വിവാഹ ദൃശ്യങ്ങളും ചിത്രങ്ങളും സിനിമാ സ്‌റ്റൈലില്‍; സമ്മോഹന നിമിഷങ്ങള്‍ പകര്‍ത്തി തീം ഫോട്ടോസ് മുതല്‍ ടീസര്‍ വരെ

വിവാഹ ദൃശ്യങ്ങളും ചിത്രങ്ങളും സിനിമാ സ്‌റ്റൈലില്‍; സമ്മോഹന നിമിഷങ്ങള്‍ പകര്‍ത്തി തീം ഫോട്ടോസ് മുതല്‍ ടീസര്‍ വരെ

കല്യാണ വേഷത്തില്‍ വെള്ളത്തിനടിയില്‍ വെച്ച് ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കണം. വിവാഹം ഉറപ്പിച്ചതു മുതല്‍ അവളുടെ വലിയ ആഗ്രഹമായിരുന്നത്. വിദേശത്തെ ചില അണ്ടര്‍വാട്ടര്‍ വിവാഹങ്ങളെല്ലാം ടി.വിയിലും മാഗസിനിലും കണ്ട നാള്‍ മുതലുള്ള ആശയാണ്. എന്തോ തമാശ പറയുന്നതിനിടെ ഒരിക്കല്‍ ഇതവള്‍ തന്റെ ഭാവി വരനോട് പങ്കുവെക്കുകയും ചെയ്തു.


കല്യാണ വേഷത്തില്‍ വെള്ളത്തിനടിയില്‍ വെച്ച് ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കണം. വിവാഹം ഉറപ്പിച്ചതു മുതല്‍ അവളുടെ വലിയ ആഗ്രഹമായിരുന്നത്. വിദേശത്തെ ചില അണ്ടര്‍വാട്ടര്‍ വിവാഹങ്ങളെല്ലാം ടി.വിയിലും മാഗസിനിലും കണ്ട നാള്‍ മുതലുള്ള ആശയാണ്. എന്തോ തമാശ പറയുന്നതിനിടെ ഒരിക്കല്‍ ഇതവള്‍ തന്റെ ഭാവി വരനോട് പങ്കുവെക്കുകയും ചെയ്തു. വിവാഹം അടുക്കവെ ഒരു നാള്‍ അവന്‍ ഒരു സര്‍പ്രൈസ് എന്നും പറഞ്ഞ് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അവള്‍ ഒരിക്കലും കരുതിയില്ല, തന്റെ ആഗ്രഹം സഫലമാകുകയാണെന്ന്. ഒരു പൂളിലേക്കാണ് അവള്‍ ചെന്നെത്തിയത്. അവടെ എല്ലാം സജ്ജീകരിച്ച് ഒരുകൂട്ടം ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ടിനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുതല്‍ ഹെയര്‍സ്റ്റൈലിസ്റ്റും
ക്യാമറാ ക്രൂവുമൊക്കെ പിന്നീട് സിനിമയെ വെല്ലൂന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. ഇരുവരെയും സുരക്ഷാ സജ്ജീകരണങ്ങളോടെ വെള്ളത്തിനടിയിലിറക്കുന്നു. പിന്നെ പല പോസിലുള്ള ചിത്രങ്ങളൊപ്പിയെടുത്ത് ക്യാമറകള്‍. അടുത്തകാലത്തിറങ്ങിയ വളരെ രസകരമായൊരു പരസ്യമാണിത്. ഇതു കാണുമ്പോഴറിയാം വെഡ്ഡിങ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും പുതിയ കാലത്ത് എവിടെയെത്തി നില്‍ക്കുന്നുവെന്ന്.

ധന്യമായ വിവാഹ മുഹൂര്‍ത്തങ്ങളിലെ സമ്മോഹന നിമിഷങ്ങള്‍ എന്നെന്നും ഓര്‍ത്തുവെക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമില്ലാത്ത വിവാഹം ആലോചിക്കാനേ വയ്യ.

വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലെ ഏറെ രസകരമായ മറ്റൊരു ആശയമായിരുന്നു വരനും വധുവും ആദ്യമായി ക്യാമറയുടെ സാന്നിദ്ധ്യത്തില്‍ കണ്ടുമുട്ടിയത്. ആ എക്‌സൈറ്റ്‌മെന്റ്, മുഖത്തെ തിളക്കം എല്ലാം പിന്നീട് ഒരു വീഡിയോയില്‍ കാണുമ്പോള്‍ എന്തുമാത്രം സന്തോഷം തോന്നുമല്ലേ. ഇത്തരം പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നവരെയാണ് എല്ലാവര്‍ക്കും പ്രിയം. തങ്ങളുടെ വിവാഹം മുന്‍പാരും കണ്ടിട്ടില്ലാത്ത വിധം ഭംഗിയാക്കണമെന്നാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു വേണ്ടി എത്ര പണം
ചിലവാക്കാനും റെഡി. പ്രീ വെഡ്ഡിങ് ഷൂട്ട്, വെഡ്ഡിങ് ഡേ ഷൂട്ട്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഇങ്ങനെ നീളുന്നു പരിപാടികള്‍….

ഏരിയല്‍ ഷോട്ടും കാന്‍ഡിഡ് ഫോട്ടോഗ്രഫിയും

ചില വിവാഹ വീഡിയോകള്‍ വധൂവരന്മാരുടെ ഏരിയല്‍ ഷോട്ടിലൂടെയായിരിക്കും തുടങ്ങുക. സിനിമയിലെ നടന്റെയോ നടിയുടെയോ ഇന്‍ഡ്രോ സീന്‍ ഓര്‍മ്മപ്പെടുത്തുമത്. ഒരു റൊമാന്റിക് സിനിമ പോലെ മനോഹരമായ ദൃശ്യങ്ങള്‍. നിരനിരയായി നിന്ന് ഫോട്ടോ എടുത്തു പോകുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ കാലമാണ്. ഫോട്ടോഗ്രാഫര്‍മാരുടെ ഒരു ഗ്രൂപ്പാണ് വരിക. ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരാള്‍, അതേസമയം ചുറ്റും നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാനൊരാള്‍ അങ്ങനെ അങ്ങനെ…

ചില കല്യാണങ്ങള്‍ക്ക് ഗസ്റ്റുകള്‍ക്കായി ഒരു സര്‍പ്രൈസ് പാക്കേജു തന്നെ ഒരുക്കിയിട്ടുണ്ടാകും. പിന്നെ ഫോട്ടോ എടുക്കാനായി ഫോട്ടോ ബൂത്ത് വിത് പ്രോപ്‌സ്, സെല്‍ഫി സ്റ്റേഷന്‍, ലൈവായി സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യാനായി ഫ്രീ വൈ-ഫൈ, ടച്ച് സ്‌ക്രീന്‍ എല്ലാം സജ്ജീകരിക്കും.


ഫസ്റ്റ്‌ലുക്ക് ഫോട്ടോസ്

അണിഞ്ഞൊരുങ്ങിയിറങ്ങുമ്പോള്‍ പകര്‍ത്തുന്ന ‘ഫസ്റ്റ് ലുക്ക്’ ഫോട്ടോസ് ഇപ്പോള്‍ ട്രെന്‍ഡാണ്. സെലിബ്രിറ്റികളുടെ കല്യാണങ്ങള്‍ക്കാണ് ആദ്യമിത് നമ്മള്‍ കണ്ടത്. ഇപ്പോള്‍ ഇതും സാധാരണമായിരിക്കുന്നു. വിവാഹ ദിവസം ഒരുങ്ങിയെത്തുന്ന വധുവിനും വരനും ഏറ്റവും ഇഷ്ടം തങ്ങളുടെ പോര്‍ട്രേറ്റ് ഫോട്ടോസായിരിക്കും. മാതാപിതാക്കളുമായുള്ള ഇമോഷണല്‍ മൊമന്റ്‌സും ഇതിലുള്‍പ്പെടുത്തുന്നു. വിവാഹ ദിവസം തന്നെ ഫോട്ടോ എഡിറ്റ് ചെയ്ത് റിസപ്ഷന് എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാണാന്‍ വേണ്ടിയാണിത്. ഇത് സുഖമുള്ള അനുഭവമാണ് നല്‍കുന്നത്. കൂടെ വെഡ്ഡിങ് ബ്‌ളൂപ്പര്‍ കൂടി ചേര്‍ത്താലോ…., ചിരിക്കാനുള്ള വകയായി. കല്യാണ തിരക്കിനിടയില്‍ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങള്‍, രസകരമായ കളികള്‍, എല്ലാം കണ്ടാസ്വദിക്കാം. സ്‌ക്രിപ്റ്റും വോയ്‌സോവറും കൂടിയുണ്ടെങ്കില്‍ ഉഷാറായി.

