ഭര്‍ത്താവ് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാളാകണം, കാമുകന്‍ പ്രണയവും സപ്പോര്‍ട്ടും നല്‍കണം- അങ്കമാലി ഡയറീസ് നായിക ലിച്ചിയുടെ പ്രണയ-വിവാഹ സങ്കല്‍പ്പങ്ങള്‍

ഭര്‍ത്താവ് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാളാകണം, കാമുകന്‍ പ്രണയവും സപ്പോര്‍ട്ടും നല്‍കണം- അങ്കമാലി ഡയറീസ് നായിക ലിച്ചിയുടെ  പ്രണയ-വിവാഹ സങ്കല്‍പ്പങ്ങള്‍

മലയാളികളുടെ പ്രിയ നായികയായി അന്ന രാജന്‍ മാറിയത് വളരെ പെട്ടെന്നാണ്. അതും ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം ഈ സുന്ദരി കീഴടക്കി. സ്ഫുടതയില്ലാത്ത വര്‍ത്തമാനത്തിലൂടെയും പെന്‍ഗ്വീനെ പോലുള്ള നടത്തതത്തിലൂടെയുമൊക്കെ അന്ന അങ്ങ് നമ്മുടെ സ്വന്തമായി മാറി. അല്ലാ.. ആരാ ഈ അന്ന... മനസ്സിലായില്ല എന്ന് പറഞ്ഞ് നെറ്റി ചുളിക്കാന്‍ വരട്ടെ.. നമ്മടെ അങ്കമാലി ഡയറീസിലെ ലിച്ചിയില്ലേ.. ആ ലിച്ചി തന്നെ. നായകനോടുള്ള കട്ട പ്രേമം കെട്ടിപ്പിടിച്ചങ്ങ് പറഞ്ഞ നമ്മുടെ സ്വന്തം ലിച്ചി..ലിച്ചി സംസാരിക്കുകയാണ് പുതിയ സിനിമയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ...


രേഷ്മ, ലിച്ചി, അന്ന

ഇതെന്താ മൂന്ന് പേരുകള്‍ നിരത്തി എഴുതിയിരിക്കുന്നത് എന്നോര്‍ക്കണ്ട. ഇതെല്ലാം ഒരാളുടെ പേരുകളാണ്. നമ്മുടെ അങ്കമാലിക്കാരി ലിച്ചിയുടെ.രേഷ്മ എന്ന പേരിനൊരു ഗുമ്മ് പോരാന്ന് തോന്നിയതു കൊണ്ട് മ്മടെ ലിച്ചി ആ പേരങ്ങ് മാറ്റി.. അന്ന രാജന്‍. ഇതാണ് ലിച്ചിയുടെ പുതിയ പേര്. അന്ന എന്ന പേര് ഔദ്യോഗികമാക്കി കഴിഞ്ഞുവെന്ന് ലിച്ചി പറയുന്നു. അന്ന എന്നത് അടുപ്പമുള്ളവര്‍ വിളിക്കുന്ന പേരാണ്. ഇപ്പോള്‍ എറ്റവും അടുപ്പം പ്രേക്ഷകരോട് ആയതുകൊണ്ട് ഇതങ്ങ് ഔദ്യോഗികമാക്കി. നടനും സംവിധായകനുമായി വിജയ് ബാബു അടക്കമുള്ളവരുടെ പിന്തുണയുമുണ്ട് പേര് മാറ്റത്തിന്. പിന്നെ അന്ന എന്ന പേരിലൊരു നടിയുമില്ലല്ലോ അതുകൊണ്ട് അത്തരത്തിലൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് ചിരിയോടെ അന്ന പറയുന്നു.

https://4.bp.blogspot.com/-du-Ce1KTMBA/WMkYu_2bjHI/AAAAAAAAOhQ/cvFqfnv2S_8MZdebzIhkkKV639Oc42RUACLcB/s1600/17264122_1836126486629626_174192643693646351_n.jpg

കള്ളുകുടിക്കുന്ന ലിച്ചിയും കള്ളുകുടിക്കാത്ത അന്നയും

അന്നയും ലിച്ചിയും ഒരു പോലെയാണെന്ന് അന്ന. ഒരു വ്യത്യാസമേയുള്ളു ലിച്ചി കള്ളുകുടിക്കും, അന്ന കുടിക്കില്ല. പക്ഷെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു ഒരു വീടുണ്ടാക്കണം, വിദേശത്ത് പോവണണം, പൈസയുണ്ടാക്കണം, സ്വന്തം കാലില്‍ നില്‍ക്കണം.

