ഒത്തിരി പ്ലാനിംഗും ഇത്തിരി ശ്രദ്ധയും, അതിഥികളുടെ മിഴികള്‍ പിടിച്ചടക്കും വിധം വിവാഹവസ്ത്രം രാജകീയമാക്കാം

ഒത്തിരി പ്ലാനിംഗും ഇത്തിരി ശ്രദ്ധയും, അതിഥികളുടെ മിഴികള്‍ പിടിച്ചടക്കും വിധം വിവാഹവസ്ത്രം രാജകീയമാക്കാം

വിവാഹവസ്ത്രം തെരഞ്ഞെടുക്കാന്‍ പോകുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ വലിയ പരിവാരവുമായി പോകാതിരിക്കുക എന്നതാണ്.


വിവാഹവസ്ത്രം തെരഞ്ഞെടുക്കുക എന്നത് വിവാഹത്തിലെ പ്രധാന കടമ്പയാണ്. നിങ്ങള്‍ക്ക് രാജകീയ ഭാവം നല്‍കുന്ന വസ്ത്രമായിരിക്കണം വിവാഹനാളില്‍ ധരിക്കേണ്ടത്. കാരണം വിവാഹദിനത്തിലെ താരം വധൂവരന്മാര്‍ തന്നെയാണ്. പരമ്പരാഗതശെലി കാത്തുകൊണ്ട് തന്നെ പുതുഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണം. ഇന്നത്തെ കാലത്ത് വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വധൂവരന്മാര്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഒരുപാടു തയ്യാറെടുപ്പുകളോടെ വേണം വസ്ത്രം തെരഞ്ഞെടുക്കാന്‍. അതേസമയം നിരവധി കാര്യങ്ങളില്‍ അതീവശ്രദ്ധയും വേണം. പേടിക്കണ്ട, ഒത്തിരി പ്ലാനിംഗും ഇത്തിരി ശ്രദ്ധയും ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഓര്‍മ്മയിലുണ്ടാകുകയും ചെയ്താല്‍ എല്ലാം ഭംഗിയാകും. വാങ്ങുന്ന വസ്ത്രത്തില്‍ 100%വും സംതൃപ്തരായിരിക്കുക എന്നതാണ് പ്രധാനം.

വിവാഹവസ്ത്രം എടുക്കുന്നതിനും തയ്യാറെടുപ്പുകള്‍ വേണോ?, വേണം. വിവാഹം എന്ന ചിന്ത മനസില്‍ വരുമ്പോള്‍ തന്നെ വിവാഹവസ്ത്രത്തെ കുറിച്ചും ചിന്തിക്കണം. ഇഷ്ടപ്പെട്ട വിവാഹവസ്ത്രങ്ങളുടെ ഫോട്ടോകള്‍ സൂക്ഷിച്ച് വെക്കണം. അവയില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സവിശേഷതകള്‍ നോട്ട് ചെയ്തുവെക്കാം. വസ്ത്രം വാങ്ങുന്നതിന് മുമ്പായി വിവാഹവസ്ത്രങ്ങളെ കുറിച്ചുള്ള വിവാഹിതരുടെ അനുഭവങ്ങളും വിവാഹവസ്ത്രശാലകളിലെ ഡിസൈനര്‍മാരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ വസ്ത്രം തെരഞ്ഞെടുക്കുന്നതിന് സഹായകമാകും. ബ്രൈഡല്‍ ഷോകളില്‍ പങ്കെടുത്താല്‍ വിവാഹവസ്ത്രങ്ങളിലെ പുത്തന്‍ ട്രന്‍ഡുകള്‍ മനസിലാക്കാന്‍ സാധിക്കും. ചില ഡിസൈനുകളോട് പാടേ വിമുഖത കാണിക്കരുത്. ട്രൈ ചെയ്ത് നോക്കി നിങ്ങള്‍ക്ക് ഇണങ്ങിയില്ലെങ്കില്‍ മാത്രമേ നോ പറയാവൂ. വിവാഹവസ്ത്രം തെരഞ്ഞെടുക്കാന്‍ പോകുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ വലിയ പരിവാരവുമായി പോകാതിരിക്കുക എന്നതാണ്. പല കോണില്‍ നിന്ന പല അഭിപ്രായങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തില്‍ ആകും. അടുത്ത ഒന്ന്, രണ്ട് സുഹൃത്തുക്കളും വീട്ടുകാരും മാത്രമാകുമ്പോള്‍ സത്യസന്ധമായ അഭിപ്രായങ്ങള്‍ മാത്രം അറിയാം.

