കണ്ടമാത്രയില്‍ തുറന്നുനോക്കണം, കണ്ണെടുക്കാതെ നോക്കിയിരിക്കണം; വിവാഹം പോലെ സ്‌റ്റൈലാവട്ടെ ക്ഷണക്കത്തും

കണ്ടമാത്രയില്‍ തുറന്നുനോക്കണം, കണ്ണെടുക്കാതെ നോക്കിയിരിക്കണം; വിവാഹം പോലെ സ്‌റ്റൈലാവട്ടെ ക്ഷണക്കത്തും

വിവാഹം പോലെ അനശ്വരമാകട്ടെ വിവാഹം വിളംബരം ചെയ്യുന്ന ക്ഷണപത്രവും. ഒന്നു നോക്കി കീറിക്കളയാനോ മാറ്റിവെക്കാനോ തോന്നരുത്, ആര്‍ക്കും.


ആഹാ കൊള്ളാലോ..ഒറ്റ നോട്ടത്തില്‍ ഇങ്ങനൊരഭിപ്രായം നേടാന്‍ ഏതറ്റംവരെ പോകാനും ഇന്നത്തെ വധൂവരന്മാര്‍ റെഡിയാണ്. വിവാഹം ഉറപ്പിച്ചാല്‍ ആദ്യം ഓടുന്നത് ക്ഷണപത്രത്തിന്റെ ഡിസൈന്‍ തീരുമാനിക്കാനാണ്. വിവാഹ ചിലവുകളുടെ ലിസ്റ്റില്‍ ആദ്യത്തേതാണ് ഇന്‍വിറ്റേഷന്‍ കാര്‍ഡ്. അതിനു എത്ര പണം ചിലവാക്കാനും മടിയില്ല.

പണ്ട് ഇതായിരുന്നില്ല സ്ഥിതി. ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹത്തിനു ക്ഷണിക്കും. അതും അവരുടെ വീട്ടില്‍ നേരിട്ടുപോയി വിളിക്കണം. അവിടെത്തീരും ക്ഷണം. നമ്മെ ഭരിച്ച ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടപ്പോള്‍ അവശേഷിപ്പിച്ചു പോയ പലകാര്യങ്ങളിലൊന്നാണ് ഇന്നുകാണുന്ന ക്ഷണപത്രം. ആദ്യം രാജ കുടുംബങ്ങളും, വ്യാപാരികളും, ഭൂപ്രഭുക്കളുമൊക്കെ ഈ രിതി പിന്തുടര്‍ന്നു. കാലക്രമേണ എല്ലാവരും ക്ഷണക്കത്തടിക്കാന്‍ തുടങ്ങി.

ഓരോ കാലഘട്ടങ്ങളിലും വലുപ്പവും സ്റ്റൈലും മാറി മാറി വന്നു. ആദ്യമൊക്കെ വിവാഹിതരാവുന്നവരുടെ വിവരങ്ങള്‍, വിവാഹ വേദി, സമയം തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനായിരുന്നു കാര്‍ഡുകള്‍. വീട്ടുകാര്‍ കാര്‍ഡുമായി ചെന്ന് വിവാഹം ക്ഷണിക്കും, അത്ര തന്നെ. ഇന്ന് കഥയാകെ മാറി.

Image result for wedding card ethnic


80കളില്‍ എത്‌നിക് ഡിസൈനുകളും മോട്ടിഫുകളുമായിരുന്നു ഡിസൈനിങ്ങില്‍ ട്രെന്‍ഡ്. പുതിയ ആശയങ്ങളും ആവിഷ്‌കാരങ്ങളും സന്നിവേശിപ്പിച്ചാണ് ഇക്കാലത്തെ ക്ഷണക്കത്തുകള്‍.പ്രിന്റിങ് ടെക്‌നോളജിയും പേപ്പര്‍ ക്വാളിറ്റിയും വികസിച്ചതോടെ ഇഷ്ടത്തിനനുസരിച്ചു കാര്‍ഡുകള്‍ അലങ്കരിക്കാമെന്നായി.

ഇക്കാലം സോഷ്യല്‍ മീഡിയയുടെ ആണെങ്കിലും പേപ്പര്‍ കാര്‍ഡുകളോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. ഓരോ ചടങ്ങിനും ഓരോ കാര്‍ഡ്. ഇപ്പോള്‍ കല്യാണ ചടങ്ങുകള്‍ ദിവസങ്ങള്‍ നീളുന്നതിനാല്‍ മെഹന്തിക്കും സംഗീതത്തിനും പിന്നെ കല്യാണത്തിനും റിസപ്ഷനും വരെ വ്യത്യസ്ത തരം കാര്‍ഡുകളാണ്. കൂടെ ഒരു ചെറിയ പെട്ടിയിലൊതുങ്ങുന്ന ഗിഫ്റ്റുകളും. അങ്ങനെ കാര്‍ഡുകള്‍ ഗ്രാന്‍ഡാക്കാം.