ജീവിതം മാറ്റി മറിച്ച ഹോര്‍ഡിംഗ്

നഴ്‌സായി ജോലി നോക്കിയിരുന്ന രാജഗിരി ആശുപത്രിക്ക് വേണ്ടി ചെയ്ത ഹോര്‍ഡിംഗ് കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേയ്ക്ക് എന്‍ട്രി ലഭിക്കുന്നത്. ഹോര്‍ഡിംിലെ ചിത്രം ഇഷ്ടപ്പെട്ട വിജയ് ബാബു ഇത് സംവിധായകന്‍ ലിജോ ജോസ് പെല്ലശ്ശേരിയെ കാണിക്കുകായിരുന്നു. ആ ഹോര്‍ഡിംഗാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് അന്ന.അതുകൊണ്ട് തന്നെ അതിപ്പോഴും അന്നയുടെ ഫെയ്‌സ് ബുക്ക് പേജില്‍ സ്‌പെഷ്യലായി അങ്ങനെ കിടപ്പുണ്ട്.

ഫീലിങ്ങ് ടോപ്പ് ഓഫ് ദ വേള്‍ഡ്

സിനിമയില്‍ സെലക്ടായപ്പോഴും അത് പൂര്‍ത്തിയാക്കി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജോലിയ്ക്ക് പോകാന്‍ തുടങ്ങിയപ്പോഴും ഇതൊരു ഹിറ്റായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അന്ന. പ്രത്യേകിച്ച് ലിച്ചിയെ എല്ലാവരും സ്വീകരിക്കുമെന്ന കരുതിയിരുന്നില്ല.്.സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ നായകന്‍ ശ്രദ്ധിക്കപ്പെടും, നായകന്‍ ഹിറ്റാകും, നായികയെ ആര് മൈന്‍ഡ് ചെയ്യാന്‍ എന്നാണ് വിചാരിച്ചിരുന്നത്. ഇതിപ്പോ ലിച്ചി ജീവിതം മാറ്റി സ്വപ്നം മാറ്റി..മൊത്തത്തില്‍ ഇപ്പോള്‍ ലോകത്തിന് നെറുകയിലാണെന്ന തോന്നലിലാണ് താനെന്ന് അന്ന പറയുന്നു.


തടിച്ച ലിച്ചിക്ക് ആരാധകരെ കിട്ടുമോ?

ലിച്ചിയാവുന്നതിന് അന്ന കൂട്ടിയത് ഒന്‍പത് കിലോയോളമാണ്. തടിച്ച നായികയ്ക്ക് ആരാധകരുണ്ടാകുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്ന് അന്ന. എന്നാല്‍ ബോള്‍ഡായ, വണ്ണമുള്ള നായികയാണ് ലിച്ചിയെന്ന് സംവിധായകന്‍ കട്ടായം പറഞ്ഞതോടെ കൈയ്യില്‍ കിട്ടിയതെല്ലാം തട്ടാന്‍ തുടങ്ങി. പിന്നീട് സംവിധായകന്‍ മതിയെന്ന് പറഞ്ഞിട്ടാണ് അശോകന് ക്ഷീണമായതെന്ന് അന്ന. ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പ്രണയം സിനിമയോട് മാത്രം… വെറെയൊന്നും ചോദിക്കണ്ട ഞാന്‍ പറയില്ല

ഇപ്പോള്‍ പ്രണയം സിനിമയോട് മാത്രമാണെന്ന് അന്ന.. അപ്പോ നേരത്തെയോ എന്ന മറുചോദ്യത്തിന് വേറെയൊന്നും ചോദിക്കണ്ട ഞാന്‍ പറയില്ലെന്ന് ചിരിയോടെ അന്ന. പ്രണയിക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ, ബ്രേക്ക് അപ്പ് ആകുന്നവരും നിറയെ കാണും. സോ.. ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്ന് പറഞ്ഞ് അന്ന കൈയൊഴിഞ്ഞു.പിന്നെ എന്തൊരു നല്ല എസ്‌കൈപ്പിസം എന്ന ആത്മഗതവും…

