ആഘോഷങ്ങളെ ആസ്വാദ്യമാക്കുന്ന ഭക്ഷണവിഭവങ്ങള്‍, രുചിഭേദങ്ങളുടെ വിജയവീഥിയില്‍ വി കെ വീസ്

ആഘോഷങ്ങളെ ആസ്വാദ്യമാക്കുന്ന ഭക്ഷണവിഭവങ്ങള്‍, രുചിഭേദങ്ങളുടെ വിജയവീഥിയില്‍ വി കെ വീസ്

ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്. ആഘോഷങ്ങള്‍ ഓര്‍മ്മിക്കാനുള്ളതും. വിവാഹമായാലും പിറന്നാളായാലും എല്ലാ ആഘോഷങ്ങളും മനോഹരമാക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വലുതാണ്. അതുകൊണ്ട് തന്നെ ഓരോ ആതിഥേയനും തങ്ങളുടെ വിരുന്നുകാര്‍ക്ക് മികച്ച ഭക്ഷണം തന്നെ വിളമ്പാന്‍ ശ്രദ്ധിക്കുന്നു. ഇങ്ങനെ ഓരോ ആഘോഷങ്ങളേയും വ്യത്യസ്തമാക്കുകയാണ് വയറും മനസ്സും നിറയ്ക്കുന്ന കേറ്ററിങ്ങ് യൂണിറ്റുകള്‍..


ഏറ്റവും വിപണി സാധ്യതയുള്ള മേഖലയാണ് പാചകമെന്നത് പലരും തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രുചികരമായ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്ത് ആളുകളുടെ മനസ്സില്‍ കയറി കൂടിയ ഒരാളുണ്ട് എറണാകുളത്ത്.  കണ്ടനാട് സ്വദേശി വി കെ വര്‍ഗീസ്. കേറ്ററിങ്ങ് രംഗത്തെ അതികായകനായ വി കെ വീസിന്റെ അമരക്കാരന്‍. രുചിഭേദങ്ങളുടെ തോഴനെന്നോ രുചി വൈവിധ്യങ്ങളുടെ ഉപജ്ഞാതാവെന്നോ വി കെ വര്‍ഗീസിനെ വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തി ആവില്ല. കാരണം കേറ്ററിങ്ങ് മേഖലയില്‍ പുതുമകളുണ്ടാവുന്നത് എന്നും വര്‍ഗീസിന്റെ കൈകളിലൂടെയാണ്.

ചെമ്പുപാത്രങ്ങളുടെ കച്ചവടം നടത്തിയിരുന്ന വി കെ കുര്യാക്കോസിന്റെയും ശോശാമ്മയുടെ അഞ്ചു മക്കളില്‍ രണ്ടാമനായ വി കെ വര്‍ഗീസ് കച്ചവട രംഗത്തേക്ക് എത്തുന്നത് പിതാവിന്റെ മരണത്തോടെയാണ്. ഏഴ് ജീവനക്കാരുമായി തുടങ്ങിയ വി കെ വീസില്‍ ഇപ്പോള്‍ 75 ഓളം ജീവനക്കാരുണ്ട്. തുടക്കത്തില്‍ 700 പേര്‍ക്കായിരുന്നു ഒരു സമയം ഭക്ഷണം എത്തിച്ചിരുന്നത്. ഇപ്പോഴത് 14000 പേരില്‍ എത്തി നില്‍ക്കുന്നു. മൂന്നു യൂണിറ്റുകളിലായാണ് വി കെ വീസിന്റെ പ്രവര്‍ത്തനം. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നാടന്‍, ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ തയ്യാറാക്കും. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് ഓരോ സ്ഥലത്തേയ്ക്കും ഭക്ഷണം എത്തിക്കുന്നത്.

 