ഫോട്ടോ ഷെയറിങ് വ്യാപകമായതോടെ വിവാഹദിനം ഇന്‍സ്റ്റഗ്രാമിലും ഹിറ്റാക്കുകയാണ് ഇപ്പോള്‍. വെഡ്ഡിങ് ഫോട്ടോകള്‍ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് അപ്പപ്പോള്‍ പങ്കുവെക്കുന്നു. ഇത് കാണുന്ന ചടങ്ങിലെ അതിഥികള്‍ക്കും ചിത്രങ്ങളും ദൃശ്യങ്ങളും ഇതേ ലൈവ് ആല്‍ബത്തില്‍ അപ്‌ലോഡ് ചെയ്യാം. വിവാഹത്തിനെത്താത്തവര്‍ക്ക് കണ്ടാസ്വദിക്കാനും കമന്റുകളും ലൈക്കുകളും ചൊരിയാനും ഇതൊരു മാര്‍ഗമാണ്.

 തീം ഫോട്ടോസ്

കല്യാണം കഴിഞ്ഞ് റിസപ്ഷനും കഴിഞ്ഞ് പൊടിയും തട്ടിപോകുന്ന ഫോട്ടോഗ്രാഫേഴ്‌സും വീഡിയോഗ്രാഫേഴ്‌സും ഇന്നു ചുരുക്കമാണ്. വിവാഹ അലങ്കാരങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും തെരഞ്ഞെടുത്ത തീമിനോട് ചേരുന്ന ഫൊട്ടോഗ്രഫിയും വീഡിയോഗ്രഫിയുമാണ് തയാറാക്കപ്പെടുന്നത്. ഏതുതരത്തിലുള്ളതെന്ന ചോയ്‌സ് നമ്മുടേതാണ്. ബലൂണുകളും പൂക്കളുമെല്ലാം തീമിനനുസരിച്ച് ഒരുക്കും. പുതിയ വെഡ്ഡിങ് ആല്‍ബങ്ങളിലെല്ലാം ആവര്‍ത്തിക്കുന്ന വിന്‍ഡേജ് കാറും സ്‌കൂട്ടറുമെല്ലാം ഇങ്ങിനെ തീമിന്റെ ഭാഗമായി ഇടംപിടിക്കുന്നതാണ്.

റൊമാന്റിക്കായ സായാഹ്നം ഇഷ്ടമില്ലാത്തവരില്ല. അപ്പോള്‍ നാച്വറല്‍ ലൈറ്റിന്റെ ഭംഗിയില്‍ കുറച്ചു ഫോട്ടോകള്‍. ഇതിനായി സൂര്യാസ്തമയം നന്നായി ദൃശ്യമാകുന്നിടത്തു പോകാം. നിങ്ങളുടെ ബാക്ക് ഗ്രൗണ്ടില്‍ അസ്തമയസൂര്യന്റെ കിരണങ്ങളോ ഉദിച്ചുയരുന്ന സൂര്യരശ്മികളോ ഒട്ടും എഡിറ്റ് ചെയ്യാതെ നാച്വറല്‍ ആയി ലഭിച്ചാല്‍ ആ ഭംഗിയൊന്നു വേറെത്തന്നെയാണ്. ബീച്ച് വെഡ്ഡിങ്ങുകള്‍ ഏറ്റവും റൊമാന്റിക്കാകുന്നത് അതുകൊണ്ടാണ്.

