കാറ്റേഴ്‌സിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക;അതിഥികള്‍ സംതൃപ്തരാകണെമങ്കില്‍ ഭക്ഷണം ഗംഭീരമെന്ന് തന്നെ പറയണം

കാറ്റേഴ്‌സിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക;അതിഥികള്‍ സംതൃപ്തരാകണെമങ്കില്‍ ഭക്ഷണം ഗംഭീരമെന്ന് തന്നെ പറയണം

വിവാഹത്തിനെത്തുന്ന അതിഥികള്‍ സന്തോഷത്തോടെ, സംതൃപ്തരായി വധൂവരന്മാരെ ആശീര്‍വദിച്ച് മടങ്ങണം. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ മതി അതിഥികളാരെങ്കിലും പിണങ്ങാന്‍. അതിഥികളുടെ സംതൃപ്തിക്കും പിണക്കത്തിനും ഭക്ഷണത്തിനുള്ള സ്ഥാനം ചില്ലറയല്ല.


വിവാഹത്തിനെത്തുന്ന അതിഥികള്‍ സന്തോഷത്തോടെ, സംതൃപ്തരായി വധൂവരന്മാരെ ആശീര്‍വദിച്ച് മടങ്ങണം. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ മതി അതിഥികളാരെങ്കിലും പിണങ്ങാന്‍. അതിഥികളുടെ സംതൃപ്തിക്കും പിണക്കത്തിനും ഭക്ഷണത്തിനുള്ള സ്ഥാനം ചില്ലറയല്ല. വിഭവങ്ങളുടെ ഗുണമേന്മമയും രുചിയും ആശ്രയിച്ചിരിക്കും വിവാഹം ഗംഭീരമാണോ അല്ലയോ എന്നത് സംബന്ധിച്ച അതിഥികളുടെ വിലയിരുത്തലുകള്‍. എത്ര ഗംഭീര ഫുഡ് ഒരുക്കിയാലും പത്ത് പേര്‍ അപ്പുറത്ത് നിന്നും കുറ്റം പറയുമെങ്കിലും തരക്കേടില്ലാത്ത വിഭവങ്ങള്‍ അതിഥികള്‍ക്ക് മുമ്പിലെത്തിക്കേണ്ടത് ക്ഷണിതാവെന്ന നിലയില്‍ വരന്റെ/വധുവിന്റെ വീട്ടുകാരുടെ ചുമതലയാണ്. വിവാഹ ഭക്ഷണം ഏല്‍പ്പിക്കുന്ന കേറ്ററിങ് സര്‍വീസിന്റെ തെരഞ്ഞെടുപ്പാണ് അതില്‍ പ്രധാനം. വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലേക്ക്

സിംപിള്‍, എലഗന്റ്, കൊക്കില്‍ ഒതുങ്ങുന്നത്

ലാളിത്യമാണ് സൗന്ദര്യത്തിന്റെ അമ്മയെന്ന് പറയാറുണ്ട്. വിവാഹ ദിനത്തില്‍ തീന്‍മേശയില്‍ വിളമ്പുന്ന വിഭവങ്ങള്‍ തീരുമാനിക്കുമ്പോള്‍ മേല്‍വാക്കുകള്‍ ഒന്നോര്‍ക്കുക. ഒട്ടനവധി വിഭവങ്ങള്‍ ഏല്‍പ്പിച്ച് തീന്‍മേശ നിറയ്ക്കുന്നതിലാകരുത് ശ്രദ്ധ. സിംപിളായിരിക്കണം, അതേസമയം രുചികരവുമായിരിക്കണം. ബജറ്റ് എത്രയാണെന്ന് ആദ്യം തീരുമാനിക്കുക, അതിനൊത്ത മികച്ച വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക.