ഓണ്‍ലൈനിലൂടെ ഒരു ട്രയല്‍ പര്‍ച്ചേസ്

വിവാഹ പര്‍ച്ചേസിനായി കടയിലെത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുദ്ദേശിക്കുന്ന ഉല്‍പ്പന്നത്തെ കുറിച്ച് ഓണ്‍ലൈനിലൂടെ ഒരു പരിശോധന നടത്തുക. ട്രെന്‍ഡ്, വില ഇത്യാദി കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നാല്‍ പര്‍ച്ചേസ് സമയത്ത് ഇത് വളരെയധികം സഹായിക്കും. സാരി, ഗൗണ്‍ എന്നിങ്ങനെ പ്രധാനപ്പെട്ട വസ്ത്രങ്ങള്‍ നേരിട്ട് വാങ്ങുകയും മറ്റ് ചെറിയ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുകയും ചെയ്താല്‍ സമയവും, പണവും ലാഭിക്കാം.

കംഫര്‍ട്ടാണ് പ്രധാനം

നിറയെ കല്ലുകളും മുത്തുകളും കൊണ്ട് ഡിസൈന്‍ ചെയ്ത കനമേറിയ സാരിയോ ലെഹങ്കയോ ആയിരിക്കും മിക്കവാറും വിവാഹ റിസെപ്ഷനുകളില്‍ വധുക്കള്‍ ധരിക്കാറ്. ഹെവി വര്‍ക്കില്‍ ഡിസൈന്‍ ചെയ്ത സാരികള്‍ മാത്രമേ വിവാഹത്തിന് പ്രൗഢി നല്‍കൂ എന്ന വിശ്വാസത്തില്‍ എടുത്താല്‍ പൊങ്ങാത്ത സാരിയോ ലെഹങ്കയോ ഒക്കെ ധരിച്ച് നില്‍ക്കാനും ഇരിക്കാനും ആകാതെ വശംകെടുന്ന വധുക്കളുണ്ട്. നിങ്ങളുടെ ശരീരത്തിന് താങ്ങാന്‍ കഴിയുന്ന വസ്ത്രമാണ് നിങ്ങള്‍ ധരിക്കേണ്ടത്. വസ്ത്രം വാങ്ങാന്‍ ചെല്ലുമ്പോള്‍ ധരിക്കുമ്പോള്‍ ഉള്ള ഭംഗി മാത്രമല്ല, അവ അണിഞ്ഞ് നില്‍ക്കാനും ഇരിക്കാനും ബാത്ത്‌റൂമില്‍ പോകാനും നടക്കാനുമെല്ലാം കഴിയുന്നുണ്ടോ എന്ന്‌ ധരിച്ച് നോക്കി ഉറപ്പ് വരുത്തണം. അതുപോലെ ചിലരുടെ ചര്‍മ്മത്തിന് കല്ലുകളും മുത്തുകളും പതിപ്പിച്ച വസ്ത്രങ്ങള്‍ അലര്‍ജിയും അസ്വസ്ഥതയും ഉണ്ടാക്കും. ഒരുദിവസത്തേക്കല്ലേ, എന്നു കരുതി റിസ്‌ക് എടുക്കരുത്. നിങ്ങളുടെ ശരീരത്തിന്റെ സുഖമാണ് പ്രധാനം.

