എന്തിനും ഏതിനും വെഡ്ഡിംഗ് പ്ലാനേഴ്‌സ് ഉള്ളപ്പോള്‍ വിവാഹ ഒരുക്കങ്ങളെ കുറിച്ച് ഇനി എന്തിന് ടെന്‍ഷന്‍? സ്വപ്‌നങ്ങള്‍ അവര്‍ നെയ്ത് തരും

എന്തിനും ഏതിനും വെഡ്ഡിംഗ് പ്ലാനേഴ്‌സ് ഉള്ളപ്പോള്‍ വിവാഹ ഒരുക്കങ്ങളെ കുറിച്ച്  ഇനി എന്തിന് ടെന്‍ഷന്‍? സ്വപ്‌നങ്ങള്‍ അവര്‍ നെയ്ത് തരും

നിങ്ങളുടെ ബജറ്റിനുള്ളില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക മാത്രമല്ല, വിവാഹത്തെ സ്വപ്നതുല്യമാക്കി മാറ്റുന്ന കാര്യവും വെഡ്ഡിംഗ് പ്ലാനേഴ്‌സിന്റെ കയ്യില്‍ ഭദ്രം


ഉത്രാടപ്പാച്ചില്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നുവച്ച് വിവാഹപ്പാച്ചില്‍ എന്നൊക്കെ ഉണ്ടോ?. അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം, ‘ഈ വിവാഹം ഒന്ന് നടത്താന്‍ ഞാന്‍ പെട്ട പാട്, ഓടിയ ഓട്ടം, അലച്ചില്‍’ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ. കല്യാണപ്പെണ്ണിനും ചെക്കനും ഒന്നും അറിയാതെ മുഹൂര്‍ത്തത്തിന് പോയി താലി കെട്ടിയാല്‍ മതി. വിവാഹം ഉറപ്പിച്ചാല്‍ പിന്നെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു ആധിയാണ്. ആളുകളെ ക്ഷണിക്കല്‍, കല്യാണക്കത്ത്, വസ്ത്രം, സ്വര്‍ണ്ണം, ഹോള്‍ ബുക്കിംഗ്, ഡെക്കറേഷന്‍, ഭക്ഷണം, ഫോട്ടോഷൂട്ട്, ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടത്.

എന്നാല്‍ അതൊക്കെ മറന്നേക്കൂ. ചെക്കനും പെണ്ണിനും മാത്രമല്ല വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇനി ടെന്‍ഷനില്ലാതെ അതിഥികളെ പോലെ വിവാഹത്തില്‍ പങ്കെടുക്കാം, ആളായിട്ട് നിങ്ങളൊന്ന് നിന്ന് കൊടുത്താല്‍ മാത്രം മതി. കാര്യങ്ങളെല്ലാം വെടിപ്പായി നടത്തി വിവാഹം ഭംഗിയാക്കുന്ന നിരവധി വെഡ്ഡിംഗ് പ്ലാനേഴ്‌സ് ഇന്നുണ്ട്. സംഗതി ഏല്‍പ്പിച്ചാല്‍ മാത്രം മതി, നിങ്ങളുടെ ബജറ്റിനുള്ളില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക മാത്രമല്ല, വിവാഹത്തെ സ്വപ്നതുല്യമാക്കി മാറ്റുന്ന കാര്യം അവരുടെ കയ്യില്‍ ഭദ്രം.

എന്തുകൊണ്ട് വെഡ്ഡിംഗ് പ്ലാനേഴ്‌സ്?

1. വെഡ്ഡിംഗ് സ്‌റ്റൈലിംഗ്

വെഡ്ഡിംഗ് സ്‌റ്റൈലിംഗ് എന്ന വാക്കുപോലും നിങ്ങളില്‍ പലരും കേള്‍ക്കാനിടയില്ല. ഡിസൈനിലും ഡെക്കറേഷനിലും പുതുഭാവം നല്‍കി രാജകീയ ശൈലിയില്‍ വിവാഹവേദി അലങ്കരിക്കാന്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സിന് കഴിയും. ഏത് തരം വേദിയും അലങ്കാരങ്ങളും വേണമെന്ന് മാത്രം നിങ്ങള്‍ നിശ്ചയിച്ചാല്‍ മതി. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കപ്പുറം വേദി മനോഹരമായിരിക്കുമെന്ന് തീര്‍ച്ച.