തീന്‍മേശയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍

വിവാഹങ്ങള്‍ക്ക് ഭക്ഷണം ഒരുക്കി നല്‍കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റിലുമുണ്ടാകും. അവരില്‍ ആരെ തെരഞ്ഞെടുക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൈപുണ്യമുള്ളവരെ ഏല്‍പ്പിക്കണം എന്നായിരിക്കും പഴമക്കാരുടെ അഭിപ്രായം. ഒരുതരത്തില്‍ അതുതന്നെയാണ് ശരിയായ കാര്യം. പക്ഷെ അതുമാത്രം നോക്കിയാല്‍ പോര. രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം അത് അതിഥികള്‍ക്ക് മുന്നില്‍ വിളമ്പേണ്ടെ? ഭക്ഷണമേല്‍പ്പിക്കുമ്പോള്‍ അതുകൂടി നോക്കണം. അതിനാണ് കേറ്ററിങ് സര്‍വീസുകള്‍. ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും എല്ലാം ഒറ്റ പാക്കേജില്‍ ഒതുക്കിയാല്‍ അധിക ചെലവ് ഒഴിവാക്കാം. കേറ്ററിങ് സര്‍വീസിലെ പാചകക്കാരന്റെ കൈപുണ്യം നേരിട്ട് അറിയാനും ശ്രമിക്കുക. ഭക്ഷണം ഒരുക്കി വിവാഹ വേദിയില്‍ എത്തിച്ച് വിളമ്പി തരുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് കൂടി അന്വേഷിക്കുമല്ലോ.

കീപ്പ് ഇന്‍ ടച്ച് വിത്ത് കാറ്റേഴ്‌സ്

വിവാഹം ഉറപ്പിച്ചാല്‍ നമ്മള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണം ഏല്‍പ്പിക്കുകയെന്നത്. ‘ഇനി ഒന്നും പേടിക്കാനില്ലല്ലോ’ എന്ന ലൈനിലായിരിക്കും പലരും. പിന്നെ വിവാഹത്തലേന്ന് ആയിരിക്കും കാറ്റേഴ്‌സിനെ പലരും വിളിക്കുക. നമ്മള്‍ മാത്രമായിരിക്കില്ല കേറ്ററുടെ കസ്റ്റമേഴ്സ് എന്നോര്‍ക്കുക. ചിലപ്പോള്‍ നമ്മുടെ വിവാഹദിനം തന്നെ അയാള്‍ക്ക് മറ്റൊന്നും ഉണ്ടായിരിക്കില്ല. വിവാഹത്തലേന്നാണ് ഭക്ഷണത്തെ കുറിച്ച് ആലോചിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ഏല്‍പ്പിച്ച വിഭവങ്ങളെല്ലാം വീട്ടില്‍ എത്തണമെന്നില്ല. ‘എല്ലാം മുമ്പ് പറഞ്ഞ് ഉറപ്പിച്ചതല്ലേ, പണം മുന്‍കൂറായി നല്‍കിയതല്ലേ’ എന്നെല്ലാം ചോദിക്കാമെങ്കിലും വിവാഹം നമ്മുടേതാണെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ കേറ്ററുമായി സ്ഥിരം ബന്ധം പുലര്‍ത്തുക. വിവാഹത്തിന് ഒരാഴ്ച്ച മുമ്പെങ്കിലും അയാളുടെ അടുത്തു പോയി കാര്യങ്ങള്‍ തിരക്കുക. വിവാഹത്തിന് മുമ്പ് പറഞ്ഞതിനേക്കാളും ആളുകള്‍ ഉണ്ടാകുമെങ്കില്‍ അതും കേറ്റററെ അറിയിക്കണം. കഴിയുമെങ്കില്‍ കേറ്ററുമായി നിയമപരമായ ഒരു കരാര്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും.

വേസ്റ്റ് മാനേജ്മെന്റ്

വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടേയും തലവേദന ആകുന്ന ഒരു കാര്യമാണിത്. തീന്‍മേശയില്‍ അവശേഷിക്കുന്ന ഭക്ഷണ മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടത് വിവാഹത്തെ പോലെ തന്നെ അതിപ്രധാനമായ കാര്യമാണ്. വേസ്റ്റ് മാനേജ്മെന്റ് കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ നിയമനടപടി വരെ നേരിട്ടേക്കാം. വിവാഹ ദിനത്തിന് മുമ്പുതന്നെ മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടണം. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം കൂടി കേറ്ററര്‍ ഏറ്റെടുക്കുമോ എന്ന് ആദ്യം ആരായുക. അതിനുശേഷം മാത്രം പുറത്ത് അന്വേഷിച്ചാല്‍ മതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താം.