കാശുമാല, മാങ്ങാമാല, ഡയമണ്ട് നെക്ലൈസുകള്‍- വധുവിനെ രാജകുമാരിയാക്കുന്ന ആഭരണ ട്രെന്‍ഡുകള്‍

കാശുമാല, മാങ്ങാമാല, ഡയമണ്ട് നെക്ലൈസുകള്‍- വധുവിനെ രാജകുമാരിയാക്കുന്ന ആഭരണ ട്രെന്‍ഡുകള്‍

പെണ്ണിന്റെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് ചിറകുവെക്കുന്ന സമയമാണ് അവളുടെ കല്യാണം. എല്ലാ കണ്ണുകളും അവളിലേക്കാവുന്നത് കൊണ്ട് തന്നെ അവളുടെ സ്വപ്‌നങ്ങളില്‍ നിറയുന്നത് മനോഹരമായ വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമാണ്.


പെണ്ണിന്റെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് ചിറകുവെക്കുന്ന സമയമാണ് അവളുടെ കല്യാണം. എല്ലാ കണ്ണുകളും അവളിലേക്കാവുന്നത് കൊണ്ട് തന്നെ അവളുടെ സ്വപ്‌നങ്ങളില്‍ നിറയുന്നത് മനോഹരമായ വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമാണ്. അവളുടെ ഭംഗിക്കു മാറ്റുകൂട്ടാന്‍ ആഭരണങ്ങളുടെ ഒരു മഹാ കലവറ തന്നെ മുന്നില്‍ വെച്ച് കാത്തുനില്‍ക്കുകയാണ് ആഭരണവിപണി.

ആഭരണങ്ങളും അതിനു ചേരുന്ന വസ്ത്രങ്ങളുമണിഞ്ഞെത്തുമ്പോള്‍ ഒരു രാജകുമാരിയുടെ രൂപത്തില്‍ കുറഞ്ഞൊന്നും അവള്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ വിവാഹങ്ങള്‍ ഒരു ദിവസത്തെ ചെറിയ ചടങ്ങില്‍ ഒതുങ്ങുന്ന ഒന്നല്ല. കല്യാണ നിശ്ചയം മുതല്‍ മെഹന്തി, റിസപ്ഷന്‍ അങ്ങനെ ഓരോന്നിലും വെവ്വേറെ വസ്ത്രങ്ങളും ആഭരണങ്ങളും അണിയേണ്ടതുണ്ട്.
കുറച്ചു സമയം, എന്നാല്‍ പലതരത്തിലുള്ള ആഭരങ്ങള്‍…. ഇവയില്‍ നിന്ന് ഏറ്റവും ഇണങ്ങുന്നത് തിരഞ്ഞെടുക്കുകയും വേണം!
ഡയമണ്ട് തന്നെ താരം

വധുവിന്റെ ബെസ്റ്റ് ഫ്രെണ്ട് എന്നും ഡയമണ്ട് തന്നെയാണ്. വിവാഹ വസ്ത്രമേതായാലും നന്നായി ചേര്‍ന്നു പോകുന്നു എന്നതാണ് ഡയമണ്ടിനെ പ്രിയപ്പെട്ടതാക്കുന്നത്. മറ്റു സ്വര്‍ണ്ണാഭരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന അണ്‍കട്ട് ഡയമണ്ട് ഇപ്പോഴും താരമാണ്.

മാങ്ങാ മാല

ദക്ഷിണേന്ത്യന്‍ ട്രഡീഷണല്‍ നെക്‌ളേസ് കളക്ഷനില്‍ മുന്‍പന്തിയിലാണ് മാങ്ങാമാലയുടെ സ്ഥാനം. എത്‌നിക് ലുക്ക് നല്‍കുന്നു ഇത്.


നക്ഷി ട്ടെമ്പിള്‍ ജ്വല്ലറി

ഡിവൈന്‍ ലുക്ക് നല്‍കുന്ന ദേവീ ചിത്രങ്ങള്‍ കൊത്തിയ പെന്‍ഡന്റ്, അതില്‍ കല്ലുകളോ മുത്തുകളോ വെച്ച് യുണീക്ക് പീസായാണ് ടെമ്പിള്‍ ജ്വല്ലറികള്‍ വരുന്നത്. ട്രഡീഷണല്‍ ടെമ്പിള്‍ ജ്വല്ലറിയില്‍ പെന്‍ഡന്റുകളില്‍ ഏറ്റവും പ്രിയം ലക്ഷ്മിയും ഗണപതിയുമാണ്.

പോള്‍കി ഡയമണ്ട്

രാജകുമാരിയായി ഒരുങ്ങണമെങ്കില്‍ ഏറ്റവും നല്ല ചോയ്‌സ് പോള്‍കി അല്ലെങ്കില്‍ കുന്തന്‍ വര്‍ക്കുളള ആഭരണങ്ങളാണ്. മുഗള്‍ ഡിസൈനിലാണ് പോള്‍കി ഡയമണ്ട് ഉണ്ടാക്കുന്നത്. നെക്ലേസ് സെറ്റുകള്‍, വലിയ ചോക്കര്‍ എന്നിവയും ഇങ്ങനെ വിപണിയിലെത്തുന്നുണ്ട്. ഇതിന് ആവശ്യക്കാരേറെയാണ്. ഇനാമല്‍ വര്‍ക്കിലും മീനാകാരി ഡിസൈനിലും ചെയ്ത ആഭരണങ്ങള്‍ക്ക് ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ വന്‍ ഡിമാന്റാണ്. വിവാഹ ദിനത്തില്‍ ഇവ രാജകീയ പ്രൗഢി നല്‍കുന്നു.