2. വെഡ്ഡിംഗ് മാനേജ്‌മെന്റ്

കാര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം പോര അവ നടപ്പാക്കുകയും വേണം. വിവാഹത്തിരക്കിനിടയ്ക്ക് വീട്ടുകാര്‍ക്ക് അത് ശ്രമകരമായ ജോലിയാണ്. ക്ഷണം, ഹോള്‍ ബുക്കിങ്ങ്, ഭക്ഷണത്തിന്റെ മെനു,അതിഥികളുടെ സൗകര്യം ഉള്‍പ്പടെ സര്‍വ്വകാര്യങ്ങളും നിര്‍വ്വഹിക്കാന്‍ പ്രാപ്തിയുള്ളവരാണ് വെഡ്ഡിംഗ് മാസ്റ്റേഴ്‌സ് അഥവാ വെഡ്ഡിംഗ് പ്ലാനേഴ്‌സ്.


3. വിനോദമില്ലാതെ എന്ത് വിവാഹം?

ആട്ടവും പാട്ടുമായി വിവാഹം കൊണ്ടാടുന്നത് സിനിമകളില്‍ മാത്രമല്ല, ഇന്നത്തെ കാലത്ത് മിക്ക വിവാഹങ്ങളിലും പതിവാണ്. പക്ഷേ ഇതിനായി വീട്ടുകാര്‍ കുറച്ചധികം അലയണമെന്ന് മാത്രം. എന്നാല്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സിന് ഇതെല്ലാം വളരെ ഈസിയാണ്. എന്ത് പരിപാടിയാണ് വേണ്ടത്, ആരാണ് അവതരിപ്പിക്കേണ്ടത് എന്ന് മാത്രം പറഞ്ഞാല്‍ മതി വിവാഹം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കുന്ന കാര്യം അവരേറ്റു.

4. വധൂവരന്മാരെ വിവാഹത്തിന് തയ്യാറാക്കാം

വരന്റെയും വധുവിന്റെയും കാര്യത്തില്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സിന് എന്ത് കാര്യമെന്ന് ചിന്തിക്കുന്നുണ്ടാകും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ വധൂവരന്മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളുമായി വെഡ്ഡിംഗ് പ്ലാനേഴ്‌സ് കൂടെയുണ്ടാകും. വസ്ത്രങ്ങളുടെ സ്റ്റിച്ചിംഗ്, വധുവിനെ ഒരുക്കുന്നതിനുള്ള മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, ഒരുങ്ങാനുള്ള മുറി തുടങ്ങിയ സര്‍വ്വകാര്യങ്ങളും വെഡ്ഡിംഗ് പ്ലാനേഴ്‌സ് ഒരുക്കിക്കൊള്ളും.

5. പുത്തന്‍ ട്രെന്‍ഡുകള്‍

വിവാഹാഘോഷങ്ങളിലെ പുത്തന്‍ ട്രന്‍ഡുകള്‍ എന്താണെന്ന് കൃത്യമായി അറിയുന്നവരാണ് വെഡ്ഡിംഗ് പ്ലാനേഴ്‌സ്. ഇവ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് പറഞ്ഞ് തന്ന് അവയില്‍ നിങ്ങള്‍ക്ക് സ്വീകാര്യമായവ വിവാഹത്തിന് ഒരുക്കാന്‍ അവര്‍ക്ക് സാധിക്കും. ചിലപ്പോള്‍ പുതിയ ചില പരീക്ഷണങ്ങള്‍ കൊണ്ടുവന്ന് നിങ്ങളുടെ വിവാഹം തന്നെ പുതിയ ട്രെന്‍ഡിന്റെ വേദിയാക്കാനും അവര്‍ മടിക്കില്ല.