എന്റെ കാമുകന്‍ ആവണമെങ്കില്‍…

തൂമ്പ പണി തന്റെ അടുത്ത് നടക്കില്ലെന്ന് ലിച്ചി. സ്‌നേഹവും പ്രണയവും സപ്പോര്‍ട്ടും അങ്ങോട്ട് മാത്രം പോരാ ഇങ്ങോട്ടും വേണം എന്നാല്‍ ഒരു കൈ നോക്കാം.. മനസ്സിലായില്ലേ ലിച്ചി മാത്രമല്ല അന്നയും ബോള്‍ഡാണ്

കെട്ടിയോനായാല്‍ കാണാനൊരു ചന്തമൊക്കെ വേണം

ഭര്‍ത്താവിന് ആവശ്യത്തിന് ഭംഗിയൊക്കെ  വേണമെന്ന് അന്ന. നാട്ടുകാര്‍ അയ്യേ എന്ന് പറയരുതല്ലോ…പിന്നെ ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശം ആദ്യം പറയുന്നയാള്‍ക്ക് പരിഗണന കൂടുമെന്ന് അന്ന. കാരണം നല്ല വശം പറയാന്‍ ഒരുപാട് ആളുകള്‍ വേറെയുണ്ട്. അതുകൊണ്ട് തന്നെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കിടുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ആളെ മതി ഭര്‍ത്താവായി എന്ന് അന്ന.

anna rajan02

ക്ലാരയും ലിച്ചിയും

തൂവാനത്തുമ്പികളിലെ ക്ലാരയെപോലെയായിരുന്നു ലിച്ചിയുടെ രാത്രിയിലെ നടത്തം എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിനായി ഒരു ദിവസം വൈകിട്ട് അഞ്ചര മുതല്‍ പിറ്റേന്ന് വെളുപ്പിന് മൂന്ന് മണി വരെ നടന്നു. ലോംഗ് ഷോട്ടായിരുന്നു അത്, നല്ല ദൂരം നടക്കാനുമുണ്ട്, ഒരു വിധം ഷോട്ട് തീരാറാവുമ്പോഴായിരിക്കും ഫ്രെയിമില്‍ ആരെങ്കിലും വരുന്നത്. പിന്നെ ആദ്യം മുതല്‍ എടുക്കും.

കെട്ടിപ്പിടുത്തവും പ്രപ്പോസലും

ആ സീനാണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് അറിയാമായിരുന്നു. ആ സീനോടെ സിനിമയുടെ ഗതി മാറുകയാണ്. അതുകൊണ്ട് തന്നെ ഇത് പരമാവധി നന്നാക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ഉണ്ടായിരുന്നു. വെളുപ്പിനാണ് ഈ സീനും  ചിത്രീകരിച്ചത്. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതുപോലെ മതിയെന്ന് ലിജോ ചേട്ടന്‍ പറഞ്ഞപ്പോള്‍ സമാധാനമായി.. ഒറ്റ ടേക്കില്‍ ഒക്കെയായി.. പിന്നെ ആ നോട്ടം..സത്യമായും എനിക്കുമറിയില്ല എനിക്കങ്ങനെ നോ്ക്കാനറിയുമോ എന്ന്. സിനിമ കണ്ടപ്പോള്‍ എ്‌ന്നെയും അതിശയിപ്പിച്ചതാണ് ആ നോട്ടം.

