പരസ്പര വിശ്വാസത്തിന്റെ വിശുദ്ധ ഉടമ്പടി, സംസ്‌കാരം തലമുറകളിലേക്ക് പാകുന്ന മുസ്ലീം വിവാഹങ്ങള്‍

പരസ്പര വിശ്വാസത്തിന്റെ വിശുദ്ധ ഉടമ്പടി, സംസ്‌കാരം തലമുറകളിലേക്ക് പാകുന്ന മുസ്ലീം വിവാഹങ്ങള്‍

ഇസ്ലാം സംസ്‌കാരത്തിന്റെ വിത്തുകള്‍ അന്തസത്ത ചോരാതെ തലമുറകളിലേക്ക് പാകുകയുമാണ് വിവാഹത്തിലൂടെ മുസ്ലീം സമുദായം ലക്ഷ്യമിടുന്നത്.


മുസ്ലീം വിവാഹം വിശുദ്ധമായ ഒരു ഉടമ്പടിയാണ്. ലോകത്തിന്റെ ഏത് കോണില്‍ വച്ച് നടന്നാലും ഇസ്ലാമിക നിയമങ്ങളും വിശുദ്ധ ഖുറാനുമാണ് ഇവയുടെ അടിസ്ഥാനം. മുസ്ലീം ദമ്പതിമാര്‍ വസ്ത്രങ്ങള്‍ പോലെയാണെന്നാണ് ഖുറാന്‍ പ്രബോധനങ്ങള്‍ പറയുന്നത്. പരസ്പരം സുരക്ഷിതത്വവും സൗഖ്യവും പ്രദാനം ചെയ്ത് വര്‍ത്തിക്കുക എന്നതാണ് ചിന്തയുടെ ആശയം. ഇണയ്ക്ക് സര്‍വ്വ പിന്തുണയും സ്‌നേഹവും സഹായങ്ങളും നല്‍കി നേര്‍വഴിയിലൂടെ ഒന്നായി സഞ്ചരിക്കുകയും ഇസ്ലാം സംസ്‌കാരത്തിന്റെ വിത്തുകള്‍ അന്തസത്ത ചോരാതെ തലമുറകളിലേക്ക് പാകുകയുമാണ് വിവാഹത്തിലൂടെ മുസ്ലീം സമുദായം ലക്ഷ്യമിടുന്നത് .

എണ്ണത്തിന്റെ കാര്യത്തില്‍ മുസ്ലിം സമുദായം ഒട്ടും പിന്നിലല്ലെന്ന വസ്തുത മിക്ക മലയാളികള്‍ക്കും അറിയില്ല. കേരളത്തിലെ ജനസംഖ്യയില്‍ 28-30ശതമാനവും മുസ്ലീങ്ങളാണ്. ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ കാലങ്ങള്‍ക്ക് മുമ്പേ അറേബ്യന്‍ രാജ്യങ്ങളുമായി കേരളത്തിന് വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ കാണാനാകും. അക്കാലംതൊട്ടേ കേരളത്തില്‍ സമാധാനപരമായി തങ്ങളുടെ മതവും രീതികളും പാരമ്പര്യവും അനുസരിച്ച് ജീവിക്കാന്‍ മുസ്ലീം സഹോദരര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സാധാരണ മുസ്ലീം വിവാഹങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ല കേരളത്തിലെ മുസ്ലീം വിവാഹം. പ്രധാനചടങ്ങ് വളരെ ലളിതമായ ഒന്നാണെങ്കിലും വിവാഹത്തിന് മുമ്പും ശേഷവും നിരവധി ചടങ്ങുകളും ആഘോഷങ്ങളും ഉണ്ട്. അതിഥികള്‍ക്കായുള്ള രാത്രിവിരുന്ന് ചടങ്ങുകളോടൊപ്പം തന്നെ എടുത്തുപറയേണ്ടുന്ന ഒന്നാണ്.