ബ്ലൗസിന്റെ ഭംഗിയും കൃത്യതയും

വിവാഹസാരി മാത്രം അടിപൊളി ആയാല്‍ പോരാ. സാരി ധരിച്ചിട്ടുള്ളവര്‍ക്കറിയാം ബ്ലൗസ് തയ്ക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴ വന്നാല്‍ മുഴുവന്‍ ലുക്കും പോകും. കൃത്യമായ അളവിലും പാകത്തിലുമുള്ള ബ്ലൗസ് തരുന്ന ആത്മവിശ്വാസം വലുതാണ്. കൃത്യത മാത്രം പോര, വിവാഹസാരി ആകുമ്പോള്‍ ബ്ലൗസുകളിലെ പുതിയ ട്രന്‍ഡുകള്‍ കൂടി പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഫാഷന്‍ ഏതായാലും വധുവിന്റെ കംഫര്‍ട്ടിനാണ് മുന്‍ഗണന നല്‍കേണ്ടത്.


വിവാഹത്തിന് മുമ്പേ അണിഞ്ഞൊരുങ്ങി ഭംഗി മനസ്സിലാക്കുക

വിവാഹസാരിയും ബ്ലൗസും റെഡിയായി കഴിഞ്ഞാല്‍ വിവാഹത്തിന് ധരിക്കാനുള്ള ചെരിപ്പിട്ട് വസ്ത്രം ധരിച്ച് നോക്കണം. ചെരുപ്പിന്റെ ഹീലിനനുസരിച്ച് വസ്ത്രത്തില്‍ ചവിട്ടാതെ നടക്കാന്‍ വസ്ത്രം എത്ര പൊക്കിയുടുക്കണമെന്നൊക്കെ തീരുമാനിച്ചുവെക്കണം. വിവാഹത്തിന് മുമ്പ് വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പുമൊക്കെ ധരിച്ച് നിരവധി പോസുകളില്‍ ഫോട്ടോ എടുത്തുവെക്കണം. എന്തൊക്കെ മെച്ചപ്പെടുത്താമെന്ന് ഫോട്ടോകളില്‍ നോക്കി മനസിലാക്കാം.

തയ്പ്പിക്കാന്‍ ധൃതി വേണ്ട

വിവാഹത്തിന് ഒരു മാസം മുമ്പെങ്കിലും വസ്ത്രങ്ങള്‍ എടുക്കാറാണ് പതിവ്. എങ്കിലും തയ്ക്കാനുള്ളവ രണ്ടാഴ്ച മുമ്പേ തയ്പ്പിക്കുകയാകും നല്ലത്. വിവാഹസമയത്ത് ചിലപ്പോള്‍ വണ്ണം വെക്കോനോ കുറയാനോ ഒക്കെ സാധ്യതയുണ്ട്. അതിനാല്‍ വിവാഹത്തിന് രണ്ടാഴ്ച മുമ്പ് തയ്ക്കാന്‍ നല്‍കി ഒരാഴ്ച മുമ്പ് ധരിച്ച് നോക്കി അളവുകള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. നേരത്തേ തയ്ക്കാന്‍ നല്‍കി വിവാഹത്തിന് അളവുകള്‍ മാറിയാല്‍ അവസാനനിമിഷത്തില്‍ എല്ലാം കുളമാകും.

ചെറുതിനേക്കാള്‍ നല്ലത് വലുത്

ശരീരത്തിന് കൃത്യമായ അളവിലുള്ള വസ്ത്രം വാങ്ങുന്നത് നല്ലതു തന്നെ, പക്ഷേ വിവാഹത്തിന് മുമ്പ് അല്‍പം തടിച്ചാല്‍ പണിയാവില്ലേ. അതിനാല്‍ വസ്ത്രം വാങ്ങുമ്പോള്‍ അല്‍പം വലുത് വാങ്ങുക. വലുപ്പം അല്‍പം കൂടിയ വസ്ത്രങ്ങള്‍ അളവനുസരിച്ച് വിവാഹത്തിന് തൊട്ടുമുമ്പ് വരെ തയ്ച്ച് ചെറുതാക്കാനുളള അവസരമുണ്ട്. എന്നാല്‍ ചെറിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ വണ്ണം കൂട്ടാനുള്ള അവസരം ഉണ്ടാകില്ല.

