പവിഴക്കൊട്ടാരങ്ങളും മുത്തുചിപ്പികളും സാക്ഷി, നിഖിലും യൂനികയും കൈകോര്‍ത്തു; രാജ്യത്തെ ആദ്യ ആഴക്കടല്‍ വിവാഹം കോവളത്ത്‌

പവിഴക്കൊട്ടാരങ്ങളും മുത്തുചിപ്പികളും സാക്ഷി, നിഖിലും യൂനികയും കൈകോര്‍ത്തു; രാജ്യത്തെ ആദ്യ ആഴക്കടല്‍ വിവാഹം കോവളത്ത്‌

അറബിക്കടലില്‍ നാലുമീറ്റര്‍ ആഴത്തിലായിരുന്നു വിവാഹവേദി


വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നുവെന്നൊന്നും പറഞ്ഞ് ന്യൂജനറേഷനെ പറ്റിക്കാന്‍ നോക്കണ്ട. ‘സ്വര്‍ഗ്ഗം ഇങ്ങ് ഭൂമിയില്‍ തന്നെയാണ് ഭായി’ എന്നു പറഞ്ഞ് അവര്‍ നിങ്ങളുടെ വായടക്കും. പറഞ്ഞുവന്നത് ചില ന്യൂജനറേഷന്‍ വിവാഹങ്ങളെ പറ്റിയാണ്. കാലം മാറുന്നതിനനുസരിച്ച് കോലം മാത്രമല്ല, കല്യാണവും മാറുമെന്നാണ് ഇന്നത്തെ ചില വിവാഹങ്ങള്‍ തെളിയിക്കുന്നത്. വിവാഹമെന്നത് രണ്ടുപേരുടെ ഒന്നിക്കലല്ലേ, അത് ചുമ്മാ മുഖത്ത് ചിരി പോലും വരുത്താതെ ഗൗരവത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഒരു ചടങ്ങല്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ചിലര്‍ പരമ്പരാഗത ചടങ്ങുകള്‍ക്കൊപ്പം ചില ന്യൂജനറേഷന്‍ നമ്പറുകള്‍ കൂടി ചേര്‍ത്ത് വിവാഹം അങ്ങ് പൊളിക്കും. എന്നാല്‍ ചിലര്‍ പഴഞ്ചന്‍ ആചാരങ്ങളോട് പാടേ ബൈ ബൈ പറഞ്ഞ് വിവാഹങ്ങളെ വേറെ ലെവലിലെത്തിക്കും. അത്തരമൊരു വിവാഹത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

കഥയല്ല, ഈ കല്യാണം നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലാണ്. വരനാണെങ്കിലോ ഒരു ഇന്ത്യക്കാരനും. ഇനി എന്തുകൊണ്ടാണ് ഈ വിവാഹം ഇത്ര സ്‌പെഷ്യലായതെന്നാണ് അറിയേണ്ടത്. ഇവരുടെ വിവാഹത്തിന് സാക്ഷിയായത് അറബിക്കടലിന്റെ ആഴങ്ങളും പവിഴക്കൊട്ടാരങ്ങളും മുത്തുചിപ്പികളും പരല്‍മീനുകളുമാണ്. കടലിനുള്ളില്‍ വെച്ച് നടക്കുന്ന ആദ്യ ഇന്ത്യന്‍ വിവാഹമെന്ന ഖ്യാതിയാണ് മഹാരാഷ്ട്രക്കാരനായ നിഖില്‍പവാറും സ്ലൊവേക്യന്‍ വധുവായ യൂനികയും തങ്ങളുടെ പേരിനൊപ്പം എഴുതിചേര്‍ത്തത്.

വെള്ളത്തിനടിയിലുള്ള വിവാഹങ്ങള്‍ പാശ്ചാത്യര്‍ക്കിടയില്‍ പതിവാണെങ്കിലും ഇന്ത്യയില്‍ സ്വിമ്മിങ് പൂളുകളിലാണ്‌
അത്തരം വിവാഹങ്ങള്‍ മുമ്പ് നടന്നിട്ടുള്ളത്. എന്നാല്‍ കടലിനെ പ്രണയിക്കുന്ന നിഖിലും യൂനികയും ആഴക്കടലില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.


കോവളത്തെ ഗ്രോവ് ബീച്ചിലാണ് റിപ്പബ്ലിക് ദിനത്തില്‍ ഈ അപൂര്‍വ്വ വിവാഹം നടന്നത്. അറബിക്കടലില്‍ നാലുമീറ്റര്‍ ആഴത്തിലായിരുന്നു വിവാഹവേദി. തൂവെള്ള വിവാഹവസ്ത്രങ്ങള്‍ക്ക് മേല്‍ നീന്തല്‍ സഹായ ഉപകരണങ്ങളും ധരിച്ചാണ് തിരകള്‍ക്കെതിരെ ഒന്നിച്ച് തുഴഞ്ഞ് വധൂവരന്മാര്‍ വേദിയിലെത്തിയത്. പൂക്കളും പനയുടെ ഇലകളും ചിരട്ടയും കൊണ്ട് അലങ്കരിച്ച വേദിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം