ആദ്യ വിവാഹ വാര്‍ഷികം പ്രണായുതരമാക്കാം, പ്ലാന്‍ ചെയ്യൂ.. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, യാത്ര, സര്‍പ്രൈസ് ഗിഫ്റ്റ്, ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോട്ടം

ആദ്യ വിവാഹ വാര്‍ഷികം പ്രണായുതരമാക്കാം, പ്ലാന്‍ ചെയ്യൂ.. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, യാത്ര, സര്‍പ്രൈസ് ഗിഫ്റ്റ്, ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോട്ടം

ജീവിതത്തില്‍ ഒരു മെയ്യായി യാത്ര ആരംഭിച്ചതിന്റെ ഒരാണ്ട് പൂര്‍ത്തിയാക്കുന്ന ദിനം. ദാമ്പത്യത്തിലെ പിന്നിട്ട ഒരു വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള ദിവസം കൂടിയാണിത്. പ്രിയതമന് അല്ലെങ്കില്‍ പ്രിയതമയ്ക്ക് വലിയൊരു സര്‍പ്രൈസ് നല്‍കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. ആ നാള്‍ എന്നെന്നും ഓര്‍മ്മയില്‍ തങ്ങുന്ന വിധം ആഘോഷിക്കേണ്ടെ?


ഒരുപാട് വാര്‍ഷികങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ ആഘോഷിച്ചുണ്ടാകാം. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ഒന്നാം വിവാഹ വാര്‍ഷികം. ജീവിതത്തില്‍ ഒരു മെയ്യായി യാത്ര ആരംഭിച്ചതിന്റെ ഒരാണ്ട് പൂര്‍ത്തിയാക്കുന്ന ദിനം. ദാമ്പത്യത്തിലെ പിന്നിട്ട ഒരു വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള ദിവസം കൂടിയാണിത്. പ്രിയതമന് അല്ലെങ്കില്‍ പ്രിയതമയ്ക്ക് വലിയൊരു സര്‍പ്രൈസ് നല്‍കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. ആ നാള്‍ എന്നെന്നും ഓര്‍മ്മയില്‍ തങ്ങുന്ന വിധം ആഘോഷിക്കേണ്ടെ? വേണമെന്ന് തന്നെയായിരിക്കും 101 ശതമാനം ആളുകളുടേയും മറുപടിയെങ്കിലും എങ്ങനെയെന്ന് ചോദിച്ചാല്‍ എളുപ്പം മറുപടി നല്‍കാന്‍ ആര്‍ക്കും കഴിയുകയില്ല. ശരിയല്ലേ?

ആദ്യമായി കണ്ടുമുട്ടിയ ദിനം, ആദ്യത്തെ ആലിംഗനം, ആദ്യത്തെ ചുംബനം, പരസ്പരമുള്ള ആദ്യത്തെ വഴക്ക്..അങ്ങനെ ദാമ്പത്യത്തിലെ ‘മധുരം നിറഞ്ഞ ഓര്‍മ്മകളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഒന്നാം വിവാഹ വാര്‍ഷികം. ആ നിമിഷങ്ങള്‍ നമുക്ക് ഒരിക്കലും തിരികെ ലഭിക്കില്ല. ഓര്‍മ്മകളുടെ ഇടനാഴികളിലേക്ക് ചേക്കേറിയ ആ നിമിഷകളിലേക്കുള്ള ഒരു യാത്ര ആഗ്രഹിക്കാത്തവരായി ആരുണ്ട്? വ്യത്യസ്ത അഭിരുചികളും സ്വഭാവങ്ങളും ഉള്ളവരാണ് എന്ന് തിരിച്ചതിഞ്ഞു കൊണ്ട് തന്നെ നിങ്ങളുടെ ജീവിത പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിവേണം ആദ്യ വിവാഹ വാര്‍ഷികം പ്ലാന്‍ ചെയ്യേണ്ടത്. അതില്‍ ഒരു യാത്രയാകാം, ഒരു റൊമാന്റിക് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആകാം, ഒരു പാര്‍ട്ടിയാകാം തുടങ്ങി നിങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് ഇഷ്ടപ്പെടുന്ന എന്തും ആവാം….വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നിരവധിമാര്‍ഗങ്ങളുണ്ട്. പക്ഷെ അത് പെര്‍ഫെക്ട് ആക്കേണ്ടെ? അക്കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ? എങ്കില്‍ അത്തരം ആശങ്കകളൊന്നും വേണ്ടേ വേണ്ട. ഇതാ ആ ദിനം പ്രണയാതുരമാക്കാനുള്ള വഴികള്‍.

റൊമാന്റിക് അടിച്ചുപൊളി

ഒന്നാം വിവാഹ വാര്‍ഷികം അല്‍പ്പം റൊമാന്റിക്ക് ആക്കി മാറ്റാനുള്ള ഏകവഴി ഔട്ടിങ്ങ് തന്നെ. വാരാന്ത്യത്തിലാണെങ്കില്‍ ഏറ്റ
വും അടുത്തുള്ള ബീച്ചോ ഹില്‍ സ്‌റ്റേഷനിലേക്കോ വണ്ടിപിടിക്കാം. അതുവരെ പോകാന്‍ കഴിയാത്ത പോകാന്‍ ആഗ്രഹിച്ച ഇടങ്ങളും തെരഞ്ഞെടുക്കാം. അധികമാരുടേയും സാന്നിദ്ധ്യമില്ലാത്ത ഒരിടത്ത് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ പങ്കുവെക്കാം.