Image result for creative indian wedding invitation card

ഒത്തിരി അടുത്ത ബന്ധമുള്ള ആളുകളെ ക്ഷണിക്കാന്‍ കാര്‍ഡുകളില്‍ മുത്തുകളും ക്രിസ്റ്റലുകളും പതിച്ചവ തെരഞ്ഞെടുക്കാം. പഴമ തിരിച്ചുവരികയാണ് കാര്‍ഡിലും. വിന്റേജ് ലുക്കില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഡിസൈനുകളും ബ്രൊക്കേഡുകളും മോട്ടിഫുകളും ഇന്നു ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്തിനധികം, 3ഡിയില്‍ വരെ കാര്‍ഡുകളായി. പൂക്കള്‍ പതിപ്പിച്ചതും വയറുകള്‍, ലേസുകള്‍, സവിശേഷമായ തുണികളെല്ലാം ഇന്ന് കാര്‍ഡുകളില്‍ ഉപയോഗിക്കുന്നു.

Image result for grand indian wedding card

കാര്‍ഡുകള്‍ ഇപ്പോള്‍ ഒട്ടും ഫോര്‍മലല്ല. സംസാര ഭാഷയിലാണ് ഇപ്പോള്‍ കല്യാണം വിളി.

പേര്‍സണലൈസ്ഡ് കാര്‍ഡുകളോടു എല്ലാവര്‍ക്കും പ്രിയമുണ്ട്. വീട്ടിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത താല്‍പര്യമായിരിക്കും. എല്ലാവരെയും സന്തോഷപ്പെടുത്താന്‍ പലതരം കാര്‍ഡുകള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. വധൂവരന്മാരുടെ കുടുംബം ക്ഷണിക്കുന്നത്, വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുള്ളത്, പിന്നെ സുഹൃത്തുക്കളുമായുള്ള നിമിഷങ്ങള്‍ ചിത്രങ്ങളായി ചേര്‍ത്ത്….. ഇങ്ങനെ പലതരത്തിലുളള കാര്‍ഡുകള്‍. തീം വെഡ്ഡിങ്ങാണെങ്കില്‍ ഉപയോഗിക്കുന്ന നിറത്തിനോടും പൂക്കളോടുമെല്ലാം ചേരുന്ന കാര്‍ഡുകളാവട്ടെ.

Image result for luxurious wedding cards india

മുന്‍കാലങ്ങളില്‍ കാര്‍ഡിന്റെ കവറിലും അകത്ത് കാര്‍ഡിനു മുകളിലായി രാധാ-ക്യഷ്ണ ചിത്രമോ ബൈബിളിലെയോ ഖുര്‍ആനിലെ വചനങ്ങളോ ആയിരുന്നു ഇടംപിടിക്കാറുള്ളത്. അവിടം ഇപ്പോള്‍ വധൂവരന്മാരുടെ ചിത്രങ്ങളാണ് അധികവും. കാര്‍ഡു മാത്രമല്ല കവറും താരമാണ്. വ്യത്യസ്തവും ട്രെന്‍ഡിയുമായ ലുക്കിലാണ് കവറുകളെത്തുന്നത്. കവര്‍ കണ്ടമാത്രയില്‍ കാര്‍ഡൊന്ന് തുറന്നുനോക്കാന്‍ ആരും ആഗ്രഹിക്കും.

ഇനിയിപ്പോ പ്രകൃതി സ്‌നേഹിയാണെങ്കില്‍ ഇക്കോ ഫ്രണ്ട്‌ലിയായ റീസൈക്കിള്‍ ചെയ്യാവുന്ന ഹാന്റ് മെയ്ഡ് പേപ്പര്‍, ഇലകള്‍, ചുള്ളിക്കമ്പുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച കാര്‍ഡ് തിരഞ്ഞെടുക്കാമല്ലോ.

Image result for eco friendly wedding cards

അനിമേഷന്‍ ഉപോഗിച്ചുള്ള ഇ-വെഡ്ഡിങ് കാര്‍ഡുമിപ്പോള്‍ ട്രെന്‍ഡാണ്. സീസണനുസരിച്ചുള്ള കാര്‍ഡുകളുമുണ്ട്. വിവാഹം പോലെ അനശ്വരമാകട്ടെ വിവാഹം വിളംബരം ചെയ്യുന്ന ക്ഷണപത്രവും. ഒന്നു നോക്കി കീറിക്കളയാനോ മാറ്റിവെക്കാനോ തോന്നരുത്, ആര്‍ക്കും….