വിവാഹപൂര്‍വ്വ ചടങ്ങുകള്‍

ഇസ്തികാര

വിവാഹത്തിന് മുമ്പായി നടക്കുന്ന നിരവധി ചടങ്ങുകളില്‍ ആദ്യത്തെ ചടങ്ങാണ് ഇസ്തികാര. നിക്കാഹിനായി പരമകാരുണ്യവാനായ അള്ളാഹുവിന്റെ അനുവാദം കാംക്ഷിച്ചു കൊണ്ടുള്ള ഒരു പ്രാര്‍ത്ഥനയാണിത്. മൗലവിയുടെ കാര്‍മികത്വത്തില്‍ സാധാരണയായി പള്ളിയില്‍ വെച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. വരന്റെയും വധുവിന്റെയും പിതാക്കന്മാരും പ്രായമായ മറ്റ് ബന്ധുക്കളുമാണ് ഈ ചടങ്ങില്‍ സംബന്ധിക്കുക. വിശുദ്ധ ഖുറാനിലെ തെരഞ്ഞെടുത്ത വചനങ്ങള്‍ മൗലവി ഉറക്കെ ചൊല്ലുന്നതിനെയാണ് ഇസ്തികാര എന്ന് പറയുന്നത്. ഇരുകൂട്ടരുടെയും സമ്മതത്തോടെ വിവാഹത്തീയ്യതി തീരുമാനിക്കുന്നതും ഈ ചടങ്ങില്‍ വെച്ചാണ്.

ഇമാംസമീന്‍

വിവാഹിതരാകാന്‍ പോകുന്ന വധൂവരന്മാരെ ദുഷ്ടശക്തികളില്‍ നിന്നും ആപത്തുകളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ ചടങ്ങിന്റെ പ്രധാന ഉദ്ദേശ്യം. ആട്ടവും പാട്ടും തമാശകളും കളിചിരികളുമായി ഉല്ലസിക്കുന്ന ദിനമാണിത്. വധുവിനും വീട്ടുകാര്‍ക്കും വിവിധയിനം സമ്മാനങ്ങളുമായി വരന്റെ മാതാവും കുടുംബത്തിലെ മുതിര്‍ന്നവരും വധൂഗൃഹത്തിലെത്തുന്നതും ഈ മംഗളദിനത്തിന്റെ പ്രത്യേകതയാണ്. വെള്ളിനിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ് സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്ത നാണയവും വരന്റെ മാതാവ് കയ്യില്‍ കരുതിയിട്ടുണ്ടാകും. ഇത് വധുവിന്റെ കയ്യില്‍ അണിയിച്ചു കൊടുക്കുന്നതോടെ പെണ്‍കുട്ടിയെ തന്റെ മരുമകളായി മാതാവ് അംഗീകരിക്കുകയായി.


ഇമാംസമീനു ശേഷം വിവാഹനിശ്ചയമായ മംഗ്‌നിക്കുള്ള തീയ്യതി തീരുമാനിക്കും. ഈ ദിനത്തില്‍ വധൂവരന്മാരുടെ വീട്ടുകാര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറുന്നത് സാധാരണയാണ്. ചില കുടുംബങ്ങളില്‍ ഇന്നേ ദിവസം മോതിരം മാറല്‍ ചടങ്ങും നടക്കാറുണ്ട്. വിവാഹത്തിന് അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് വസ്തുക്കളും ഇന്നേ ദിവസവും വരന്റെ അമ്മ വധുവിന് കൈമാറും. പഴങ്ങളും പലഹാരങ്ങളുമടക്കം ഇതില്‍ പെടും. മാംഗ്‌നി കഴിഞ്ഞാല്‍ പിന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പുന്നാരങ്ങളും സ്‌നേഹവും ഏറ്റുവാങ്ങി വധു ‘വിലസു’ന്ന സമയമാണിത്.