മോഹന്‍ലാലിന്റെ അഭിനന്ദനം

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കണ്ണൂരും കോഴിക്കോടുമൊക്കെ പോയ സമയത്താണ് മോഹന്‍ലാലിന്റെ അഭിനന്ദനപോസ്റ്റ് ഫേസ്ബുക്കില്‍ വരുന്നതെന്ന് അന്ന. ടീം മുഴുവനുമുണ്ടായിരുന്നു.. വണ്ടിയില്‍ ഒരുമിച്ചിരുന്നാണ് പോസ്റ്റ് വായിച്ചത്. അത് വായിക്കുന്ന സമയത്ത് എല്ലാരുടേയും കണ്ണില്‍ നിന്ന് വെള്ളം വന്നു.. പിന്നെ പോസ്റ്റ് ഷെയറോട് ഷെയറായിരുന്നു.. പോരാത്തതിന് മൗത്ത് പബ്ലിസിറ്റിയും.. ഒരാഴ്ച വായ അടച്ചിട്ടില്ല..

എല്ലാവരുടേയും ഫാന്‍

ലിച്ചി ആരുടെ ആരാധികയാണെന്ന് ചോദിച്ചാല്‍ എഴുതാനൊരു നോട്ട് ബുക്ക് വേണമെന്ന് അന്ന… ബിഗ് ബി, ഷാരൂഖ്, വിജയ്, ലാലേട്ടന്‍ , മമ്മൂക്ക അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരില്ല…

ലാലേട്ടനൊപ്പം ലിച്ചി

രണ്ടാമത്തെ സിനിമ ലാലേട്ടന്റെ നായികയായാണ്. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് തന്റെ രണ്ടാമത്തെ ചിത്രമെന്ന് അന്ന. ചിത്രികരണം അടുത്തമാസം ആരംഭിക്കും. ലാലേട്ടന്റെ നായികയാവുന്നതിന്റെ അമ്പരപ്പും ആശങ്കയും സന്തോഷവും ഇപ്പോഴും വിട്ടിപോയിട്ടില്ലെന്ന് അന്ന പറയുന്നു. അങ്കമാലിയുടെ സെറ്റ് പോലെയാകില്ലെന്ന് അറിയാം. എല്ലാവരും പരിചയ സമ്പന്നര്‍ അവര്‍ക്കിടയില്‍ തുടക്കകാരിയായി.. ആ ആശങ്കയുണ്ട്. എങ്കിലും അഭിനയിച്ച് തകര്‍ക്കുമെന്ന് ലിച്ചി ഉറപ്പ് നല്‍കുന്നു.

ഇനി ലിച്ചിയാവാനില്ല

ലിച്ചി അങ്കമാലിഡയറീസില്‍ അവസാനിച്ചുവെന്ന് പറയുന്നു അന്ന. ഇനി അതുപോലെയുള്ള മറ്റൊരു കഥാപാത്രം ചെയ്യില്ല. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. നായികയാവണമെന്ന നിര്‍ബന്ധമില്ല..ചെറിയ റോളാണെങ്കിലും മനോഹരമാക്കണം.

ജോലിയുള്ള നടി

അറിയപ്പെടുന്ന നടിയായെങ്കിലും രാജഗിരി ആശുപത്രിയിലെ ജോലി അന്ന രാജിവെച്ചിട്ടില്ല.. നല്ല സിനിമയ്ക്ക് മാത്രം കൈകൊടുക്കാനും നന്നായി ജീവിക്കാനും ആ ജോലി ഒരുറപ്പാണെന്ന് പറയുന്നു അന്ന. സിനിമയില്ലെങ്കിലും ജോലിയല്ലാതാവില്ലല്ലോ…

കൈനിറയെ സ്‌ക്രിപ്റ്റ്

സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ജോലിയെന്ന് അന്ന. ഒരുപാട് റോളുകള്‍ തേടിയെത്തുന്നുണ്ട്. എന്നാല്‍ ഇനിയൊരു ലിച്ചിയാവില്ലെന്നും നല്ല സിനിമയുടെ ഭാഗം മാത്രമേ ആവൂ എന്ന് തീരൂമാനമെടുത്തതുകൊണ്ടും ഒന്നും സെലക്ട് ചെയ്തിട്ടില്ല.. പിന്നെ പല സംവിധായകരും അടുത്ത മാസത്തെ  ഡേറ്റ് തന്നെ ചോദിച്ചതു കൊണ്ടും പല ചിത്രങ്ങളും ഒഴിവാക്കേണ്ടി വന്നുവെന്ന് അന്ന പറഞ്ഞു.


author

Raji Ramankutty