ഓര്‍മ്മളിലേക്കൊരു യാത്ര

വിവാഹത്തിന് മുമ്പ് ഇടക്കിടെ കണ്ടുമുട്ടാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളുണ്ടായിരുന്നില്ലേ? അതൊരു കോഫീ ഹൗസ് ആയിരിക്കാം, പാര്‍ക്ക് ആയിരിക്കാം, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട റസ്റ്ററന്റോ ആയിരിക്കാം. അവിടേയ്ക്ക് വീണ്ടുമൊരു യാത്ര പ്ലാന്‍ ചെയ്യൂ. ഒരു കാര്യം ഉറപ്പുതരാം, പ്രണയകാലത്തിന്റെ വീണ്ടെടുപ്പ് ആയിരിക്കും അത്.

സര്‍പ്രൈസ് പാര്‍ട്ടി

സര്‍പ്രൈസ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വിവാഹ വാര്‍ഷിക ദിനത്തിലും അത്തരമൊരു സര്‍പ്രൈസ് പ്ലാന്‍ ചെയ്യാം. പ്രിയതമന്റെ/പ്രിയതമയുടെ എല്ലാ സുഹൃത്തുക്കളേയും രണ്ട് പേരുടേയും കുടുബാംഗങ്ങളേയും ക്ഷണിച്ചുള്ള ഒരു ഗംഭീര പാര്‍ട്ടി. പാര്‍ട്ടിക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ അതീവ രഹസ്യമായിരിക്കണം. വിവാഹ വാര്‍ഷികമോ? അതെന്താണ് എന്ന ലൈന്‍ സ്വീകരിച്ചാലും തെറ്റില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത പാര്‍ട്ടി കാണുമ്പോള്‍ പങ്കാളിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം മറ്റെന്തിനേക്കാളും വിലമതിയ്ക്കും.


നല്‍കാം പങ്കാളിയ്‌ക്കൊരു സമ്മാനം

ഒരുപാട് പണം ചെലവാക്കി വാങ്ങുന്ന സമ്മാനത്തെക്കാളും വിലമതിക്കുന്ന ചില സമ്മാനങ്ങളുണ്ട്..നിങ്ങള്‍ ഹൃദയം കൊണ്ട് നല്‍കുന്ന സമ്മാനം. പ്രണയം കുത്തിക്കുറിച്ചുള്ള ഒരു കത്ത് അല്ലെങ്കില്‍ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ഒരു കുഞ്ഞുപ്പാവ, ഒരു വെഡ്ഡിങ്ങ് കാര്‍ഡ്. അതുമല്ലെങ്കില്‍ അവളുടെ/അവന്റെ കുട്ടിക്കാല ജീവിതത്തെ ഏറ്റവും നിറമുള്ളതാക്കിയ എന്തെങ്കിലും ഒന്ന്. അതിനായി പങ്കാളിയുടെ മാതാപിതാക്കളുടെ സഹായവും തേടുന്നതില്‍ തെറ്റില്ല.

വെഡ്ഡിങ്ങ് വീഡിയോ ഒന്നുകൂടി കണ്ടാലോ?

ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനത്തിലേക്ക് മടങ്ങി പോകാനുള്ള എളുപ്പ മാര്‍ഗം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരുമിച്ചിരുന്ന് കാണാം. ചില രംഗങ്ങള്‍ നിങ്ങളെ പൊട്ടിചിരിപ്പിക്കും തീര്‍ച്ച. ആ നിമിഷം ഓര്‍മ്മയില്‍ വിടരുന്ന ഇതുവരെ സംസാരിക്കാത്ത കാര്യങ്ങള്‍ പങ്കാളിയോട് പങ്കുവെക്കാം.

ഓര്‍മ്മകളുടെ ഫോട്ടോഷൂട്ട്

100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ നിത്യാ മേനോന്റെ ക്ഷീലയെന്ന കഥാപാത്രം മാതാപിതാക്കള്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് ഓര്‍മ്മയുണ്ടോ? അതുപോലെ ഒന്ന് വിവാഹ വാര്‍ഷിക ദിനത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും ആയിക്കൂടാ…ഒരുമിച്ച് ആദ്യമായി ചിത്രമെടുത്ത ഇടത്തേക്ക് ഒരു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒരു യാത്ര പോകാം. അതേ ഇടത്ത് നിന്ന് അതേ പോസില്‍ മറ്റൊരു ചിത്രമെടുക്കാം. ചിത്രങ്ങള്‍ മികവുറ്റതാക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ പ്രൊഫഷണല്‍
ഫോട്ടോഗ്രാഫര്‍മാരുടെ സഹായവും തേടാം.

സ്‌നേഹത്തിന്റെ മധുരം പകരാം മറ്റുള്ളവരിലേക്കും

ആ ദിനം കൂടുതല്‍ മധുരമുള്ളതാക്കാന്‍ ഇത്തിരി സമയം മറ്റുള്ളവര്‍ക്ക് വേണ്ടിയും നീക്കി വെക്കാം. സ്‌നേഹം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി സ്‌നേഹം പകരാം. അത് ആ ദിവസത്തെ കൂടുതല്‍ സ്‌നേഹാതുരമാക്കും. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും മക്കള്‍ നടതള്ളിയതിന്റെ വേദനയില്‍ മനംനീറി വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കാം. വിവാഹ വാര്‍ഷിക കേക്ക് മുറിക്കുന്നത് അവര്‍ക്കൊപ്പമാകാം. ജീവിതത്തില്‍ ഒറ്റയ്ക്കായ അവരുടെ ചുണ്ടില്‍ പുഞ്ചിരി വിതറാന്‍ കഴിഞ്ഞാല്‍ വിവാഹ വാര്‍ഷിക ദിനം ധന്യമാകാന്‍ അതില്‍പരം വേറെ എന്തുവേണം? ഒരുമരം നട്ട് തണലൊരുക്കി മറ്റുള്ളവര്‍ക്കൊരു വേറിട്ട മാതൃകയും ആകാവുന്നതാണ്.