http://www.malabargoldanddiamonds.com/media/boiimages/bg/1491816962Kerela-Malabar-Muslim3.jpg

മെഹന്ദി

പ്രധാന വിവാഹച്ചടങ്ങിന് രണ്ട് മുന്ന് ദിവസങ്ങള്‍ മുമ്പാണ് മെഹന്ദി ആഘോഷം നടക്കുക. വധൂഗൃഹത്തില്‍ വെച്ച് വധുവിന്റെ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചടങ്ങ്. ആട്ടവും പാട്ടും നിറഞ്ഞ ആഘോഷസുദിനമാണിത്. ആചാരപ്രകാരം മെഹന്ദിക്ക് ശേഷം വിവാഹത്തിനല്ലാതെ വധു വീടിന് പുറത്ത് പോകാന്‍ പാടില്ല. വധുവിന്റെ മുഖത്തും ദേഹത്തും മഞ്ഞള്‍ പുരട്ടുന്നതോടെ ചടങ്ങുകള്‍ തുടങ്ങുകയായി. വിവാഹത്തിന് മുമ്പായി ചര്‍മ്മകാന്തിക്കായി നല്‍കുന്ന സൗന്ദര്യക്കൂട്ടാണ് മഞ്ഞള്‍. ഇതിന് ശേഷം മൈലാഞ്ചി അണിയലാണ്. ആചാരപ്രകാരം വധുവിന്റെ മാതാവ് ആദ്യം പെണ്‍കുട്ടിയുടെ കയ്യില്‍ മൈലാഞ്ചി അണിയിക്കും. ശേഷം മൈലാഞ്ചി ഇടുന്നതില്‍ കഴിവ് തെളിയിച്ചവര്‍ പെണ്‍കുട്ടിയുടെ കൈകളിലും കാല്‍പാദങ്ങളിലും മനോഹരമായ ഡിസൈനുകള്‍ തീര്‍ക്കും. മണവാട്ടിപ്പെണ്ണ് മാത്രമല്ല വീട്ടിലെ മറ്റ് സ്ത്രീകളും ഈ അവസരത്തില്‍ മൈലാഞ്ചി അണിയും. കരയാമ്പൂവെണ്ണയും യൂക്കാലിപ്റ്റിസ് എണ്ണയും നാരങ്ങയും ചേര്‍ത്താല്‍ മൈലാഞ്ചി കയ്യില്‍ കടുത്ത വര്‍ണ്ണം വിതറും. മൈലാഞ്ചിയുടെ നിറം എത്ര കടുക്കുന്നുവോ അത്രയും സന്തോഷകരമായിരിക്കും വിവാഹജീവിതം എന്നാണ് വിശ്വാസം.

http://www.malabargoldanddiamonds.com/media/boiimages/bg/1491816932Kerela-Malabar-Muslim2.jpg

വിവാഹ ചടങ്ങുകള്‍

വധുവിന്റെ വീട്ടുകാരാണ് വിവാഹത്തിന് ആതിഥ്യം വഹിക്കുക. വിവാഹദിവസം ബന്ധുക്കളോടും വീട്ടുകാര്‍ക്കുമൊപ്പം വേദിയിലെത്തുന്ന വരനെ വധുവിന്റെ സഹോദരര്‍ സര്‍ബത്ത് നല്‍കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ വാദ്യോപകരണങ്ങളുടെ അകമ്പടിയിലാകും വരന്റെ വരവ്. വരന്റെ ബന്ധുക്കളെ വധുവിന്റെ സഹോദരിമാര്‍ പനിനീര്‍ തളിച്ചും പൂക്കള്‍ നല്‍കിയും വേദിയിലേക്ക് ക്ഷണിക്കും.

