വരനെയും വധുവിനെയും യഥാര്‍ത്ഥ സുഹൃത്ത് എങ്ങിനെയെല്ലാം സഹായകമാവണം. പാര്‍ട്ടി മാത്രം പോരാ..അല്‍പം സീരിയസ് കൂടി ആവണം

വരനെയും വധുവിനെയും യഥാര്‍ത്ഥ സുഹൃത്ത് എങ്ങിനെയെല്ലാം സഹായകമാവണം. പാര്‍ട്ടി മാത്രം പോരാ..അല്‍പം സീരിയസ് കൂടി ആവണം

ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന്റെ സഹായം ഏറ്റവുമധികം വേണ്ടിവരുന്ന അവസരം ഏതായിരിക്കും? ഒട്ടും സംശയിക്കാതെ ഒറ്റ വാക്കില്‍ ഉത്തരം പറയാം-വിവാഹം.


ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന്റെ സഹായം ഏറ്റവുമധികം വേണ്ടിവരുന്ന അവസരം ഏതായിരിക്കും? ഒട്ടും സംശയിക്കാതെ ഒറ്റ വാക്കില്‍ ഉത്തരം പറയാം-വിവാഹം. വിവാഹിതരാകാന്‍ പോകുന്ന ആള്‍ക്ക് തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരെല്ലാമാണെന്ന് തിരിച്ചറിയാനുള്ള ഒരവസരം കൂടിയാണത്. ബന്ധുക്കള്‍ എത്ര പേരുണ്ടായാലും വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്ക് നാം ആദ്യം സഹായം തേടുക സുഹൃത്തുക്കളുടേതാകും. വിവാഹ ക്ഷണക്കത്ത് മുതല്‍ വിവാഹ ദിനത്തിലെ ‘ലുക്ക്’ എങ്ങനെയാകണമെന്നത് വരെ നീളുന്നു അക്കാര്യങ്ങളുടെ പട്ടിക. ഉറ്റ സുഹൃത്തുക്കളുടെ മനം തുറന്നുള്ള പ്രതികരണമാണ് വിവാഹിതര്‍ ആകാന്‍ പോകുന്നവര്‍ക്ക് വേണ്ടത്. ആ പ്രതീക്ഷക്കൊത്ത് നമ്മളും ഉയരണം. ഒപ്പമുണ്ട് എന്ന് വാക്കാല്‍ പറയാതെ സുഹൃത്തിന്റെ മനസ്സറിഞ്ഞ് കരുത്തായി കൂടെ നില്‍ക്കണം. വിവാഹിതരാകാന്‍ പോകുന്ന സുഹൃത്തിനെ എങ്ങനെയെല്ലാം നമുക്ക് സഹായിക്കാം. അക്കാര്യങ്ങളിലേക്ക്..

വിശ്വസ്തരാകൂ, പിന്തുണയ്ക്കൂ, കരുതലാകൂ

നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണ്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങളുണ്ടാകും. സുഹൃത്തിന്റെ വിവാഹ ഇഷ്ടങ്ങള്‍ എന്തെന്നറിയാന്‍ ശ്രമിച്ച് വേണം അവരോട് ഇടപഴകാന്‍. അവരുടെ ഇഷ്ടങ്ങള്‍ നമ്മളുടേതാകണമെന്നില്ല. അതിനാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കാന്‍ തയ്യാറാകണം. വിവാഹദിനത്തില്‍ ധരിക്കുന്ന വസ്ത്രത്തിന് ആ നിറമല്ലേ നല്ലത്? സദ്യ അവരെ എല്‍പ്പിച്ചാല്‍ എങ്ങനെയിരിക്കും? വിവാഹ പാര്‍ട്ടി ആ ഹോട്ടലില്‍ നടത്തുന്നത് അല്ലേ നല്ലത്? തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരമായി സുഹൃത്ത് നിങ്ങള്‍ക്ക് മുമ്പിലെത്തും. സത്യസന്ധമായി അഭിപ്രായം തുറന്നുപറയുക. എതിരഭിപ്രായം ഉണ്ടെങ്കില്‍ അതും പറയണം. പക്ഷെ തുറന്നടിച്ചല്ല, എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് സുഹൃത്തിന് മനസിലാകുന്ന വിധം വിശദീകരിക്കുക.

