ലളിതം, ആര്‍ഭാടരഹിതം, ആതിഥ്യത്തിന് മുഖ്യപരിഗണന; ഇതുവരെ കേട്ടറിഞ്ഞതല്ല മറാത്തി വിവാഹം!

ലളിതം, ആര്‍ഭാടരഹിതം, ആതിഥ്യത്തിന് മുഖ്യപരിഗണന; ഇതുവരെ കേട്ടറിഞ്ഞതല്ല മറാത്തി വിവാഹം!

നിശ്ചയത്തിന് മുന്നോടിയായി വധുവിന് വരന്റെ വീട്ടുകാര്‍ സാരിയും പച്ചനിറത്തിലുള്ള വളകളും സമ്മാനമായി നല്‍കും.


പ്രബലവും മഹനീയവുമായ സാംസ്‌കാരിക  പൈതൃകത്തിന് പേരുകേട്ട നാടാണ് മഹാരാഷ്ട്ര. ഡക്കാന്‍ പീഠഭൂമിയോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളില്‍ അധിവസിക്കുന്ന, മറാത്തി ഭാഷ സംസാരിക്കുന്ന പ്രാദേശികജന വിഭാഗമാണ് മറാത്തക്കാര്‍. പുരാതനകാലത്തെ സാംസ്‌കാരിക പാരമ്പര്യം ഇന്നും ഇവര്‍ക്കിടയില്‍ പ്രതിഫലിക്കുന്നു. മഹത്തായ രണ്ട് സംസ്‌കാരങ്ങളുടെ സങ്കലനമാണ് ഇവിടെ കാണാന്‍ കഴിയുക. ഉത്തരേന്ത്യന്‍ ഇന്‍ഡോ ആര്യന്‍ സംസ്‌കാരത്തിന്റെയും ദക്ഷിണേന്ത്യന്‍ ദ്രാവിഡ സംസ്‌കാരത്തിന്റെയും ശൈലികളും ആചാരങ്ങളും മറാത്ത ജനത പിന്തുടര്‍ന്നു പോരുന്നു. ഛത്രപതി ശിവജി മഹാരാജാവിന്റെ നാട് കൂടിയാണ് മഹാരാഷ്ട്ര. ജനങ്ങള്‍ക്കിടയില്‍ ഇന്നും ഒരു വീരപുരുഷന്റെ സ്ഥാനമാണ് ആ യോദ്ധാവിനുള്ളത്. ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നു. ശിവജി മാത്രമല്ല പുരാതന കാലത്തെയും ആധുനിക കാലത്തെയും ഒട്ടനവധി വ്യക്തിത്വങ്ങള്‍ മഹാരാഷ്ട്രയുടെ പാരമ്പര്യത്തെ മഹത്വപൂര്‍ണ്ണമാക്കുന്നു. കല, കരകൗശലം, സാഹിത്യം,തത്വചിന്ത തുടങ്ങി എല്ലാ മേഖലകളിലും മഹാരാഷ്ട്രയുടെ പേര് ഉയര്‍ന്നുകേള്‍ക്കാം.

രാജ്യത്ത് തന്നെ ഏറ്റവും ലളിതമായ വിവാഹമാണ് മഹാരാഷ്ട്രക്കാരുടേത്. അതിരാവിലെയാണ് മിക്ക ചടങ്ങുകളും. ലളിതമോ ആര്‍ഭാടപൂര്‍ണമോ ആകട്ടെ, വിവാഹങ്ങള്‍ക്ക് മറാത്ത സംസ്‌കാരത്തിലും വലിയ പ്രാധാന്യമുണ്ട്. സാധാരണയായി പകല്‍ സമയങ്ങളിലാണ് വിവാഹങ്ങള്‍ നടക്കാറ്. സൂര്യാസ്തമയത്തിന് മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാവുകയും ചെയ്യും. അതിഥികളെ സ്വീകരിക്കുന്ന രീതി മറാത്ത വിവാഹങ്ങളെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നു. വിവാഹങ്ങളില്‍ മാത്രമല്ല ഏത് ആഘോഷങ്ങളിലും ആതിഥ്യം നല്‍കുന്നതില്‍ മറാത്തക്കാര്‍ മിടുക്കരാണ്.

