വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണല്ലോ? അപ്പോള്‍ ഹണിമൂണോ? ദൈവത്തിന്റെ സ്വന്തം നാടുള്ളപ്പോള്‍ മറ്റൊരിടം തേടേണ്ട

വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണല്ലോ? അപ്പോള്‍ ഹണിമൂണോ? ദൈവത്തിന്റെ സ്വന്തം നാടുള്ളപ്പോള്‍ മറ്റൊരിടം തേടേണ്ട

വിവാഹത്തിന്റെ ആദ്യനാളുകളില്‍ യാത്ര പോകാം കേരളത്തിലെ ഈ കാഴ്ച്ചകളുടെ പറുദ്ദീസകളിലേക്ക്


എല്ലാ വിവാഹങ്ങളും വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെയും ഒരു സ്വപ്ന സാക്ഷാത്കാരമാണ്‌. ആ സ്വപ്‌ന സാക്ഷാത്കാര സന്ദര്‍ഭത്തില്‍ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും പോലെ ഏവരും മനസ്സില്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ ഒന്നാണ് വിവാഹ ശേഷമുള്ള യത്രകള്‍. രണ്ടു മനസ്സുകളുടെ കൂടിചേരലിനു സ്വര്‍ഗതുല്യമായൊരു സ്ഥലം വേണം. വ്യത്യസ്ത അഭിരുചികളുള്ളവരാണെങ്കിലും എല്ലാവര്‍ക്കും യോജിച്ച സ്ഥലങ്ങളുണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍.

മൂന്നാര്‍

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന മൂന്നാറിന് ആരാധകര്‍ ഏറെയാണ്. തേയിലത്തോട്ടങ്ങളും ചെറുകാടുകളും പശ്ചാത്തലമൊരുക്കുന്ന മൂന്നാറിലേക്ക് വിദേശ സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. മേഘങ്ങളെ ചുംബിച്ച് ശീതക്കാറ്റിനെ തഴുകുന്ന മലനിരകള്‍ മൂന്നാറിനെ തണുപ്പിച്ച് നിര്‍ത്തുകയും സ്വപ്ന സുന്ദരിയാക്കുകയും ചെയ്യുന്നു. താമസിക്കാന്‍ ബഡ്ജറ്റ് നിരക്കില്‍ റിസോര്‍ട്ടും ഹോട്ടലുകളും ഇവിടെ ലഭ്യമാണ്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളും,ജനുവരി മുതല്‍ മെയ് വരെയുമാണ് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

കുട്ടനാട്


ജീവിത പങ്കാളിയ്ക്കൊപ്പം ഒരു ഹൗസ്ബോട്ട് യാത്ര ആയാലോ? എങ്കില്‍ കുട്ടനാടിലേക്ക് പിടിക്കാം. പച്ച പുതച്ച പാടങ്ങളും കായലിലേക്കിറങ്ങി കിടക്കുന്ന തെങ്ങിന്‍ത്തോപ്പുകളും,അതിലൂടെ ഇറങ്ങി വെള്ളത്തില്‍ നീന്തി തുടിക്കുന്ന താറാവിന്‍ പറ്റങ്ങളേയും കണ്ടാസ്വദിച്ചൊരു ഉഗ്രന്‍ യാത്ര. കുട്ടനാടന്‍ സ്പെഷല്‍ ഭക്ഷണവും രുചിച്ച് അത്യാധുനിക സംവിധാനങ്ങളുള്ള ഹൗസ് ബോട്ട് യാത്ര എല്ലാവര്‍ക്കും വേറിട്ടൊരു അനുഭവമായിരിക്കുമെന്നത് തീര്‍ച്ച.

ഒക്ടോബര്‍ മുതല്‍ ഫബ്രുവരി വരെയാണു കുട്ടനാട് കാണാന്‍ അനുയോജ്യമായ സമയം.

വാഗമണ്‍

ജലത്തുള്ളികളാല്‍ രത്നം വിതച്ച പുല്‍മേടുകളില്‍ ഓടി നടക്കാന്‍ കൊതിയില്ലേ? പുല്‍ത്തകിടികള്‍ പരവതാനി വിരിച്ച വാഗമണില്‍ പോയാല്‍ ആഗ്രഹം സഫലമാക്കാം. മലകളും തഴുകിയെത്തുന്ന ഈറന്‍ കാറ്റും പൊന്നുപോലെ തിളങ്ങുന്ന സൂര്യ രശ്മികളും നമ്മളെ വാരിപ്പുണരും. വാഗമണിലെ പൈന്‍ കാടുകള്‍ പ്രശസ്തമാണല്ലൊ. പൈന്‍ മരങ്ങളിലൂടെ ഓടി നടക്കാനും ഓര്‍മ്മ ചെപ്പില്‍ അവിസ്മരണീയ നിമിഷങ്ങള്‍ എടുത്തുവെക്കാനും വേനല്‍ കാലമാണ് ഉചിതം.