ആന്റീക് ജ്വല്ലറി

കരവിരുതിന്റെ സൂക്ഷ്മതയും അതിന്റെ ഡള്‍ ലുക്കുമാണ് മറ്റുള്ള ആഭരണങ്ങളില്‍നിന്ന് ആന്റിക് ഗോള്‍ഡിനെ വ്യത്യസ്തമാക്കുന്നത്. ആന്റിക് കുന്തന്‍ നെക്‌ളേസുകളും മീനാകാരി വര്‍ക്കില്‍ ചെയ്ത ആഭരണങ്ങളും ആരെയും മോഹിപ്പിക്കുന്നതാണ്.
ആന്റിക് ഡിസൈനിലുളള നെറ്റി ചുട്ടി, വളകള്‍, നെക് പീസ്, അരപ്പട്ട എന്നിവ ഇപ്പോള്‍ വീണ്ടും ട്രെന്റായിരിക്കുകയാണ്. ആന്റീക്കിലുള്ള സ്വര്‍ണ്ണ മുത്തുകള്‍ ചേര്‍ത്ത വലിയ ചെയിന്‍ ഇപ്പോള്‍ ട്രെന്റാണ്.

കുന്തന്‍ ജ്വല്ലറി

രാജസ്ഥാനില്‍ നിന്നാണിതിന്റെ വരവ്. മുഗള്‍ കാലഘട്ടം മുതല്‍ ഇന്നു വരെ ഇതിന്റെ ആരാധകര്‍ കുറഞ്ഞിട്ടില്ല. കല്ലുകളും രത്‌നങ്ങളും സ്വര്‍ണ്ണത്തില്‍ പതിപ്പിച്ച് സൂക്ഷ്മമായ മീനാകാരി വര്‍ക്കും ചെയ്താണ് ഈ ആഭരണം രൂപപ്പെടുത്തിയെടുക്കുന്നത്. ആ പ്രൗഢി ഇതിനുണ്ട്. പോള്‍ക്ക നാച്വറല്‍ അണ്‍കട്ട് ഡയമണ്ട് കൊണ്ടാണെങ്കില്‍ കുന്തന്‍ ഗ്‌ളാസ്സ് സ്‌റ്റോണുകൊണ്ടാണ്. വലുപ്പമുള്ള ചോക്കറുകള്‍ വധുവിന്റെ ലുക്ക് തന്നെ മാറ്റുന്നു.

കാശുമാല

കേരളത്തില്‍ നിന്നുള്ള ഇവ എന്നും ട്രെന്റിലുള്ള ഒരാഭരണമാണ്. കുറേ കോയിന്‍ രൂപങ്ങള്‍ ചേര്‍ത്ത് ഒരു വലിയ ചെയിനിലാണ് ഇതുണ്ടാക്കുന്നത്. ആന്റീക്കിലും അതുപോലെത്തന്നെ സ്വര്‍ണ്ണ മഞ്ഞ നിറത്തിലും ഇതു വിപണിയിലുണ്ട്. ചെറുതും വലുതുമായ ഡിസൈനില്‍ ഇതു വരുന്നു. ഇവയെക്കൂടാതെ ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ഫങ്കി ടൈപ്പിലുള്ള ആഭരണങ്ങളും ഇപ്പോള്‍ ട്രെന്റാണ്. പീകോക്ക് ഡിസൈനിലുള്ളവയും അസിമെട്രിക് ഡിസൈനിലുള്ളവയും കൂടാതെ റാപ്പ് എറൊണ്ട് നെക്ലേസ്, രണ്ട് നിരയായിട്ടുള്ള നെക്ലേസുകള്‍ എന്നിവയും ഇന്ന് സ്ത്രീകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. റിവൈസ്ഡ് ജുംക മുതല്‍ ആര്‍ട്‌സി ബോറ, 1920 കളിലെ ഗാറ്റ്‌സ്ബി ടാസ്സല്‍  ഇയറിങ്, റൂബിയും എമറാള്‍ഡും സഫയറും പതിച്ച ആഭരണങ്ങള്‍ എന്നിവയും ഇന്നത്തെ പെണ്‍കുട്ടികള്‍ പരീക്ഷിക്കുന്നു.

ചോക്കറില്‍ തുടങ്ങി യൂണീക്കായ നെക്‌ലേസുകളും പല വലുപ്പത്തിലും നീളത്തിലുമുള്ള മാലകളും നെറ്റി ചുട്ടിയും ചേരുന്ന ട്രഡീഷണലും വെറൈറ്റിയുമുള്ള ജുംക, വളകള്‍, അരപ്പട്ട, വങ്കി, പാദസരം, മോതിരം…. എല്ലാം കൂടി ചേര്‍ന്ന് ദേവതയെപ്പോലെ ഒരുങ്ങിവരുന്ന വധുവിനെ ആരും കണ്ണെടുക്കാതെ നോക്കിനിന്നു പോകും.