എല്ലാ ഇന്ത്യന്‍ വിവാഹങ്ങളിലും ഉള്ളതുപോലെ തന്നെ വിവാഹത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലും നിശ്ചയം നടക്കുന്നു. പ്രാദേശികമായി സക്കാര്‍പുഡ എന്നാണ് ഇവ അറിയപ്പെടുന്നത്. ജാതകപ്പൊരുത്തം നോക്കിയതിന് ശേഷമാണ് വിവാഹനിശ്ചയം നടക്കുക. നിശ്ചയത്തിന് മുന്നോടിയായി വധുവിന് വരന്റെ വീട്ടുകാര്‍ സാരിയും പച്ചനിറത്തിലുള്ള വളകളും സമ്മാനമായി നല്‍കുന്നു. ഇവ ധരിച്ചാണ് വധു നിശ്ചയത്തില്‍ പങ്കെടുക്കേണ്ടത്. നിശ്ചയത്തിന് മോതിരം മാറല്‍ ചടങ്ങുണ്ട്. ഇതിന് ശേഷം വധുവിന് വരന്റെ വീട്ടുകാര്‍ മധുരം നല്‍കും. വിവാഹശേഷം വരന്റെ വീട്ടില്‍ ഏവര്‍ക്കും മധുര തുല്യമായ അനുഭവങ്ങള്‍ പകരട്ടെ എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

വിവാഹത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ആഘോഷവും നടക്കും. കെല്‍വെന്‍ എന്നാണ് ഇതറിയപ്പെടുക. വധൂവരന്മാരുടെ വീട്ടില്‍ ഈ ദിവസം പ്രത്യേക വിരുന്ന് ഒരുക്കും. ഇരുകുടുംബങ്ങളും അന്യോന്യം ഈ വിരുന്നില്‍ അതിഥികളാകും.

വിവാഹാഘോഷങ്ങള്‍

ചൂഢാ ആഘോഷത്തോടെയാണ് വിവാഹചടങ്ങുകള്‍ തുടങ്ങുക. വിവാഹദിനം രാവിലെയാണ് ഇത് നടക്കുക. വധുവിന് വരന്റെ വീട്ടുകാര്‍ ചൂഢാ എന്നറിയപ്പെടുന്ന പ്രത്യേക വള സമ്മാനിക്കുന്നു. ഇതിന് ശേഷം ഗണപതി പൂജ നടക്കും. ഏതൊരു മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്നവനും ഭാഗ്യദേവനുമായ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നത് എല്ലാ ഹിന്ദു വിഭാഗങ്ങളിലും പതിവാണ്.


ഗണപതി പൂജയ്ക്ക് ശേഷം വധുവിന്റെ വീട്ടുകാര്‍ വരനെയും കൂട്ടരെയും സ്വീകരിക്കുന്നു. കാല്‍ കഴുകി സമ്മാനങ്ങള്‍ നല്‍കിയാണ് വരനെ സ്വീകരിക്കുന്നത്. വെള്ളിയുടെ എന്തെങ്കിലും വസ്തുക്കള്‍ സമ്മാനങ്ങളില്‍ ഉണ്ടാകും. സീമന്ത പൂജ എന്നാണ് ഈ സ്വീകരിക്കല്‍ ചടങ്ങ് അറിയപ്പെടുന്നത്.