നിക്കാഹ്

വധുവും വരനും ഒരുമിച്ചിരുന്നല്ല വിവാഹത്തിലെ പ്രധാനചടങ്ങില്‍ പങ്കെടുക്കുക എന്നത് കേരളത്തിലെ മുസ്ലീം വിവാഹങ്ങളെ വ്യത്യസ്തമാക്കുന്നു. മൗലവിയുടെ മേല്‍നോട്ടത്തിലാണ് നിക്കാഹ് നടക്കുന്നത്. മൗലവി ഖുറാന്‍ വചനങ്ങള്‍ ചൊല്ലവെ വധുവിന്റെ പിതാവ് തന്റെ മകളെ മരുമകന് കൈ പിടിച്ച് കൊടുക്കുന്നു. ഇതിന് ശേഷം തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന് വരന്‍ ഔപചാരികമായി വധുവിനോട് ചോദിക്കും. ഇജാബെന്ന ചടങ്ങിലൂടെ മൗലവിയാണ് ഈ സന്ദേശം വധുവിന് കൈമാറുന്നത്. ഇതിന് മറുപടിയായി മണവാട്ടി ഖബൂലെന്ന് പറഞ്ഞാല്‍ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അര്‍ത്ഥം. വരനും വധുവും ഖബൂല്‍ ചൊല്ലിയാല്‍ നിക്കാഹ് ഏതാണ്ട് പൂര്‍ത്തിയായി.

അടുത്തതായി മഹര്‍ കൊടുക്കലാണ്. വരന്‍ തന്റെ ഭാര്യയ്ക്ക് നല്‍കുന്ന വിവാഹസമ്മാനമാണ് മഹര്‍. വിവാഹത്തിലെ വളരെ പ്രധാനപ്പെട്ട ചടങ്ങാണിത്. സ്വര്‍ണ്ണമായോ പണമായോ സ്ഥലമായോ മറ്റോ മഹര്‍ നല്‍കാം. വിവാഹശേഷം ഭര്‍ത്താവിന് ഭാര്യയോട് ഉണ്ടായിരിക്കേണ്ട ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവുമാണ് മഹര്‍ കൈമാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. മഹര്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ നിക്കാഹ്‌നാമത്തില്‍ ഒപ്പിടുകയെന്നതാണ് അടുത്ത ചടങ്ങ്. മുസ്ലീം വിവാഹ ഉടമ്പടിയാണിത്. വധൂവരന്മാരെ കൂടാതെ അവരുടെ മാതാപിതാക്കന്മാരും പ്രധാനമൗലവിയും നിക്കാഹ് നാമത്തില്‍ ഒപ്പുവെക്കും.

നിക്കാഹ് നാമത്തില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ദമ്പതിമാരെ സ്റ്റേജില്‍ കൊണ്ടിരുത്തും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശംസകള്‍ അര്‍പ്പിക്കാനുള്ള സമയമാണിത്. സ്റ്റേജില്‍ ഇരിക്കുന്ന വധൂവരന്മാരെ കുടുംബങ്ങളിലെ മുതിര്‍ന്ന ബന്ധുക്കള്‍ അനുഗ്രഹിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. രസകരമായ കാര്യമെന്തെന്നാല്‍ കല്യാണചടങ്ങുകള്‍ നടക്കുമ്പോഴെല്ലാം വധൂവരന്മാര്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്ത രീതിയില്‍ തലവഴി ഒരു തുണി കൊണ്ട് മൂടിയിട്ടുണ്ടാകും. ഇതിന് ശേഷം വധൂവരന്മാരെ അഭിമുഖമായി ഇരുത്തി ഖാസി വധൂവരന്മാര്‍ക്ക് ചില പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുക്കും. ഇവര്‍ക്ക് നടുവിലായി വിശുദ്ധ ഖുറാന്‍ വച്ചിട്ടുണ്ടാകും. നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഒരു കണ്ണാടിയിലൂടെ ഈ സമയത്ത് ദമ്പതിമാര്‍ക്ക് പരസ്പരം കാണാം.