വെഡ്ഡിങ് ഷൂട്ടിന് ലൊക്കേഷന്‍ തേടി ചിലര്‍ ദൂര സ്ഥലങ്ങളിലേക്ക് പോകുന്നതും ഇന്ന് ട്രെന്‍ഡായിരിക്കുന്നു. ഹിറ്റായ സിനിമാഗാനം ചിത്രീകരിച്ച അതേ ലൊക്കേഷനില്‍ അതേ വസ്ത്രങ്ങളിഞ്ഞ് അതേ ഗാനത്തിന് ചുവടുവെക്കുന്നു. ഒരു നിമിഷം ഇതു സിനിമയാണോ എന്നു ചിന്തിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് വ്യത്യസ്തത

വിവാഹ ദിനം മുഴുവന്‍ ഒട്ടും സിനിമാറ്റിക്കാവാതെ ഡോക്യുമെന്ററി പോലെ അവതരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരുമുണ്ട്. എല്ലാം ഡിജിറ്റലാണെങ്കിലും നിറങ്ങള്‍ മിന്നിയ നിമിഷങ്ങള്‍ കറുപ്പിലും വെളുപ്പിലും മാത്രം കോര്‍ത്ത് വെക്കുന്നവരുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റ് വെഡ്ഡിങ് ഫൊട്ടോഗ്രഫി ചെയ്യാന്‍ പ്രഫഷണലിനെ ഏല്‍പിച്ചാല്‍, ഇത്തിരി എഡിറ്റിങ് കൂടിയായാല്‍ ലഭിക്കുന്ന ആഢ്യത്വം ഒന്നുവേറെ തന്നെ.

മാഗസിനുകളില്‍ കാണുന്ന മോഡലുകളെപ്പോലെ വിവാഹത്തിന് ചിത്രം പകര്‍ത്തുന്നതും ട്രെന്‍ഡാണ്. ഇതിന് കൃത്യമായ തീമും സ്‌റ്റൈലും നിശ്ചയിക്കണം. ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ലൊക്കേഷന്‍ എന്നിവയെല്ലാം ചേരുമ്പോള്‍ ഒരു സെലിബ്രിറ്റി പോലെ ഫോട്ടോഷൂട്ടില്‍ തിളങ്ങാം. സ്‌മോക് ബോംബ് ഫോട്ടോഗ്രഫി വ്യത്യസ്തമായ മറ്റൊരു രീതിയാണ്. പശ്ചാത്തലത്തില്‍ വ്യത്യസ്ത നിറങ്ങളിലെ പുകച്ചുരുളുകള്‍ നിറയും. അതിനോടു ചേര്‍ന്ന വസ്ത്രങ്ങളില്‍ വധൂവരന്മാര്‍.

 ഷെയര്‍ ചെയ്യാന്‍ ടീസറുകള്‍

ചില ഫോട്ടോഗ്രാഫര്‍മാര്‍ വെഡ്ഡിങ് പാര്‍ട്ടിയുടെ ഫോട്ടോകള്‍ എടുത്ത് അതില്‍ ഗ്രാഫിക്‌സ് ചേര്‍ത്ത് രസകരമാക്കുന്നുണ്ട്. സ്റ്റില്‍ ഫോട്ടോകളെടുത്ത് അനിമേറ്റ് ചെയ്തുണ്ടാക്കുന്നതിനെ -സ്‌റ്റോപ് മോഷന്‍ വെഡ്ഡിങ് ഫോട്ടോ ഫിലിം എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ വെഡ്ഡിങ് വീഡിയോ മൂഴുവനിരുന്നു കാണാന്‍ നേരമുണ്ടായെന്നു വരില്ല. അതു കൊണ്ടു തന്നെ ഈ വീഡിയോയുടെ ഷോര്‍ട്ട് കട്ട് അഥവാ വെഡ്ഡിങ് ഹൈലൈറ്റ്‌സ് ആണിന്ന് താരം. സിനിമ റിലീസാകുന്നതിന് മുമ്പ് തയാറാക്കുന്ന ട്രെയിലര്‍ പോലെ. അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ പിന്നെ ഫുള്‍ വേര്‍ഷനുള്ള കാത്തിരിപ്പിലാകും കാണുന്നവര്‍.