അടുത്തതായി ലഗ്‌ന മുഹൂര്‍ത്തമാണ്. ഈ അവസരത്തില്‍ വിവാഹമണ്ഡപത്തിലെത്തിയ വീട്ടുകാരും അതിഥികളും എഴുന്നേറ്റ് നില്‍ക്കും. പ്രത്യേകമായി തയ്യാറാക്കിയ അക്ഷത്(അരിയുടെ കൂട്ട്) എല്ലാവര്‍ക്കും നല്‍കും. കയ്യില്‍ പൂമാലയേന്തി വരന്‍ പടിഞ്ഞാറ് വശത്തേക്ക് തിരിഞ്ഞ് നില്‍ക്കും. വരന് മുമ്പില്‍ തുണി കൊണ്ട് ഒരു മറ ഉണ്ടാക്കിയിട്ടുണ്ടാകും. വേദിയില്‍ വധുവിന്റെ പിന്നിലായി വരന്റെ അമ്മ നില്‍ക്കും. ഈ മുഹൂര്‍ത്തത്തില്‍ അതിഥികളും വീട്ടുകാരും പരമ്പരാഗത വിവാഹഗാനങ്ങള്‍ ആലപിക്കും. മംഗളസ്താക എന്നറിയപ്പെടുന്ന ഈ ഗാനത്തിന്റെ ചില പ്രത്യേകവരികള്‍ പാടുമ്പോള്‍ വരന്റെ അമ്മ കറുത്ത മുത്തുകളും സ്വര്‍ണമുത്തുകളും കോര്‍ത്ത ചരട് വധുവിന്റെ കഴുത്തില്‍ അണിയിക്കുന്നു. എക്‌സാരി എന്നാണ് ഈ ചരട് അറിയപ്പെടുന്നത്. വിവാഹഗാനത്തിന്റെ അവസാന വരികളെത്തുമ്പോള്‍ പൂജാരി വരന് മുമ്പിലെ തുണി കൊണ്ടുള്ള മറ നീക്കുന്നു. ശേഷം വധൂവരന്മാര്‍ പരസ്പരം പൂമാല അണിയിക്കും.

വിവാഹദിവസം വൈകുന്നേരം ലജഹോമം നടക്കും. അഗ്‌നിയ്ക്ക് മുന്നില്‍ വെച്ച് വധൂവരന്മാര്‍ ഒരു ജീവിതകാലത്തേക്ക് വേണ്ടിയുള്ള പ്രതിജ്ഞ എടുക്കും. ശേഷം വരന്‍ വധുവിന് മാംഗല്യസൂത്രം ചാര്‍ത്തുകയും നെറ്റിയില്‍ സിന്ദൂരം അണിയിക്കുകയും ചെയ്യും.

സപ്തപടിയാണ് അവസാനചടങ്ങ്. ഈ അവസരത്തില്‍ മണ്ഡപത്തിന് ചുറ്റുമായി അരിയുടെ ഏഴ് കൂനകള്‍ ഒരുക്കിയിട്ടുണ്ടാകും. ഇവയ്ക്ക് മുകളിലായി വെറ്റിലയും ഉണ്ടാകും. നടുവില്‍ അഗ്‌നി ജ്വലിപ്പിച്ചിണ്ടാകും. വധൂവരന്മാര്‍ മണ്ഡപത്തെ വലംവെക്കും. വരന് പിറകിലായ് നടന്ന് വധു ഓരോ കൂന അരിയിലും തന്റെ വലതുകാല്‍ വയ്ക്കും. ശേഷം വധൂവരന്മാര്‍ ഉണക്കലരിയും വെറ്റിലയും അഗ്‌നിക്ക് സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

വളരെ ലളിതമാണെങ്കിലും അവിസ്മരണീയമായ അനുഭവമാണ് ഓരോ മറാത്തി വിവാഹങ്ങളും.

വിവാഹാഭരണങ്ങള്‍

ആഭരണങ്ങളോട് പ്രത്യേക കമ്പമാണ് മറാത്തിക്കാര്‍ക്ക്. കനമേറിയ സ്വര്‍ണ്ണാഭരണങ്ങളോട് പ്രത്യേകിച്ചും. വിശേഷാവസരങ്ങളിലും എന്തിന് വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും മറാത്തിക്കാര്‍ ആഭരണങ്ങള്‍ അണിയാറുണ്ട്. വിവാഹാവസരത്തിലും ആഭരണങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ദൈനംദിന ജീവിതത്തില്‍ പോലും ആഭരണങ്ങള്‍ അണിയുന്ന മറാത്തിക്കാര്‍ വിവാഹത്തിന് അണിയുന്ന പൊന്ന് എത്രയായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ

വിവാഹാഭരണങ്ങളില്‍ ചപ്ലഹാരം വളരെ പ്രത്യേകതകളുള്ള മാലയാണ്. പ്രത്യേകപണികളില്‍ തയ്യാറാക്കിയ നീളം കൂടിയ മനോഹരമായ മാലയാണിത്. ചപ്ലഹാരത്തിന്റെ നീളം വധുവിന്റെ ഹൃദയം തൊടുന്നുവെന്നാണ് ചൊല്ല്. സ്ത്രീകളിലെ വിചാര വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഈ മാലയ്ക്ക് സാധിക്കുമെന്നാണ് മറാത്തി വിശ്വാസം. സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് മറാത്തി സംസ്‌കാരത്തില്‍ ഈ മാല. വിവാഹത്തിന് മാത്രമല്ല മറ്റ് വിശേഷാവസരങ്ങളിലും മറാത്തിക്കാര്‍ ഈ മാല അണിയാറുണ്ട്.

ലക്ഷ്മിഹാരം മറ്റൊരു പരമ്പരാഗത ആഭരണമാണ്. ലക്ഷ്മിദേവിയുടെ രൂപം പതിച്ച നാണയങ്ങള്‍ ഈ മാലയില്‍ കോര്‍ത്തിരിക്കുന്നു. ലക്ഷ്മീഹാരം അണിഞ്ഞ വധുവിന് സാത്വികമായ അനുഗ്രഹം ലഭിക്കുമെന്നും അതിലൂടെ ആധ്യാത്മിക ഉണര്‍വ്വ് ഉണ്ടാകുമെന്നുമാണ് വിശ്വാസം.

വധുവണിയുന്ന മറ്റൊരു മാലയാണ് ഗന്ധന്‍. വിവാഹത്തിന് മുമ്പ് വധു ഈ മാല അണിയാറില്ല. ലജഹോമ ചടങ്ങില്‍ വച്ച് വരനാണ് ഈ ആഭരണം വധുവിന് ചാര്‍ത്തുക. താലിയും കറുത്ത മുത്തുകളും കോര്‍ത്ത ചരടാണിത്. രണ്ടുപേര്‍ തമ്മിലുണ്ടായിരിക്കേണ്ട സ്‌നേഹം, വിശ്വാസം, പരസ്പര ധാരണ, ത്യാഗം എന്നിവയുടെ പ്രതീകമാണിത്. വിവാഹിതയുടെ ലക്ഷണം കൂടിയാണ് ഈ ഗന്ധന്‍.

സ്വര്‍ണമുത്തുമാലയാണ് കോലാപുരി സാജ്. കൊത്തുപണികളോടു കൂടിയ ഇലയുടെ ആകൃതിയിലുള്ള ഒരു പതക്കവും അതിനുണ്ടാകും. പതക്കത്തിന് നടുക്കായി വലിയ മാണിക്യക്കല്ല് ഉണ്ട്.
മറാത്തിക്കാര്‍ക്ക് വളരെ പ്രിയപ്പെട്ടതും നിരവധി പരമ്പരാഗ മറാത്തി മാലകളില്‍ മറ്റൊന്നാണ് തുഷി. കഴുത്തില്‍ ഒട്ടിനില്‍ക്കുന്ന ഒന്നാണിത്. ആഭരണപ്പണികളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ക്കേ വളരെ വിശേഷപ്പെട്ട ഈ മാല പണിയാനാകൂ. വിവിധ വലിപ്പങ്ങളിലുള്ള സ്വര്‍ണമുത്തുകളാണ് ഈ മാലയിലുള്ളത്.

മറാത്തി വധുക്കള്‍ അണിയുന്ന് കമ്മലാണ് കാന്‍ ജിമുക്കി. പൂക്കളുടെ ആകൃതിയിലുള്ള ഡിസൈന്‍ ഈ കമ്മലിന്റെ പ്രത്യേകതയാണ്. കാത് മുഴുവന്‍ മൂടുന്ന രീതിയിലാണ് ഇതിന്റെ പണി. മാലകളിലും കമ്മലിലും മാത്രമല്ല വളകളിലും പരമ്പരാഗത തനിമ നിലനിര്‍ത്തുന്നവരാണ് മറാത്തിക്കാര്‍. ഗാഹു തോഡ് ഇതിലൊന്നാണ്. വിവാഹത്തിന് ഈ വള അണിയുക നിര്‍ബന്ധമാണ്.