അടിവസ്ത്രങ്ങളും കരുതലോടെ

വിവാഹവസ്ത്രത്തിന്റെ ഭംഗി പൂര്‍ണമാകണമെങ്കില്‍ അടിവസ്ത്രങ്ങള്‍ കൃത്യതയുള്ളതാകണം. എങ്കിലേ വസ്ത്രം നല്ല ഷെയ്പ്പില്‍ ഇരിക്കൂ. വിവാഹവസ്ത്രത്തിന് യോജിക്കുന്ന, നിങ്ങള്‍ക്ക് പാകമായ അടിവസ്ത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അളവുകള്‍ കൃത്യമായി അറിയാതെ, ഒരു ഊഹത്തിന് വാങ്ങാതെ, മറ്റൊരാളുടെ സഹായത്തോടെ കൃത്യമായ അളവുകള്‍ കണ്ടെത്തുക. അടിവസ്ത്രങ്ങള്‍ക്ക് മാത്രമായുള്ള കടകളിലും മറ്റ് തുണിക്കടകളിലും നിങ്ങളുടെ അളവ് പരിശോധിച്ച് അടിവസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യം ലഭ്യമാണ്.

കാലാവസ്ഥ

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ വേണം വിവാഹത്തിനും ധരിക്കാന്‍. വേനല്‍ക്കാലത്താണ് വിവാഹമെങ്കില്‍ ഒരുപാട് കട്ടിയുള്ള, ശരീരത്തിന്റെ ചൂട് കൂട്ടുന്ന വസ്ത്രങ്ങള്‍ വാങ്ങാതിരിക്കുകയാണ് ഉചിതം. തണുപ്പുകാലമാണെങ്കില്‍ തിരിച്ചും. കാലാവസ്ഥ കൂടി കണക്കിലെടുത്തു വേണം വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കാനെന്നു സാരം.

സാരിയിലെ പുതുഭാവങ്ങള്‍

ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് സാരിയോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഒമ്പതുമുഴം നീളമുള്ള ഒരു തുണി ചുറ്റി ചുറ്റി ഞൊറിഞ്ഞുടുക്കുന്നത് ഇത്രയേറെ ഭംഗിയാണോ? അതെ. കല്യാണം, ഓഫീസ് പാര്‍ട്ടികള്‍, കോളേജ് ഫെയര്‍വെല്‍ തുടങ്ങി ഏത് പരിപാടിക്കും ഇണങ്ങുന്ന വേഷമാണ് സാരി. ഉടുക്കാന്‍ കുറച്ച് കഷ്ടപ്പാടാണെങ്കിലും ഉടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ ആകാരഭംഗി എടുത്തുകാണിക്കുന്ന, ഇത്രയേറെ ഭംഗിയുള്ള മറ്റൊരു വേഷമില്ലെന്നു തന്നെ പറയാം. വിവാഹച്ചടങ്ങിന് പട്ടുസാരിയോ ഗൗണോ ലെഹങ്കയോ ഒക്കെയാണ് കേരളത്തില്‍ വിവിധ മതങ്ങളിലുള്ള വധുക്കള്‍ ധരിക്കാറ്. എങ്കിലും റിസെപ്ഷനുകള്‍ക്കായി പുതിയ ഡിസൈനുകളിലുള്ള സാരികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. മുന്താണിയും ഞൊറിയുടെ ഭാഗവും സാരിയുടെ നിറത്തിനോട് ചേരുന്ന അല്ലെങ്കില്‍ കോട്രാസ്റ്റായ മറ്റൊരു നിറമാകുന്നത് ഡിഫ്രന്റ് ലുക്ക് നല്‍കും. ശരീരത്തിന്റെ മുകള്‍ഭാഗത്ത് വരുന്ന സാരിയുടെ ഭാഗവും മുന്താണിയും സുതാര്യമായ ഡിസൈനുകളിലുള്ള സാരി ഫാഷന്‍ ദീര്‍ഘനാളായി ട്രന്‍ഡാണ്. അത്തരം സാരി അണിയുമ്പോള്‍ പ്രിന്‍സസ് കട്ട് പോലുളള ബ്ലൗസ് പാറ്റേണുകളാണ് ഉചിതം. മാത്രമല്ല, ആകാരവടിവ് ഉള്ളവര്‍ക്കാണ് ഇത്തരം സാരികള്‍ ആനുയോജ്യം. ലെയ്‌സ് പിടിപ്പിച്ച സാരികള്‍ എക്കാലത്തും ഫാഷനാണ്. അത്തരം സാരികള്‍ക്ക് പ്രത്യേക ഭംഗിയാണ്, അവ നിങ്ങള്‍ക്ക് പാര്‍ട്ടിലുക്ക് നല്‍കും. വീതിയേറിയ ബോര്‍ഡറുകള്‍ ഉള്ള സാരികള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. കാഞ്ചീപുരമാണെങ്കിലും നെറ്റാണെങ്കിലും വീതിയേറിയ ബോര്‍ഡര്‍ സാരികള്‍ക്ക് ക്ലാസിക് ലുക്ക് നല്‍കും. ഉത്തരേന്ത്യന്‍ സ്‌റ്റൈലും ദക്ഷിണേന്ത്യന്‍ സ്‌റ്റെലും ഒത്തിണങ്ങിയ വസ്ത്രമാണ് ലെഹങ്ക സാരി. സാരി ചുറ്റലില്‍ അസ്വസ്ഥത ഉണ്ടെങ്കില്‍ ലെഹങ്ക സാരി നല്ല ഓപ്ഷനാണ്, കാരണം ഇതിന്റെ അടിഭാഗം പാവാട പോലെയാണ്. എന്നാല്‍ മുകളില്‍ സാരിയുടെ സവിശേഷതകളും ഉണ്ടാകും. മാത്രമല്ല വിവാഹ റിസെപ്ഷനുകളില്‍ ഇതല്‍പം വേറിട്ടു നില്‍ക്കുകയും ചെയ്യും. റെഡിമെയ്ഡായി ഞൊറിഞ്ഞുവെച്ച സാരികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാരിയുടുക്കാന്‍ അറിയാത്തവര്‍ക്ക് ഇവ പ്രയോജനപ്പെടും.

