ങുകള്‍ അടുത്തപടിയിലേക്ക് കടക്കുകയായി.

മിന്നുകെട്ട്

വിവാഹചടങ്ങുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മിന്നുകെട്ട്. ഹൈന്ദവ വിവാഹങ്ങളിലെ താലിക്ക് സമമാണ് മിന്ന്. വധുവിന്റെ മന്ത്രകോടിയില്‍ നിന്നെടുത്ത ഏഴു നൂലിഴകള്‍ കൊണ്ടാണ് മിന്ന് കോര്‍ക്കാനുള്ള ചരട് ഉണ്ടാക്കുന്നത്. പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം വരന്‍ വധുവിന് മിന്ന് കെട്ടുന്നു. വിവാഹശേഷം മിന്ന് സ്വര്‍ണമാലയിലേക്ക് മാറ്റും. മിന്നുകെട്ടിന്‌
വധു ധരിക്കുന്ന സാരി സാധാരണയായി ക്രീം കളറിലോ ഇളം നിറങ്ങളിലോ ആയിരിക്കും. മറ്റ്‌ മതങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ള ഉടുപ്പുകളും ക്രിസ്തീയ വിവാഹങ്ങളില്‍ കല്യാണപ്പെണ്ണ് ധരിക്കാറുണ്ട്. ഈ വസ്ത്രത്തെ കൂടാതെ വിവാഹദിവസം അണിയാന്‍ വധുവിന് വരന്‍ മന്ത്രകോടിയും നല്‍കാറുണ്ട്. ഈ മന്ത്രകോടി പുരോഹിതന്‍ അനുഗ്രഹിച്ച് വധുവിന്റെ ശിരസ്സി ല്‍ വയ്ക്കും. പിന്നീട്‌ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പുവെക്കും. ഇതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ക്കു ശേഷം വധു മന്ത്രകോടി ധരിക്കും.

വിവാഹത്തിന് ആഘോഷത്തേക്കാളേറെ പ്രാര്‍ത്ഥനയ്ക്കാണ് പ്രാധാന്യം എന്നതിനാല്‍ തന്നെ സംഗീതപരിപാടികള്‍ സാധാരണയായി ക്രിസ്തീയ വിവാഹങ്ങളില്‍ ഉണ്ടാകാറില്ല. പള്ളിയിലെ കൊയര്‍ഗ്രൂപ്പ് ആലപിക്കുന്ന ഭക്തിഗാനങ്ങള്‍ വിവാഹത്തെ ഭക്തിസാന്ദ്രമാക്കുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ എത്തുന്ന മുഴുവന്‍ ആളുകളും വധൂവരന്മാര്‍ക്കൊപ്പം മണിക്കൂറുകള്‍ നീണ്ട വിവാഹചടങ്ങുകളില്‍ നിന്നുകൊണ്ട് പങ്കുകൊള്ളുന്നു. സ്ത്രീകള്‍ സാരിത്തലപ്പ് കൊണ്ട് ശിരസ്സ് മൂടിയാണ് വിവാഹചടങ്ങില്‍ പങ്കെടുക്കുക. ചടങ്ങുകള്‍ക്ക് ശേഷം പുരോഹിതന്‍ വീഞ്ഞില്‍ മുക്കിയ വിശുദ്ധ അപ്പം വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നു. ശേഷം വിരുന്നാണ്. സാധാരണയായി പള്ളിയില്‍ വച്ച് തന്നെയാണ് വിരുന്ന് സല്‍ക്കാരം നടക്കുക. വധു മന്ത്രകോടി ധരിച്ചതിന് ശേഷം ദമ്പതിമാരെ അലങ്കരിച്ച് വേദിയിലേക്ക് കൊണ്ടുപോകും. ആഘോഷത്തിന്റെ സമയമാണിത്. വധുവും വരനും ചേര്‍ന്ന് കേക്ക് മുറിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കും.

വിവാഹാഭരണങ്ങള്‍

ആഭരണങ്ങളുടെ കാര്യത്തില്‍ പഴമയെ മാറ്റി പരീക്ഷിക്കാന്‍ ക്രിസ്ത്യൻ  വധുക്കള്‍ തയ്യാറാകാറുണ്ട്. ആഭരണലോകത്തെ പുതുഡിസൈനുകള്‍ പലതും ഇവരുടെ ആമാടപ്പെട്ടിയില്‍ എത്താറുണ്ട്.

മാലകള്‍

പഴമ കൈവിടാത്ത കഴുത്തുവട്ടത്തിലുള്ള മാലകള്‍ മറ്റേത് കേരള വിവാഹത്തിലെന്നതു പോലെ ക്രിസ്ത്യൻ വിവാഹങ്ങളിലും കല്യാണപ്പെണ്ണുങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. കിങ്ങിണി മാല, കുരുമുളക് മാല, മണിമുത്ത് മാല എന്നിങ്ങനെ വിലപ്പെട്ട കല്ലുകള്‍ പതിച്ച സ്വര്‍ണ്ണത്തിലുള്ള നെക്ലേസുകളില്‍ ചിലപ്പോള്‍ ദൈവങ്ങളുടെ രൂപവും കൊത്തിവെച്ചിട്ടുണ്ടാകും.

പരമ്പരാഗത വളകള്‍

അര്‍ദ്ധചന്ദ്രാകാര വള, കുരുമുളക് വള, തോട വള, റോഡിയത്തില്‍ പൊതിഞ്ഞ വളകള്‍ എന്നിങ്ങനെ പരമ്പരാഗത ഡിസൈനുകളിലുളളതും ആധുനിക ഡിസൈനുകളിലുള്ളതുമായ വളകള്‍ വധു വിവാഹത്തിന് അണിയുന്നു. എങ്കിലും ക്രിസ്ത്യൻ വധുക്കള്‍ അണിയുന്ന ചില പരമ്പരാഗത വളകള്‍ ഇന്ത്യയില്‍ മറ്റെവിടെയും കാണാറില്ലെന്നതും സത്യം.

ആം ബാന്‍ഡ്

കല്ലുകള്‍ പതിച്ച സ്വര്‍ണത്തില്‍ തീര്‍ത്ത കയ്യുടെ മുകള്‍ഭാഗത്ത് ധരിക്കുന്ന ആഭരണമാണ് ആം ബാന്‍ഡ്. സാധാരണയായി ക്രിസ്ത്യൻ  വധുക്കളാണ് ഇവ വിവാഹങ്ങള്‍ക്ക് ധരിക്കാറ്.

അരപ്പട്ട

വിവാഹവസ്ത്രത്തിന് മുകളില്‍ അരയിലായി ധരിക്കുന്ന സ്വര്‍ണാഭരണമാണ് അരപ്പട്ട. വിവിധ നിറങ്ങളിലുള്ള കല്ലുകളും അരപ്പട്ടയില്‍ പതിച്ചിട്ടുണ്ടാകും.

ജിമുക്കി

കല്ലുകളും മുത്തുകളും പതിച്ച വലിയ കമ്മലുകളാണ് ജിമുക്കി, ചിലപ്പോള്‍ കല്ലുകള്‍ കൊണ്ട് തീര്‍ത്ത തട്ടുകളും ഈ കമ്മലുകള്‍ക്ക് ഉണ്ടാകാറുണ്ട്.

കാലില്‍ ധരിക്കുന്ന മോതിരങ്ങള്‍, കഴുത്തില്‍ പറ്റിനില്‍ക്കുന്ന പ്രത്യേക ആഭരണം, കല്ലുകള്‍ പതിച്ച കൊലുസ് എന്നിവയും ക്രിസ്ത്യൻ വധുവിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.