ആവശ്യമുള്ളപ്പോഴെല്ലാം തണലാകുക

ജോലിത്തിരക്കുകളും മറ്റു ഉത്തരവാദിത്തങ്ങളുമെല്ലാം നിങ്ങള്‍ക്കും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ സുഹൃത്തിന് ആവശ്യമുള്ളപ്പോള്‍ കഴിയുമെങ്കില്‍ അടുത്തുണ്ടാകാന്‍ ശ്രമിക്കുക. വിവാഹവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ നിങ്ങളുടെ സാമിപ്യവും അഭിപ്രായവും സുഹൃത്തിന് വലിയ സഹായമാകും.

വിവാഹ നടത്തിപ്പിലെ അനുഭവസമ്പത്ത് പകര്‍ന്നു നല്‍കാം

സ്വന്തം സഹോദരങ്ങളുടെ വിവാഹം നടത്തി അനുഭവ സമ്പത്തുള്ളവരായിരിക്കും ചിലപ്പോള്‍ നിങ്ങള്‍. വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തിന് ചിലപ്പോള്‍ അതുണ്ടാകണമെന്നില്ല. അത്തരം സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കാം. വിവാഹ നടത്തിപ്പില്‍ നിങ്ങള്‍ക്ക് പറ്റിയ വീഴ്ച്ചകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സുഹൃത്തിനോട് പങ്കുവെക്കണം. അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനെ കുറിച്ച് ആലോചിക്കാനും സുഹൃത്തിനോട് പറയാം. വിവാഹ ചെലവ് കുറക്കാനുള്ള ടിപ്പുകള്‍ നല്‍കാനും ചിലപ്പോള്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. വെഡ്ഡിങ് റിസപ്ഷന്‍, സീറ്റിങ് അറേഞ്ച്‌മെന്റ്, പുഷ്പാലങ്കാരം, ഏറ്റവുമടുത്ത് കുറഞ്ഞ തുകയില്‍ ലഭ്യമായ മികച്ച കാറ്ററിങ് സര്‍വീസ് തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ സുഹൃത്തിനോട് പറയുക.

അതിഥികളെ വരവേല്‍ക്കാം

നിങ്ങളുടെ സുഹൃത്തിന്റെ അതിഥികള്‍ നിങ്ങളുടെ അതിഥികളുമാണ്. വിവാഹ തിരക്കിനാല്‍ സുഹൃത്തിന് ചിലപ്പോള്‍ എല്ലാവരേയും ശ്രദ്ധിക്കാന്‍ കഴിയണമെന്നില്ല. അത് മനസിലാക്കി അവര്‍ക്ക് വേണ്ടി അതിഥികളെ സല്‍ക്കരിക്കേണ്ടത്‌
നിങ്ങളാണ്. അതിഥികളുടെ യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓര്‍മ്മ വെക്കുകയും അതത് സമയത്ത് അതുറപ്പ് വരുത്തുകയും വേണം.


വിവാഹത്തിന് മുമ്പ് ഒന്നടിച്ച് പൊളിക്കാം, പക്ഷെ…

വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തിന്റെ വക പാര്‍ട്ടി, അത് നിര്‍ബന്ധമാണ്. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഉറ്റ ചങ്ങാതിമാര്‍ക്കൊപ്പം അവിവാഹിതനായി അല്ലെങ്കില്‍ അവിവാഹിതയായി ആഘോഷിക്കാനുള്ള ഒരവസരമാണത്. സുഹൃത്ത്ബന്ധത്തിലെ  ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആ വേളയില്‍ പ്രിയ സുഹൃത്തുമൊത്ത് പങ്കുവെക്കാം. കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട ആത്മാര്‍ത്ഥതയും മര്യാദകളും പകര്‍ന്നുനല്‍കുക.

പുരുഷന്‍മാരുടെ പാര്‍ട്ടികളില്‍ സാധാരണ മദ്യമാണ് കളം നിറയാറുള്ളത്. അതിനാല്‍ തന്നെ പാര്‍ട്ടി ആഘോഷമാക്കി സുഹൃത്തിന് ചീത്തപ്പേരുണ്ടാക്കരുത്. വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തും ചിലപ്പോള്‍ മദ്യപിക്കുന്ന ആളായിരിക്കാം. എന്നുകരുതി മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കരുത്. സുഹൃത്തിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമാണ് വരാന്‍ പോകുന്നതെന്ന ഓര്‍മ്മയുണ്ടാകണം.