വിവാഹചടങ്ങുകള്‍ ഇത്രയുമാണെങ്കിലും വിവാഹശേഷവും ചില ചടങ്ങുകള്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ നടന്നുവരുന്നു.

രുക്‌സാത്ത്

സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മണവാട്ടിപ്പെണ്ണ് പോകുന്ന ചടങ്ങാണ് രുക്‌സാത്ത്. യാത്രപറച്ചിലിന്റെ ഈ വേളയില്‍ പെണ്‍കുട്ടിയും അവളുടെ വീട്ടുകാരും കണ്ണീരണിയുക പതിവാണ്. വരന്റെ വീട്ടില്‍ എത്തുന്ന കല്യാണപ്പെണ്ണിനെ വരന്റെ മാതാവ് തലയില്‍ ഖുറാന്‍ വച്ച് സ്വീകരിക്കുന്നു. പിന്നീട് മണവാട്ടി കുംടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹങ്ങള്‍ വാങ്ങുന്നു.

ചൗതി

വിവാഹശേഷം നാലാംദിവസം വധു തന്റെ വീട് സന്ദര്‍ശിക്കുന്ന ചടങ്ങാണിത്. ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലെത്തുന്ന പുതുമണവാട്ടിക്ക് വീട്ടുകാര്‍ ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കാറ്.

വാലിമ

വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം വരന്റെ വീട്ടുകാര്‍ ഒരു ഗംഭീര സല്‍ക്കാരം ഒരുക്കും. ദവാത്ഇവാലിമ എന്നാണ് ഇത് അറിയപ്പെടുന്നത്. കുടുംബക്കാരെയും ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും ഇതിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കുന്നു.

പൊന്നണിഞ്ഞ മൊഞ്ചത്തി

കല്യാണദിനത്തിലെ മണവാട്ടിപ്പെണ്ണിനെ നേരിട്ടുകണ്ടാല്‍ അവളണിയുന്ന ആഭരണങ്ങളെ പറ്റി ഏകദേശ ധാരണ കിട്ടും. പടിമാല,ആലോചന മാല,ചക്രക്കണ്ണി മാല എന്നിങ്ങനെ മൂന്ന് തരം നെക്ലേലുസുകളാണ് സാധാരണയയി കല്ല്യാണപ്പെണ്ണ് അണിയുക. വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും പതിച്ച കനം കൂടിയ മാലകളാണ് ഇവ മൂന്നും. കാതിലണിയാന്‍ നാലുതരം കമ്മലുകളുണ്ട് അലിക്കത്ത്, പച്ചക്കല്ല്, മേക്കാത്, ജിമുക്കി. മുടിയിലും നെറ്റിയിലുമായി നെറ്റിപ്പട്ടം, മുടിപ്പൂ, മാട്ടി, മുടിചക്രം എന്നിവ അണിഞ്ഞിട്ടുണ്ടാകും. കൈകളില്‍ തരിവള, തോള്‍വള, കണ്ണാടിവള എന്നിങ്ങനെ വിവിധ ഡിസൈനുകളില്‍ തീര്‍ത്ത ഭംഗിയുള്ള വളകളും അരയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത വീതിയേറിയ അരപ്പട്ടയും ഉണ്ടാകും. വിരലുകളിലെല്ലാം മോതിരം അണിഞ്ഞിട്ടുണ്ടാകും. ഇത് കൂടാതെ കൈവെള്ളയുടെ പുറംഭാഗം പൊതിഞ്ഞ് ഒരു ആഭരണവും അണിയാറുണ്ട്.

പാരമ്പര്യത്തനിമ കൈവിടാത്ത ഈ ആഭരണങ്ങള്‍ ഏതൊരു മണവാട്ടിപ്പെണ്ണിന്റെയും ആമാടപ്പെട്ടിയില്‍ ഉണ്ടാകുമെന്നുറപ്പാണ്.