ഒരു ചടങ്ങിനെത്തുന്ന എല്ലാ പ്രായത്തിലുള്ളവരേയും മനസ്സിലാക്കിയാലേ ഒരു കേറ്ററിംഗുകാരന് വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വി കെ വര്‍ഗീസ് പറയുന്നു. ഓരോ പ്രായത്തിലുള്ളവര്‍ക്കും ഭക്ഷണകാര്യത്തില്‍ അവരുടേതായ പൊതുവായ ചില ഇഷ്‌‍ടങ്ങളുണ്ട്. 20 വയസ്സിനു താഴെയുള്ളവര്‍ക്ക് സോഫ്റ്റ് ഡ്രിഗ്ഗ്‌സും വറുത്തതും പൊരിച്ചതുമാണ് ഇഷ്‍ടം. 20നും 45 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വേണ്ടത് പുലാവ്, ഫ്രൈഡ് റൈസ്, ബിരിയാണി..തുടങ്ങിവയാണ്. 50 വയസിനു മുകളിലുള്ളവര്‍ക്ക് താല്‍പര്യം നല്ല കുത്തിരിച്ചോറും മോരു കാച്ചിയതും കുറച്ചു മീന്‍ വറ്റിച്ചതും ആണ്. ഒപ്പം വറുത്ത ചിക്കനും ബീഫും കൂടെയുണ്ടെങ്കില്‍ അവര്‍ ഹാപ്പിയാകുമെന്ന് ഈ രംഗത്തെ പരിചയ സമ്പന്നതയില്‍ വി കെ വര്‍ഗീസ് പറയുന്നു. പ്രായങ്ങളുടെ രുചിഭേദം അറിയുന്നതുകൊണ്ട് തന്നെ വി കെ വീസ് ഒരുക്കുന്ന ബുഫെയില്‍ ഈ മൂന്ന് തരം പ്രായക്കാര്‍ക്ക് വേണ്ട ഭക്ഷണവും ഉള്‍പ്പെടുത്തും.


കേറ്ററിംഗ് രംഗത്തെ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് വി കെ വീസാണ്. പാര്‍ട്ടിക്കിടയില്‍ ഒരുക്കുന്ന നാടന്‍ തട്ടുകട, ചുണ്ടന്‍വള്ളത്തിന്റെ മാതൃകയില്‍ അണയിച്ചൊരുക്കിയ ബുഫേയും കുട്ടികള്‍ക്കുള്ള കിഡ്‌സ് കോര്‍ണര്‍. ഇങ്ങനെ കാലാനുസ്തൃമായ നിരവധി പുതുമകളാണ് വി കെ വീസ് ഈ രംഗത്ത് എത്തിച്ചത്. ഏറ്റവും കൃത്യനിഷ്ഠതയുള്ള ജോലിയാണ് കേറ്ററിങ്ങ് സര്‍വ്വീസെന്ന് വി കെ വര്‍ഗീസ് പറയുന്നു. ഓരോ സ്ഥലത്തും സമയത്ത് ചൂടുള്ള ഭക്ഷണം നല്‍കണം. ഭക്ഷണം കഴിച്ച് ആളുകള്‍ക്ക് പ്രശനമൊന്നും ഇല്ല എന്ന് ഉറപ്പാക്കുന്നതവരെ ടെന്‍ഷനാണ്. വി കെ വീസ് ഏറ്റെടുക്കുന്ന പാര്‍ട്ടികളിലെല്ലാം നേരിട്ട് പോയി മേല്‍നോട്ടം വഹിക്കാന്‍ വി കെ വര്‍ഗീസ് ശ്രമിക്കാറുണ്ട്.

ലാഭത്തിന്റെ 16 ശതമാനത്തില്‍ മാത്രമേ അമക്കാരന് അവകാശമുള്ളൂ എന്ന് വി കെ വര്‍ഗീസ് പറയുന്നു. കമ്പനിയുടെ നടത്തിപ്പ് കഴിഞ്ഞുള്ള തുക തൊഴിലാളികള്‍ക്കാണ്. കമ്പനിയുടെ തുടക്കം മുതല്‍ ഈ രീതിക്കാണ് ലാഭവിഹിതം പങ്കുവെയ്ക്കുന്നത്. തൊഴിലാളികളാണ് തന്റെ ശക്തിയെന്ന് വര്‍ഗീസ് പറയുന്നു. ഈ രംഗത്ത് സാധ്യതകള്‍ ഒരിക്കലും അസ്തമിക്കാത്തത് ആണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ വി കെ വര്‍ഗീസ് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ജീവിതത്തോട് തന്നെ നീതിയും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്കെ ഈ മേഖലയില്‍ വിജയിക്കാന്‍ പറ്റൂ. വി കെ വീസിന്റെ ആഹാരപ്പെരുമയുടെ രുചി അറിഞ്ഞവരില്‍ മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എ പി ജെ അബ്‍ദുള്‍ കലാം അടക്കം നിരവധി പ്രമുഖരുണ്ട്. വി കെ വീസിനും വി കെ വര്‍ഗീസിനും പൂര്‍ണ്ണ പിന്തുണ നല്‍കി റിട്ട. തഹസില്‍ദാരായ ഭാര്യ സുശീലയും മൂന്ന് ആണ്‍മക്കളും കൂടെയുണ്ട്.