വരന്റെ വസ്ത്രം

വിവാഹങ്ങളില്‍ വധുക്കളുടെ വേഷവിധാനങ്ങളിലാണ് പൊതുവേ ആളുകളുടെ ശ്രദ്ധ. പക്ഷേ വരന്മാരില്ലാതെ വിവാഹമില്ലല്ലോ. വൃത്യസ്തവും നൂതനവുമായ ഡിസൈനിലുള്ള വസ്ത്രമാണെങ്കില്‍ ചിലപ്പോള്‍ വരന്‍ വധുവിനേക്കാള്‍ ശ്രദ്ധിക്കപ്പെടും. കേരളത്തില്‍ ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ കോട്ടും സ്യൂട്ടുമാണ് വരന്‍മാരുടെ വേഷം. ഹിന്ദു വിവാഹങ്ങളില്‍ ക്രീംനിറത്തിലുള്ള ഷര്‍ട്ടും മുണ്ടും. മുസ്ലീം വരന്മാര്‍ കോട്ടും സ്യൂട്ടുമോ ഷെര്‍വാണിയോ പോലുള്ള പുതുഫാഷനുകളിലുള്ള ഡ്രസ്സും അണിയും. വിവാഹചടങ്ങിന് മതങ്ങള്‍ക്കനുസരിച്ച് വിവിധ വേഷങ്ങളാണെങ്കിലും റിസെപ്ഷനുകളില്‍ പൊതുവേ വരന്മാര്‍ അണിയുന്ന എലഗെന്റ് ആന്‍ഡ് സിംപിള്‍ വസ്ത്രങ്ങളിലെ ഓപ്ഷനുകള്‍ ഷെര്‍വാണി, ജോധ്പൂരി സ്യൂട്ട്, കുര്‍ത്തയും പൈജാമയും, പരമ്പരാഗത മുണ്ടും ഷര്‍ട്ടും, പട്ടാണി കോട്ട്, കോട്ടും സ്യൂട്ടും എന്നിവയാണ്.