വയനാട്

പടിഞ്ഞാറന്‍ മലനിരകളിലെ ഉയര്‍ന്ന മലനിരകളായ വയല്‍നാട് അഥവാ വയനാട് മനോഹര കാഴ്ചകളുടെ കൂടി നാടാണ്. വനജീവിതം തൊട്ടറിയാന്‍ എണ്ണമറ്റ പ്രദേശങ്ങളാണ് വയനാടന്‍ മലനിരകള്‍ ഒരുക്കി വെച്ചിരിക്കുന്നത്. കബനി നദിയുടെ കൈവരികളില്‍ ശയിക്കുന്ന ചെറൂ ദ്വീപുകളടങ്ങുന്ന കുറുവാ ദ്വീപ് വയനാടിന്റെ മുഖ്യ ആകര്‍ഷണമാണ്. ചരിത്ര പ്രസിദ്ധമായ ഇടയ്ക്കല്‍ ഗുഹ,മുത്തങ്ങ വന്യജീവി സങ്കേതം, താമശ്ശേരി ചുരം, ചെമ്പ്ര മല എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ വയനാടിന് മാത്രം സ്വന്തമാണ്.

ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ്‌ വയനാടന്‍ യാത്രയ്ക്ക് അനുയോജ്യം.

ആതിരപ്പിള്ളി

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍, കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. ഏതാണ്ട് 24 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ ജലപാതം ചാലക്കുടി പുഴയിലാണ്. ഏറുമാടങ്ങളില്‍ ഇരുന്ന് ഉയരത്തില്‍ വനപ്രദേശങ്ങളും വെള്ളച്ചാട്ടവും, സുഗന്ധദ്രവ്യ കൃഷി ഇടങ്ങളും കാണാന്‍ സാധിക്കും. ഇതിനും പുറമെ മുളങ്കാടുകളും,തേക്കിന്‍ കാടുകളും,യൂക്കാലി കാടുകളും കൗതുകമുണര്‍ത്തുന്നു. ആതിരപ്പിള്ളിയ്ക്ക് അടുത്ത് രണ്ട് സ്ഥലങ്ങളിലായി ചാര്‍പ്പ വെള്ളച്ചാട്ടവും വാഴച്ചാല്‍ വെള്ളച്ചാട്ടവും കാണാം.

കോവളം 

കേരളത്തിന്റെ ഗോവയാണ് കോവളം . വിദേശ സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പേരുകേട്ട കേരളത്തിലെ ബീച്ച്. പാറക്കൂട്ടങ്ങളിലൂടേയും മണല്‍ തിട്ടകളിലൂടേയും ഉദയാസ്തമനങ്ങള്‍ ആസ്വദിക്കാം. ആയുര്‍വേദിക് മസാജ് മുതല്‍ സൂര്യസ്നാനം വരെ നടത്താന്‍ പറ്റിയ ഇടം.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കോവളം സന്ദര്‍ശിക്കാനാകും.

പൂവാര്‍ ദ്വീപ്

തടാകവും പുഴയും കടലും ഒരുമിക്കുന്ന അത്യപൂര്‍വ്വ കാഴ്ച്ചയാണ് തിരുവനന്തപുരത്തെ ഈ നയന മനോഹര ദ്വീപ് സമ്മാനിക്കുന്നത്‌. ബീച്ചും, മത്സ്യതൊഴിലാളികളുടെ കൊച്ചു ഗ്രാമവും ഒരു ദിവസം ആസ്വദിക്കാനുള്ള വക തരുന്നു. ദ്വീപിലേക്കുള്ള ബോട്ടു യാത്രയും അവിസ്മരണീയ കാഴ്ച്ച സമ്മാനിക്കും. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ദ്വീപ് കാണാന്‍ ഉചിതമായ സമയം.

ഫോര്‍ട്ട് കൊച്ചി

യൂറോപ്യന്‍ സംസ്‌കാരം തുളുമ്പി നില്‍ക്കുന്ന ഇടം. കണ്ണുകള്‍ക്കും കാതുകള്‍ക്കും വിരുന്ന് ഒരുക്കുന്ന തെരുവുകള്‍. കായലിനും കാറ്റിനും പറയാനുള്ള കഥകള്‍ കേട്ട്, ചരിത്രം ഉറങ്ങുന്ന കെട്ടിടങ്ങളും മന്ദിരങ്ങളും വീഥികളും അടുത്തറിയാന്‍ കാല്‍നടയാണ് അഭികാമ്യം. പറങ്കികളും ഡച്ചുകാരും പണികഴിപ്പിച്ച മന്ദിരങ്ങളും, ബംഗ്ലാവുകളും ,വാസ്‌കോഡഗാമ സ്‌ക്വയറും ജൂത സംസ്‌കാരം അനുസ്മരിക്കുന്ന ജൂത തെരുവുകളും ജൂത പള്ളികളും കൊച്ചി രാജവംശങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന കൊട്ടാരങ്ങളും, ബോള്‍ഗാട്ടി പാലസ് തുടങ്ങി ധാരാളം കാഴ്ചകളുണ്ട് ഇവിടെ.

ഗവി

‘ഓര്‍ഡിനറി’ എന്ന സിനിമയിലൂടെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. റാന്നി സംരക്ഷിത വന പ്രദേശത്തിന്റെ ഭാഗം. തേയില തോട്ടങ്ങളും സുഗന്ധ ദ്രവ്യ കൃഷികളും നിറഞ്ഞ സ്വപ്ന സുന്ദരമായൊരു കൊച്ചു സ്വര്‍ഗ്ഗം. ഏലക്കാ തൊട്ടങ്ങളും കാട്ടു പൂക്കള്‍ ചൂടിയ മലകളും, അതിലൂടെ ഒലിച്ചിറങ്ങുന്ന കൊച്ചരുവികളും, വെള്ളച്ചാട്ടങ്ങലും ഗവിയെ സുന്ദരിയാക്കുന്നു. കാട്ടിലേക്ക് ട്രെക്കിങ്ങും, ജലസ്രോതസ്സുകളിലൂടെയുളള ബോട്ടിങ്ങുമാണ് മറ്റൊരാകര്‍ഷണം.

തേക്കടി

നിറഞ്ഞു കവിഞ്ഞ പെരിയാറും, വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളും-തേക്കടി എന്നു കേട്ടാല്‍ ഇതാണ് ആദ്യം മനസ്സില്‍ ഓടിയെത്തുന്ന ദൃശ്യം. അതിലും ഗംഭീരമാണ് കാടുകളും തോട്ടങ്ങളും ഇടതൂര്‍ന്ന് നിറഞ്ഞുനില്‍ക്കുന്ന മലനിരകള്‍. സപ്തംബര്‍ മുതല്‍ മെയ് മാസം വരെയാണ് സീസണ്‍. ബോട്ട് യാത്രകളും ട്രക്കിങ്ങും തേക്കടിയെ നമ്മളിലേക്ക് അടുപ്പിക്കുന്നു.

വര്‍ക്കല ബീച്ച്

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ശാന്ത സുന്ദരമായ കടലോരമാണ് പാപനാശം തീരം എന്നറിയപ്പെടുന്ന വര്‍ക്കല ബീച്ച്. ഇവിടത്തെ ഔഷധമൂല്യമുള്ള ജലം എല്ലാ വിഷാംശങ്ങളും നീക്കുന്നു എന്നാണ് വിശ്വാസം. കടലോരങ്ങളില്‍ വിശ്രമിക്കാന്‍ മാത്രമല്ല പാപമുക്തിക്കുള്ള സ്നാനത്തിനും ആളുകളെത്തുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളില്‍ ഒന്നായി ഡിസ്‌ക്കവറി ചാനല്‍ ഒരിക്കല്‍ തെരഞ്ഞെടുത്ത തീരമാണ് വര്‍ക്കല ബീച്ച് എന്നുകൂടി അറിയുക.

ബേക്കല്‍ കോട്ട

പുഴകളുടെയും,കുന്നുകളുടെയും,കടല്‍തീരങ്ങളുടേയും നാടായ കാസര്‍ഗോടിന്റെ സ്വകാര്യ അഹങ്കാരമാണ് കോട്ടകള്‍. വലുപ്പം കൊണ്ടും ചരിത്ര പ്രസിദ്ധി കൊണ്ടും പേരുകേട്ടതാണ് ബേക്കല്‍ കോട്ട. പ്രകൃതി രമണീയമായ കാഴ്ച്ചകളും ശാന്ത സുന്ദരമായ കടല്‍ തീരവും തല ഉയര്‍ത്തി പിടിച്ചു നില്ക്കുന്ന കൊട്ടയും വ്യത്യസ്തമായ ഒരനുഭൂതി ഏവരിലേക്കും പകരും.

കുട്ടിക്കാനം

ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ മലയോര വനസംരക്ഷണ മേഖലയാണ് കുട്ടിക്കാനം. പച്ച പുതച്ച മേടുകളും, തല ഉയര്‍ത്തി നില്‍ക്കുന്ന കുന്നുകളും മലകളും തലങ്ങും വിലങ്ങുമൊഴുകുന്ന അരുവികളും പുഴകളും കുട്ടിക്കാനത്തെ സഞ്ചാരികളുടെ പ്രിയപെട്ട ഇടമാക്കുന്നു. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന ഇടം കൂടിയാണ് കുട്ടിക്കാനം.